കൊച്ചി: വിരമിച്ചതിനു പിറ്റേന്ന് ഭരതനാട്യം പഠിക്കാൻ ചിലങ്ക കെട്ടി. രണ്ടാമത്തെ ബിരുദാനന്തര ബിരുദം, കൗൺസലിംഗ് കോഴ്സുകളിലും ചേർന്നു. സിനിമാ അഭിനയം, എഴുത്ത്, വയലിൻ എന്നിവയിലും സജീവം. തിരുവാതിരയ്ക്ക് പിന്നാലെ കഥകളി പഠിക്കാൻ ഒരുങ്ങുന്നു. സ്കൂൾ അദ്ധ്യാപികയായി ആരംഭിച്ച് എറണാകുളം മഹാരാജാസ് കോളേജ് പ്രൊഫസറായി വിരമിച്ച ഡോ.സി. രാധാമണി റിട്ടയർമെന്റ് ജീവിതം ഉത്സവമാക്കുകയാണ്.
വിരമിക്കൽ ദിനമായിരുന്ന 2023 മേയ് 31ന് ഉണരുമ്പോൾ ജീവിതം അവസാനിച്ചതായാണ് ഡോ. രാധാമണിക്ക് തോന്നിയത്. ഇനിയെന്തെന്ന ചിന്ത പഴയമോഹങ്ങളെ ഉണർത്തി. പിറ്റേന്ന് തൃക്കാക്കര നടനാലയയിൽ ലളിതാംബാളുടെ ശിഷ്യയായി ഭരതനാട്യം പഠിക്കാൻ ചേർന്നു. ഈ മാസം ആറിന് തൃക്കാക്കര മഹാദേവ ക്ഷേത്രത്തിൽ അരങ്ങേറ്റമാണ്.
മഞ്ജു രമേശിന്റെ കീഴിൽ തിരുവാതിര, സെമി ക്ളാസിക്കൽ നൃത്തം എന്നിവയും പഠിക്കുന്നു. കഥകളിയും മോഹിനിയാട്ടവും കൂടി പഠിക്കാനാണ് 57 കാരിയായ രാധാമണിയുടെ തീരുമാനം.
ഹിന്ദിയിൽ ബിരുദാനന്തരബിരുദവും ഡോക്ടറേറ്റുമുള്ള രാധാമണി ഇഗ്നോയിൽ എം.എ സൈക്കോളജി വിദ്യാർത്ഥിനിയുമാണ്. ഇതിനിടെ കൗൺസലിംഗ് കോഴ്സും വിജയിച്ചു. പൊലീസ് അക്കാഡമിയിലുൾപ്പെടെ ലൈഫ് സ്‌കിൽ ക്ളാസെടുക്കുന്നുണ്ട്. ഒരുവർഷത്തിനിടെ മൂന്നു സിനിമകളിൽ അഭിനയിച്ചു.
മലപ്പുറം വള്ളിക്കുന്നിലെ സാധാരണ കുടുംബാംഗമായ രാധാമണി ഹിന്ദി ടീച്ചേഴ്സ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലാണ് ജോലി ആരംഭിച്ചത്. 2000ൽ ഹയർ സെക്കൻഡറി സ്‌കൂൾ അദ്ധ്യാപികയായി. 2012ൽ അട്ടപ്പാടി സർക്കാർ കോളേജിൽ അദ്ധ്യാപികയായി. 2013ൽ മഹാരാജാസ് കോളേജിലെത്തി. കോഴിക്കോട്, തൃപ്പൂണിത്തുറ സർക്കാർ കോളേജുകളിലും പ്രവർത്തിച്ചു. 2021ൽ വീണ്ടും മഹാരാജാസിലെത്തി.
അഞ്ചു പുസ്തകങ്ങൾ രചിച്ചു. ഹിന്ദി കവിതാസമാഹം പുറത്തിറക്കാനുള്ള ഒരുക്കത്തിലാണ്. മലയാളത്തിൽ കഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഹിന്ദി സാഹിത്യമണ്ഡലം സെക്രട്ടറിയുമാണ്.
കൊച്ചി സർവകലാശാലയുടെ ഹിന്ദി വിഭാഗം പ്രൊഫസറും താത്കാലിക വൈസ് ചാൻസലറുമായിരുന്ന ഡോ.ആർ. ശശിധരനാണ് ഭർത്താവ്. മകൻ അങ്കിത് ശിശിറും മരുമകൾ ഡോ. ഹിമയും പേരക്കുട്ടികളായ വിഹാർ ശിശിർ, റിഹാൻ ശിശിർ എന്നിവരും ഉൾപ്പെട്ടതാണ് കുടുംബം.
''മനസുണ്ടെങ്കിൽ എന്തും സാദ്ധ്യമാണ്. ദിനചര്യ കൃത്യമായി ആസൂത്രണം ചെയ്യുന്നതിനാൽ എല്ലാത്തിനും സമയമുണ്ട്. പിരിമുറുക്കം ഒഴിവാക്കി പറ്റുന്നതെല്ലാം ചെയ്യുകയാണ് എന്റെ രീതി.""
ഡോ.സി. രാധാമണി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |