കൊൽക്കത്ത: ആർ.ജി.കർ മെഡിക്കൽ കോളജിൽ ഡോക്ടർ മാനഭംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ സർക്കാരിനെതിരെ വൻ പ്രതിഷേധം തുടരുന്നതിനിടെ ബംഗാളിൽ ഇന്നലെ മാത്രം സ്ത്രീകൾക്കെതിരെ നാല് അതിക്രമ കേസുകൾ റിപ്പോർട്ട് ചെയ്തു. ബിർഭും ജില്ലയിലെ ഇലംബസാർ ഹെൽത്ത് സെന്ററിൽ ശനിയാഴ്ച രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിനെ രോഗി ദുരുദ്ദേശ്യത്തോടെ സ്പർശിച്ചു. അത്യാഹിത വിഭാഗത്തിൽ ചികിത്സിച്ചപ്പോഴായിരുന്നു സംഭവം.കുടുംബത്തിനൊപ്പമാണ് രോഗി എത്തിയതെന്നും സലൈൻ കൊടുക്കാൻ തുടങ്ങിയപ്പോൾ സ്വകാര്യഭാഗങ്ങളിൽ സ്പർശിക്കുകയായിരുന്നെന്നും നഴ്സ് അറിയിച്ചു. അസഭ്യം പറയുകയും ചെയ്തു. രോഗിയെ പൊലീസ് അറസ്റ്റ് ചെയ്തു.ഹൗറ ജില്ലയിൽ ആശുപത്രി ജീവനക്കാരൻ പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ച ലാബ് ടെക്നീഷ്യൻ അമൻ രാജിനെ അറസ്റ്റുചെയ്തു. ന്യുമോണിയ ബാധയെത്തുടർന്ന് ശനിയാഴ്ച രാത്രി മാതാപിതാക്കൾക്കൊപ്പം ആശുപത്രിയിൽ എത്തിയ കുട്ടിയെ സി.ടി സ്‌കാൻ ചെയ്യാൻ ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നു. ഇതുപ്രകാരം ലാബിൽ എത്തിയ കുട്ടിയെ സ്‌കാനിംഗ് റൂമിലേക്ക് കയറ്റിയെങ്കിലും അൽപനേരത്തിനുശേഷം കുട്ടി നിലവിളിച്ച് പുറത്തേക്ക് ഓടി.ടെക്നീഷ്യൻ തന്നെ കടന്നുപിടിച്ചെന്ന് കീഴ്‌പ്പെടുത്താൻ ശ്രമിച്ചെന്നും കുട്ടി മാതാപിതാക്കളോട് പറഞ്ഞു.കൃഷ്ണനഗറിലും മദ്ധ്യഗ്രാമിലും പെൺകുട്ടികളെ മാനഭംഗപ്പെടുത്തി. കൃഷ്ണനഗറിൽ ബന്ധുവാണ് കുട്ടിയെ പീഡിപ്പിച്ചത്. പ്രതികളെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു.ഇതോടെ വിവിധയിടങ്ങളിൽ സർക്കാരിനെതിരെ പ്രതിഷേധം ശക്തമായി.
കൊൽക്കത്ത കൊലപാതകം: വിവരം
അറിയാൻ പ്രിൻസിപ്പൽ 50 മിനിട്ട് വൈകി
അന്നത്തെ പ്രിൻസിപ്പൽ സന്ദീപ് ഘോഷ് അറിയാൻ 40 മിനിട്ട് വൈകിയെന്ന് റിപ്പോർട്ട്. 15 ദിവസമായി സന്ദീപ് ഘോഷിനെ സി.ബി.ഐ ചോദ്യം ചെയ്തുവരികയാണ്. മെഡിക്കൽ കോളേജിനുള്ളിൽ ക്രൂര കുറ്റകൃത്യം നടന്നിട്ടും പ്രിൻസിപ്പലിനെ അത് അറിയിക്കാൻ 50 മിനിട്ട് വൈകിയത് എന്തുകൊണ്ടെന്ന അന്വേഷണത്തിലാണ് സി.ബി.ഐ.
നുണപരിശോധനയ്ക്ക് ഉൾപ്പെടെ സന്ദീപ് ഘോഷ് വിധേയനായിരുന്നു. എന്നിട്ടും അന്വേഷണ സംഘത്തിന് ഇതിനുപിന്നിലെ കാരണം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.നിലവിൽ തന്റെ ഭാഗത്ത് വീഴ്ചകൾ സംഭവിച്ചില്ലെന്നാണ് സന്ദീപ് ഘോഷ് ആവർത്തിക്കുന്നതെന്നാണ് വിവരം. കൊല്ലപ്പെട്ട ഡോക്ടറുടെ മാതാപിതാക്കളെ വിളിച്ച് ആത്മഹത്യയാണെന്നു തെറ്റിദ്ധരിപ്പിച്ചത് ആശുപത്രി അധികൃതരാണെന്നാണ് ഇയാൾ പറയുന്നത്. വിവരം പ്രിൻസിപ്പലിനോട് പറയുന്നതിനു മുമ്പേ മാതാപിതാക്കളെ വിളിച്ച് ആത്മഹത്യയാണെന്ന് പറഞ്ഞു. കുറ്റകൃത്യത്തെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ലെങ്കിൽ പ്രിൻസിപ്പലിന്റെ സഹായികളെങ്ങനെ സെമിനാർ ഹാളിൽ എത്തി തുടങ്ങിയ കാര്യങ്ങൾ സി.ബി.ഐ അന്വേഷിക്കുകയാണ്. കുറ്റകൃത്യം നടന്ന സ്ഥലത്ത് ആരെയും കയറ്റാതിരിക്കാനുള്ള ശ്രമം കുറഞ്ഞത് 40 മിനിറ്റോളം നടത്താതിരുന്നതിനെക്കുറിച്ചും ഇതുവരെ സി.ബി.ഐക്ക് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നാണു വിവരം. ആഗസ്റ്റ് 9ന് രാവിലെ 9.30നാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ 10.20നാണ് സംഭവം അറിയുന്നതെന്നാണ് സന്ദീപ് ഘോഷിന്റെ മൊഴി. 10ന് വിളിച്ചപ്പോൾ കുളിക്കുകയായിരുന്നതിനാൽ ഫോൺ എടുക്കാനായില്ല. 10.20ന് തിരികെ വിളിച്ചപ്പോഴാണ് കാര്യം അറിയുന്നത്. സ്ഥലത്തേക്ക് പോകുംവഴി പൊലീസിൽ വിളിച്ചു റിപ്പോർട്ട് ചെയ്‌തെങ്കിലും പൊലീസ് സംഘം സ്ഥലത്തെത്തിയെന്ന അറിയിപ്പു കിട്ടി. പിന്നാലെ മെഡിക്കൽ സൂപ്രണ്ട്, ചെസ്റ്റ് മെഡിസിൻ വിഭാഗം തലവൻ, രോഗി കല്യാൺ സമിതി ചെയർമാൻ എന്നിവരെയും വിളിച്ചു.11ന് ഓഫീസിലെത്തി. 10.10നാണ് ആശുപത്രിയിൽ നിന്ന് പൊലീസിനെ വിവരം അറിയിക്കുന്നതെന്നും ദേശീയമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |