കണ്ണൂർ: ഓണപ്പൂക്കളമിടാൻ മലയാളികൾ അന്യസംസ്ഥാനങ്ങളിലെ പൂക്കർഷകരെ ആശ്രയിച്ചിരുന്ന കാലം അവസാനിക്കുന്നു. കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിനടുത്തുള്ള കരിമ്പം സർക്കാർ ഫാമിലെ വിപ്ലവകരമായ പരീക്ഷണങ്ങളാണ് ഇതിലേക്ക് നയിച്ചത്. ഓണക്കാലത്ത് കേരളത്തിലെ 4050 കോടി രൂപയുടെ പൂക്കച്ചവടത്തിന്റെ ഭൂരിഭാഗവും അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള പൂക്കൾ ആയിരുന്നു. കോയമ്പത്തൂർ, തോവാള, കർണാടകയിലെ ഗുണ്ടൽപ്പേട്ട്, മൈസൂർ എന്നിവിടങ്ങളിലെ കർഷകർ ഓണത്തിന് മൂന്നാലു മാസം മുമ്പാണ് കൃഷിയുടെ തയ്യാറെടുപ്പുകൾ ആരംഭിച്ചിരുന്നത്. കോയമ്പത്തൂരിൽ നിന്ന് മാത്രം വർഷാവർഷം 20 മുതൽ 25 ടൺ വരെ പൂക്കൾ ഓണക്കാലത്ത് കേരളത്തിലെത്തിയിരുന്നു.
2023ൽ 1870 വനിതാ കർഷക സംഘങ്ങൾ സംസ്ഥാനത്ത് 870 ഏക്കർ സ്ഥലത്ത് പൂക്കൃഷി നടത്തുകയും 2024ൽ 3000 കുടുംബശ്രീ സംഘങ്ങൾ 1301.53 ഏക്കർ സ്ഥലത്ത് പൂക്കൃഷി നടത്തുകയും ചെയ്തു. ഇതിന്റെ ഫലമായി 2024ൽ കോയമ്പത്തൂരിൽ നിന്ന് 15 ടൺ മാത്രമാണ് പൂക്കളെത്തിയത്. 376.49 ടൺ പൂക്കൾ കേരളത്തിൽ തന്നെ ഉത്പാദിപ്പിക്കുകയും 2000 ഓണച്ചന്തകൾ വഴി വിതരണം ചെയ്യുകയും ചെയ്തു.
കരിമ്പം ഫാമിന്റെ സംഭാവന
120 വർഷത്തെ പഴക്കമുള്ള ഇന്ത്യയിലെ ഏറ്റവും പഴയ ഫാമുകളിൽ ഒന്നായ കരിമ്പം ഫാമിന്റെ 56.35 ഹെക്ടറിൽ വ്യാപിച്ചുകിടക്കുന്ന കൃഷിത്തോട്ടത്തിൽ ഇത്തവണ രണ്ട് ലക്ഷം ഹൈബ്രിഡ് തൈകൾ ഉത്പാദിപ്പിച്ചു. ഇതിൽ 82,500 ചെണ്ടുമല്ലിച്ചെടികളും 27,500 വാടാമല്ലിച്ചെടികളും ജില്ലാ പഞ്ചായത്തിന്റെ ഓണത്തിന് ഒരു കൊട്ടപ്പൂവ് പദ്ധതിയിലൂടെ വിതരണം ചെയ്തിട്ടുണ്ട്.
ഫാമിൽ ഉത്പാദിപ്പിച്ച ചെണ്ടുമല്ലിയുടെ ഹൈബ്രിഡ് ഇനങ്ങളിൽ മഞ്ഞനിറത്തിലുള്ള ടെന്നീസ് ബോൾ എന്ന വിളിപ്പേരുള്ള ഇനവും ഓറഞ്ച് നിറത്തിലുള്ള ബുഷ് ഓറഞ്ച് ചെടികളും ബഡീ പർപ്പിൾ വാടാമല്ലി തൈകളുമാണ് പ്രധാനം. പാലക്കാടിൽ നിന്ന് വിത്തെത്തിച്ച് ചകിരിച്ചോറും മണ്ണും ഉപയോഗിച്ച് ഒരു മാസം വളർത്തിയ കീടരോഗ പ്രതിരോധശേഷിയുള്ള ചെടികളാണ് തയ്യാറാക്കിയത്. മൂന്നുമാസം കൊണ്ട് വിളവെടുക്കാൻ കഴിയുന്ന രീതിയിലാണ് ഈ ചെടികൾ വികസിപ്പിച്ചിരിക്കുന്നത്. 50,000 ചെണ്ടുമല്ലിച്ചെടികളും 20,000 വാടാമല്ലിച്ചെടികളും കൂടി ഫാമിൽ വിൽപ്പനയ്ക്കുണ്ട്. മൂന്ന് മാസം കൊണ്ട് വിളവെടുക്കാം.
കൃഷി രീതി
സൂര്യപ്രകാശം ലഭിക്കുന്ന ജൈവസമ്പുഷ്ടമായ മണ്ണിൽ കുമ്മായമിട്ട് നിലമൊരുക്കിയാണ് തൈകൾ പറിച്ചുനടേണ്ടത്. രണ്ടടി വീതിയിലുള്ള കുഴിയിൽ രണ്ടടി അകലം പാലിച്ച് ചെടികൾ നടണം. അടിവളമായി ചാണക കമ്പോസ്റ്റും ഒരു സെന്റിൽ 80 കിലോ ചാണകപ്പൊടിയും ഒരു കിലോ യൂറിയയും നൽകാം. ഒന്നരമാസം കഴിയുമ്പോൾ ചെടിയുടെ തലപ്പത്ത് നുള്ളിക്കൊടുക്കുന്നത് ധാരാളം ശാഖകൾ വരാൻ സഹായിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |