വിജയവാഡ: കനത്ത മഴയിൽ ആന്ധ്രാപ്രദേശിൽ വൻ നാശനഷ്ടം. വെള്ളപ്പൊക്കത്തിലുൾപ്പെടെ മരണം 10 ആയി. അസ്‌ന ചുഴലിക്കാറ്റിന്റെ കൂടി പശ്ചാത്തലത്തിൽ ശക്തമായ മഴ തുടർന്നേക്കും. വിജയവാഡ, ഗുണ്ടൂർ തുടങ്ങി നിരവധി ജനവാസ മേഖലകൾ വെള്ളത്തിനടിയിലായി. ജനജീവിതം താറുമാറായി.
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദത്തിന്റെ ഫലമായി വിവിധ പ്രദേശങ്ങളിൽ കനത്ത മഴ തുടരുകയാണ്. വിജയവാഡയിലെ മൊഗൽരാജപുരത്തുണ്ടായ മണ്ണിടിച്ചിലിൽ അഞ്ച് പേർ മരിക്കുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.രണ്ട് പതിറ്റാണ്ടിനിടയിലെ ഉയർന്ന മഴയാണ് വിജയവാഡയിൽ ലഭിച്ചതെന്ന് അധികൃതർ അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ അഞ്ച് ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. മഴ സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നു. ജനങ്ങൾക്ക് സുരക്ഷ ഉറപ്പാക്കണമെന്നും എല്ലാ വകുപ്പുകളും അതീവജാഗ്രത പുലർത്തണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു. കനത്ത മഴ തുടരുന്ന പ്രദേശങ്ങളിലെ വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴ തുടരുന്ന തെലങ്കാനയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണ്. വിവിധ പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. നടപടികൾ വേഗത്തിലാക്കാൻ ജില്ലാ കളക്ടർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
പ്രളയസമാന സാഹചര്യം തുടരുന്ന ഗുജറാത്തിൽ അടുത്ത ആഴ്ച കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
അജ്വ അണക്കെട്ടിൽ നിന്ന് വിശ്വാമിത്രി നദിയിലേക്ക് വെള്ളം തുറന്നുവിട്ടതോടെ നഗരത്തിന്റെ പല ഭാഗങ്ങളിലും എട്ട് അടി വരെ ജലനിരപ്പ് ഉയർന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |