തിരുവനന്തപുരം: താര സംഘടന 'അമ്മ'യുടെ തലപ്പത്തേക്ക് പുതിയ ആളുകൾ വരണമെന്ന് മോഹൻലാൽ. സിനിമാ മേഖലയെ രക്ഷിക്കേണ്ടത് മാദ്ധ്യമങ്ങളുടെ കൂടി ഉത്തരവാദിത്തമാണെന്ന് അദ്ദേഹം പറഞ്ഞു. ഒറ്റ ദിവസം കൊണ്ട് താരങ്ങൾ എങ്ങനെയാണ് മാദ്ധ്യമങ്ങൾക്ക് അന്യരായതെന്നും മോഹൻലാൽ ചോദിച്ചു.
'ഡബ്ല്യുസിസി, അമ്മ എന്നൊക്കെയുള്ള വിഷയങ്ങൾ വിടൂ. നിങ്ങൾ മലയാള സിനിമയെപ്പറ്റി സംസാരിക്കൂ. ഒരുപാട് സംഘടനകളില്ലേ. അവരുമായിട്ടൊക്കെ സംസാരിക്കൂ. അമ്മ എന്ന് പറയുന്ന സംഘടന ഇതിനൊക്കെ പ്രതികരിക്കണമെന്ന് പറഞ്ഞാൽ എങ്ങനെയാണ്?
കമ്മിറ്റി റിപ്പോർട്ടിൽ ഉള്ളത് ആരൊക്കൊണെന്നൊക്കെ അറിയട്ടേ. എന്നോട് ചോദിച്ചാൽ, ഞാൻ പവർ ഗ്രൂപ്പിലുള്ള ആളല്ല. എനിക്ക് അതിനെപ്പറ്റി അറിയില്ല. അറിയുമോ എന്ന് ചോദിച്ചാൽ, ഞാൻ ആദ്യമായിട്ടാണ് കേൾക്കുന്നത്. ആ റിപ്പോർട്ട് വരട്ടേ, നിങ്ങൾ വെയ്റ്റ് ചെയ്യൂ. എന്നെ കമ്മിറ്റി വിളിച്ചു, ഞാൻ പോയി സംസാരിച്ചിട്ടുണ്ട്. ആ റിപ്പോർട്ടിൽ അവർ പറയുന്ന കാര്യങ്ങൾ എനിക്കെങ്ങനെ അറിയാനാണ്. നിങ്ങൾക്കുള്ള അറിവാണ് എനിക്കും.'- മോഹൻലാൽ പറഞ്ഞു. സിനിമയിൽ മാത്രമല്ല, എല്ലാ മേഖലയിലും പ്രശ്നങ്ങളുണ്ടെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.
കുറ്റക്കാരുണ്ടെങ്കിൽ പുറത്തേക്ക് വരട്ടേയെന്നും പരാതിയുള്ളവർ പൊലീസിനെ അറിയിക്കണമെന്നും മോഹൻലാൽ പറഞ്ഞു. 'കുറ്റങ്ങളും തെറ്റുകളും ഉണ്ടാകാം. ഒരാളോ ഒരു സംഘടനയോ മാത്രം ക്രൂശിക്കപ്പെടരുത്'- മോഹൻലാൽ പറഞ്ഞു. മാദ്ധ്യമങ്ങളുടെ പല ചോദ്യങ്ങൾക്കും നടന് മറുപടി ഉണ്ടായിരുന്നില്ല. മലയാള സിനിമയെ തകർക്കരുതെന്ന അപേക്ഷയും മോഹൻലാൽ മുന്നോട്ടുവച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |