
ഗുരുവായൂർ: ഗുരുവായൂരിൽ രണ്ട് വീടുകളിൽ മോഷണശ്രമം. ചൂൽപ്പുറം എം.ജെ. റോഡിലെ രണ്ട് വീടുകളിലാണ് മോഷണശ്രമം നടന്നത്. ഗൾഫിലുള്ള മാറോക്കി മിനി ടോമിയുടെ വീട്ടിലാണ് മോഷ്ടാവ് ആദ്യം കയറിയത്. ഫ്യൂസ് ഊരി വലിച്ചെറിഞ്ഞ ശേഷം അടുക്കള വാതിൽ കുത്തി തുറന്ന് അകത്ത് കടന്ന കള്ളൻ അലമാരകളെല്ലാം തുറന്ന് വാരിവലിച്ചിട്ടു. അടുക്കളയിലുണ്ടായിരുന്ന മുട്ടയെടുത്ത് ഓംലെറ്റ് ഉണ്ടാക്കി കഴിച്ചു. അവിടെ നിന്നിറങ്ങിയ കള്ളൻ ഏകദേശം 300 മീറ്റർ അകലെയുള്ള വലിയപുരക്കൽ വിബിനന്റെ വീട്ടിലാണ് കയറിയത്. മുൻവശത്തെ വാതിൽ പൊളിച്ചാണ് കള്ളൻ അകത്തേക്ക് കയറിയത്. എന്നാൽ വീട്ടിൽ കള്ളൻ കയറിയ വിവരം സി.സി.ടി.വിയിലൂടെ മൊബൈൽ ഫോണിൽ അറിഞ്ഞ വിബിനൻ ഭാര്യയെ വിളിച്ച് വിവരം അറിയിച്ചു. ഉടൻ തന്നെ ഗുരുവായൂർ പൊലീസിലും വിവരം നൽകി. ഉടൻ തന്നെ വീട്ടുകാരും പൊലീസും സ്ഥലത്തെത്തി. വാതിൽ പൊളിക്കാൻ ഉപയോഗിച്ച പാരയും വെട്ടുകത്തിയുമെല്ലാം ഉമ്മറത്ത് കിടന്നിരുന്നു. പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |