ജനം കൈയടിക്കുന്ന എല്ലാ വിഷയങ്ങളും ശരിയാണെന്നു പറയാനാവില്ല. അതിലൊന്നാണ് ക്രിമിനൽ കേസ് പ്രതികളുടെ വീടുകൾ ബുൾഡോസർ ഉപയോഗിച്ച് തർക്കുന്ന സംഭവങ്ങൾ. യു.പിയിലാണ് ഇത് കൂടുതലും നടന്നിട്ടുള്ളത്. മദ്ധ്യപ്രദേശിലും ബീഹാറിലുമൊക്കെ ഇത് ആവർത്തിക്കപ്പെടുകയും ചെയ്‌തിട്ടുണ്ട്. ബുൾഡോസർ രാഷ്ട്രീയം എന്ന പേരിൽ അഭിമാനപൂർവം ചിലർ ഇത് പൊതുവേദികളിൽ അവതരിപ്പിക്കുകയും ചെയ്‌തിട്ടുണ്ട്. ഏതു നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ഇവർ കുറ്റവാളിയുടെ വീട് ഇടിച്ചുനിരത്തുന്നത്? കുറ്റവാളിയായി ആരോപിക്കപ്പെടുന്ന ആളിന്റെ കുറ്റം ചെയ്യാത്ത ഭാര്യയും മക്കളും മാതാപിതാക്കളുമൊക്കെ താമസിക്കുന്ന വീടാണ് പൊലീസിന്റെ നേതൃത്വത്തിൽ സർക്കാർ പൊളിച്ചുകളയുന്നത്.
ഭാരതത്തിന്റെ സംസ്കാരമനുസരിച്ചും ഇത് അംഗീകരിക്കാവുന്ന കാര്യമല്ല. വാത്‌മീകിയായി മാറിയ രത്‌നാകരന്റെ കഥയിൽ നിന്ന് നമുക്ക് മനസിലാക്കാവുന്നത് ഭാര്യയ്ക്കും മക്കൾക്കും വേണ്ടിയാണ് മോഷണം നടത്തുന്നതെങ്കിലും അതിന്റെ പാപം സ്വയം അനുഭവിക്കണമെന്നും അവർ പങ്കിടില്ലെന്നതുമാണ്. ഇന്ത്യൻ നിയമ വ്യവസ്ഥയിലും കുറ്റം ചെയ്യുന്നവരെ മാത്രമേ ശിക്ഷിക്കാൻ വകുപ്പുള്ളൂ. അല്ലാതെ കുറ്റവാളിയുടെ ഭാര്യയെയും മക്കളെയും കൂടി അകത്തിടണമെന്ന് എങ്ങും പറഞ്ഞിട്ടില്ല. അതിനാൽ ക്രിമിനൽ കേസ് പ്രതികളുടെ വീടുകൾ ബുൾഡോസർ ഉപയോഗിച്ച് തകർക്കുന്ന സംഭവങ്ങൾ വിവരവും വിവേകവും ജനാധിപത്യ മൂല്യബോധങ്ങളും പുലർത്തുന്ന ആർക്കും അംഗീകരിക്കാനാവില്ല.
രാഷ്ട്രീയക്കാർ അവർക്ക് അധികാരമില്ലാത്ത ഏതു മേഖലയിലേക്കും കടന്നുകയറാനും നിയമവിരുദ്ധമായ പല കാര്യങ്ങളും നാട്ടുനടപ്പാക്കി മാറ്റാനും സാമർത്ഥ്യമുള്ളവരാണ്. ജനാധിപത്യത്തെ അട്ടിമറിക്കാൻ ഉപയോഗിക്കപ്പെടുന്ന ടെസ്റ്റ് ഡോസുകളാണ് ബുൾഡോസർ നടപടികൾ. ജനാധിപത്യത്തെ അട്ടിമറിച്ച് ഏകാധിപത്യം ചുവടുറപ്പിക്കുന്നതിന്റെ തുടക്കമാണ് ഇത്തരം സംഭവങ്ങൾ. ഒരു പരിഷ്‌കൃത രാജ്യം ഒരിക്കലും അനുവദിച്ചുകൂടാത്തതാണത്. കഴിഞ്ഞ ദിവസം സുപ്രീംകോടതി നടത്തിയ നിരീക്ഷണം ഈ നടപടികൾ ഒഴിവാക്കാൻ ഇടയാക്കുമെന്ന് കരുതാം. ക്രിമിനൽ കേസ് പ്രതികളുടെ വീടുകൾ ബുൾഡോസർ ഉപയോഗിച്ച് തകർക്കുന്നത് ശരിയല്ലെന്നാണ് സുപ്രീംകോടതി ചൂണ്ടിക്കാട്ടിയത്. ഇക്കാര്യത്തിൽ രാജ്യവ്യാപകമായി നടപ്പാക്കാനുള്ള മാർഗരേഖയുണ്ടാക്കണമെന്ന് ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, കെ.വി. വിശ്വനാഥൻ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.
2022 ഏപ്രിലിൽ ജഹാംഗീർപുരിയിലെ മുസ്ളിങ്ങളുടെ വീടുകൾ പൊളിച്ചുവെന്ന് ജാമിയത്ത് ഉലമ ഐ ഹിന്ദ് സംഘടനയ്ക്കു വേണ്ടി അഭിഭാഷകൻ ദുഷ്യന്ത് ദവെ കോടതിയിൽ ചൂണ്ടിക്കാട്ടുകയുണ്ടായി. എന്നാൽ ഇതു പൊളിച്ചത് അനധികൃത നിർമ്മാണത്തിന് നോട്ടീസ് അയച്ചതിനു ശേഷമാണെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. അതേസമയം കുറ്റാരോപിതനാണെന്ന കാരണത്താൽ വീട് പൊളിക്കാനാവില്ലെന്നു കാട്ടി യു.പി സർക്കാർ സത്യവാങ്‌മൂലം ഫയൽ ചെയ്തിട്ടുള്ളതായും സോളിസിറ്റർ ജനറൽ അറിയിച്ചു. അപ്പോൾ പ്രവൃത്തി നിയമവിരുദ്ധമാണെന്ന് യു.പി സർക്കാരിന് അറിയാമെന്നാണ് മനസിലാക്കേണ്ടത്. യു.പിയിൽ കുറ്റാരോപിതരായ ക്രിമിനൽ കേസ് പ്രതികളുടെ വീടുകൾ പൊളിക്കുന്നതിന്റെ നിരവധി ദൃശ്യങ്ങൾ വാർത്താമാദ്ധ്യമങ്ങളിൽ വന്നിട്ടുള്ളതാണ്. ഇന്ന് കുറ്റവാളിയുടെ വീട് പൊളിക്കുന്നവർ നാളെ രാഷ്ട്രീയ എതിരാളിയുടെ വീടു പൊളിക്കില്ലെന്ന് ആർക്ക് പറയാനാകും? ഇത്തരം നടപടികൾക്ക് കൈയടിക്കുന്നവർ വികാരജീവികൾ മാത്രമാണ്. വികാരമല്ല, പക്വതയുള്ള വിവേകമാണ് നാടിനെ നയിക്കുന്നവർ പ്രകടിപ്പിക്കേണ്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |