ഓണക്കാലമാണ്.... വ്യാജന്മാരെ സംബന്ധിച്ച് ചാകരക്കാലവും. സദ്യ മുമ്പിലെത്തുമ്പോൾ പപ്പടത്തിന്റെ രൂപത്തിൽ വ്യാജന്മാരും ഇടംപിടിക്കുന്ന കാലമാണിപ്പോൾ. ഇലയിലുള്ളത് ഉഴുന്നും പപ്പടക്കാരവും ഉപ്പും വെള്ളവും മാത്രം ചേരുന്ന യഥാർത്ഥ പപ്പടമാവണമെന്നില്ല. പപ്പടക്കൂട്ടത്തിൽ വ്യാജന്മാർ അത്രകണ്ട് വ്യാപകമായിക്കഴിഞ്ഞിരിക്കുന്നു. ഓണക്കാലമായതോടെ വ്യാജ പപ്പടത്തെ കുറിച്ച് ഭക്ഷ്യ സുരക്ഷാവകുപ്പും മുന്നറിയിപ്പ് നൽകുന്നുണ്ട്.
വ്യാജന്മാർക്കൊപ്പം മെഷീൻ പപ്പടങ്ങളും സജീവമായതോടെ പപ്പട നിർമാണത്തിലെ കുലത്തൊഴിൽ അന്യമാവുകയാണ്. പപ്പടത്തേക്കാൾ വിലയാണ് സാധനങ്ങൾക്ക്. ഇപ്പോൾ ഒരു പപ്പടത്തിന് രണ്ട് രൂപ നിരക്കിൽ വിറ്റാലെ മുതലാകൂയെന്നാണ് വർഷങ്ങളായി ഈ മേഖലയിലുള്ളവർ പറയുന്നത്.
സർവ്വത്ര മായം, തടികേടാക്കും...
ഉഴുന്നിന്റെ വില കിലോയ്ക്ക് 140ൽ എത്തിയതോടെ പലരും പപ്പടമാവിൽ നിന്ന് 40 രൂപ വിലയുള്ള മൈദയിലേക്ക് മാറി. പക്ഷേ, പൊടിച്ചുകഴിക്കുന്നതിനൊപ്പം ആരോഗ്യപ്രശ്നങ്ങളും വിരുന്നുവരും. 100 ഗ്രാം ഉഴുന്നിൽ 18-25 ശതമാനം പ്രോട്ടീനുണ്ട്. ഇത് 100 ഗ്രാം മുട്ടയെക്കാളും പാലിനെക്കാളും ഇരട്ടിയാണ്. ഒരു കിലോ ഉഴുന്നുകൊണ്ട് ഏകദേശം 250 മുതൽ 300 വരെ പപ്പടമുണ്ടാക്കാം. പപ്പടക്കാരത്തിന് പകരം അലക്കുകാരം ഇടംപിടിക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്നത്തിന് കാരണമാകും. പരമ്പരാഗത മേഖലയിൽ പണിയെടുക്കുന്നവർ വെയിലത്തുവച്ചാണ് പപ്പടം ഉണക്കുന്നത്.
ഉത്പാദനം കുറഞ്ഞു
മഴയെത്തിയതോടെ ഉത്പാദനം കുറഞ്ഞു. യന്ത്രങ്ങളുപയോഗിച്ച് നിർമ്മിച്ച് പായ്ക്ക് ചെയ്ത പപ്പടങ്ങളുടെ കടന്നുവരവും പരമ്പരാഗത മേഖലയ്ക്ക് ക്ഷീണമായി. ജോലിഭാരവും തൊഴിലാളികളുടെ കുറവും കാരണമാണ് പലരും യന്ത്രങ്ങളിലേക്ക് തിരിഞ്ഞത്.
ഇനി ശ്രദ്ധിക്കാൻ
വൻ ഓഫറിലുള്ള പപ്പടങ്ങൾ തിരഞ്ഞെടുക്കാതിരിക്കുക
ഓഫർ വിലയ്ക്ക് ഒരിക്കലും നല്ല പപ്പടം വിൽക്കാൻ കഴിയില്ല
പരമാവധി പരമ്പരാഗത രീതിയിലുള്ളവരെ സമീപിക്കുക
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |