ആലുവ: ചൂർണിക്കര പഞ്ചായത്തിലെ കുന്നത്തേരി സഡക്ക് - ചവർപാടം റോഡ് കേന്ദ്രീകരിച്ച് നടക്കുന്ന ലഹരി ഉപയോഗത്തിനും കച്ചവടത്തിനുമെതിരെ നിലപാട് സ്വീകരിച്ച പഞ്ചായത്തംഗത്തെ ലഹരി മാഫിയ നടുറോഡിൽ ആക്രമിച്ചു. മുഖത്തും നടുവിനും പരിക്കേറ്റ 11 -ാം വാർഡ് മെമ്പർ കെ.കെ. ശിവാനനന്ദനെ (52) ആലുവ കാരോത്തുകുഴി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കുന്നത്തേരി മീന്തറക്കൽ വീട്ടിൽ അനൂപ് (38)നെതിരെ ആലുവ പൊലീസ് കേസെടുത്തു.
ഇന്നലെ രാവിലെ എട്ടരയോടെ കുന്നത്തേരി കവലയിലാണ് സംഭവം. കടയിൽ നിന്നും സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് പോകുകയായിരുന്ന ശിവാനന്ദനെ വഴിയിൽ തടഞ്ഞുനിർത്തിയ പ്രതി ആദ്യം ഒരു കവർ നൽകി. തുടർന്ന് ഫോട്ടോയെടുക്കണമെന്ന് ആവശ്യപ്പെട്ടു. നടുറോഡിൽ വച്ച് കവർ തന്നത് എല്ലാവരും കണ്ടിട്ടുണ്ടല്ലോയെന്ന് പറഞ്ഞപ്പോൾ പെടുന്നനെ ശിവാനന്ദന്റെ മുഖത്ത് ഇടിക്കുകയായിരുന്നു.
തുടർന്ന് പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. അബോധാവസ്ഥയിലായ ശിവാനന്ദനെ നാട്ടുകാർ ആദ്യം ആലുവ ജില്ലാ ആശുപത്രിയിലും പിന്നീട് കാരോത്തുകുഴിയിലേക്കും മാറ്റുകയായിരുന്നു.
കുന്നത്തേരിയിലെ സ്ഥിരം ശല്യക്കാരനായ പ്രതി അനൂപ് കഴിഞ്ഞദിവസം പഞ്ചായത്ത് ഹെൽത്ത് സെന്ററിലെ ആംബുലൻസിനും ബഡ്സ് സ്പെഷ്യൽ സ്കൂൾ ബസിനും കേടുപാട് വരുത്തിയതായും ആക്ഷേപമുണ്ട്. സമീപവാസിയുടെ പച്ചക്കറിക്കടക്ക് തീയിടുകയും പലചരക്ക് കടയിലെ അരി ചാക്കുകൾ കുത്തി കീറുകയും ചെയ്തതായും പരാതിയുണ്ട്. കെ.കെ. ശിവാനന്ദനെ മർദ്ദിച്ച ഗുണ്ടക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കുന്നത്തേരിയിൽ രാത്രി സർവകക്ഷി യോഗം ചേർന്നു.
ചവർപാടത്തെ ലഹരിക്കച്ചവടം
ചൂർണിക്കര ചവർപ്പാടം - സഡക്ക് റോഡ് കേന്ദ്രീകരിച്ച് ലഹരിക്കച്ചവടവും ഗുണ്ടാവിളയാട്ടവും വ്യാപകമാണ്. പൊലീസ് പട്രോളിംഗ് ഉണ്ടെങ്കിലും ഗുണ്ടാവിളയാട്ടത്തിന് കാര്യമായ കുറവൊന്നുമില്ല. ചവർപ്പാട് പാടശേഖരത്തിൽ കൂടി കടന്നുപോകുന്ന സടക്ക് റോഡ് അമ്പാട്ടുകാവ്, മുട്ട, കുന്നത്തേരി കോമ്പാറ, എടത്തല ഭാഗങ്ങളിൽ നിന്നുള്ളവർക്ക് എളുപ്പത്തിൽ ദേശീയപാതയിൽ പ്രവേശിക്കാവുന്ന വഴിയാണ്.
ഹെൽത്ത് സെന്ററിലേക്ക് രോഗികൾക്കും സ്ത്രീകൾക്കും വൃദ്ധർക്കും ഇതുവഴി പോകാൻ ഭയമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |