പൊണ്ണത്തടി കുറയക്കുന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്നാണ് പലരുടെയും ധാരണ. എന്നാൽ അച്ചടക്കവും സ്ഥിരതയും ക്ഷമയുമുണ്ടെങ്കിൽ ഏതൊരാൾക്കും പെട്ടെന്ന് പൊണ്ണത്തടി കുറയ്ക്കാൻ കഴിയും. ഫലം പതുക്കെയാണെങ്കിലും മികച്ച രീതിയിൽ തന്നെ നിങ്ങൾക്കത് അനുഭവപ്പെടാനും തുടങ്ങും.
ഹോർമോണുകളുടെ വ്യതിയാനം, ഉറക്കക്കുറവ്, സമ്മർദ്ദം, മാനസികാസ്വാസ്ഥ്യം തുടങ്ങിയവ നിങ്ങളുടെ പൊണ്ണത്തടി കുറയ്ക്കുന്നതിന് വിലങ്ങു തടിയാകും. ഈ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെങ്കിൽ ആരും വിഷമിക്കേണ്ട. ന്യൂട്രീഷൻ വിദഗ്‌ദ്ധ ലവ്നീത് ബത്ര നൽകുന്ന ഈ ഉപദേശങ്ങൾ കേട്ടുനോക്കൂ.
അരവണ്ണം കുറയ്ക്കുന്നതിന് വ്യായാമം മാത്രമല്ല പോംവഴിയെന്ന് ലവ്നീത് ബത്ര തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ പറയുന്നു. "ലളിതമായ ഹോം ഡയറ്റ് പിന്തുടരുന്നതിലൂടെ നിങ്ങളുടെ 95ശതമാനം കൊഴുപ്പും കത്തിച്ചുകളയാൻ കഴിയുമെന്നാണ് ലവ്നീത് ബത്ര വ്യക്തമാക്കുന്നത്. ഇതിനായി അഞ്ച് കാര്യങ്ങളാണ് ഇവർ നിങ്ങൾക്കായി പരിചയപ്പെടുത്തുന്നത്.
1. കൃത്യമായ അളവിൽ ഭക്ഷണം കഴിക്കുക
കൃത്യമായ അളവിൽ കലോറി അടങ്ങിയ ഭക്ഷണം കഴിക്കുക. എന്നാൽ അവ സുസ്ഥിരമായിരിക്കണം. സ്വയം പട്ടിണി കിടക്കുന്നത് നിങ്ങളുടെ മെറ്റബോളിസത്തെ സാവധാനത്തിലാക്കുകയും ശരീരഭാരം വീണ്ടും വർദ്ധിപ്പിക്കാൻ ഇടയാക്കുകയും ചെയ്യുമെന്നാണ് ലവ്നീത് ബത്ര പറയുന്നത്. ഭക്ഷണത്തിൽ അമിതമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന് പകരം, കുറഞ്ഞ അളവിലുള്ള നിയന്ത്രണത്തിലൂടെ പോഷകസമൃദ്ധമായ ആഹാരം ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ശരീരത്തിന് ഊർജ്ജം നൽകാൻ ആവശ്യമായത്ര ഭക്ഷണം മാത്രം കഴിക്കുക.
2. ആവശ്യത്തിന് പ്രോട്ടീൻ
ശരീരഭാരം നിയന്ത്രിക്കുന്നതിൽ പ്രോട്ടീൻ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. കൊഴുപ്പ് കുറയ്ക്കുന്നതിനുള്ള ഏതൊരു യാത്രയിലും പ്രോട്ടീൻ വിഭവങ്ങൾ നിങ്ങളുടെ ഉറ്റ ചങ്ങാതിയാണ്. ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട പ്രധാനപ്പെട്ട പ്രോട്ടീൻ വിഭവങ്ങളാണ് മുട്ട, പയർ, പനീർ, ചിക്കൻ തുടങ്ങിയവ പോലുള്ളവ.
3. ഭക്ഷണക്രമത്തിൽ കൂടുതൽ നാരുകൾ ചേർക്കുക
നാരുകൾ നിങ്ങളുടെ ദഹനത്തെ സുഗമമായി നിലനിർത്തും. ഭക്ഷത്തോടുള്ള അമിതമായ ആർത്തിയെ നിയന്ത്രിക്കുകയും, വയറിലെ കൊഴുപ്പ് കുറയ്ക്കുന്നതിനും സഹായിക്കും. പഴങ്ങൾ, പച്ചക്കറികൾ, പയർവർഗ്ഗങ്ങൾ, വിത്തുകൾ, ധാന്യങ്ങൾ തുടങ്ങിയ നാരുകളടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
4. ആരോഗ്യപരമായ ഉറക്കത്തിന് പ്രാധാന്യം നൽകുക
ഉറക്കവും ശരീര ഭാരവും തമ്മിൽ ബന്ധമുണ്ട്. ഉറക്കക്കുറവ് പൊണ്ണത്തടിക്ക് കാരണമായേക്കാം. ദിവസവും എട്ടു മണിക്കൂർ ഉറക്കം ലഭിക്കുന്ന ഒരാൾക്ക് വിശപ്പ് നിയന്ത്രിക്കാൻ സാധിക്കും, ഇത് അനാവശ്യ കൊഴുപ്പ് കത്തുന്നതിനും മികച്ച ഹോർമോൺ ബാലൻസിംഗിനും സഹായിക്കും.
5. കൂടുതൽ നടക്കുക, കുറച്ച് ഇരിക്കുക
പതിവായി വ്യായാമം ചെയ്താലും ആറ് മണിക്കൂറിൽ കൂടുതൽ ഇരുന്നുള്ള ജോലി കൊഴുപ്പ് കൂടുന്നതിന് ഇടയാക്കും. പ്രഭാതത്തിൽ എഴുന്നേറ്റ ശേഷം ഒരു മണിക്കൂറെങ്കിലും നടക്കണം. ദിവസവും ചെയ്യുന്ന വ്യായാമം മുടക്കാതിരിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |