പൊൻകുന്നം: മൂന്നു പെട്ടികളിൽനിന്നായി ഏഴ് ചാക്കോളം നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. എക്‌സൈസും പൊലീസും ആരോഗ്യ വകുപ്പും ചേർന്ന് നടത്തിയ പരിശോധനയിലാണ് പിടികൂടിയത്. ചിറക്കടവ് പഞ്ചായത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
പഞ്ചായത്ത് പരിധിയിൽ നിരോധിത പുകയില ഉല്പന്നങ്ങളുടെ വില്പന തകൃതിയാണ്. ഇത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ മാസം 30ന് ചിറക്കടവ് പഞ്ചായത്തിലെ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റിയുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകൾ യോഗം ചേർന്നു. ഈ യോഗത്തിലെടുത്ത തീരുമാനപ്രകാരമാണ് ഇന്നലത്തെ സംയുക്ത പരിശോധന.
ടൗണിൽ തന്നെയുള്ള മൂന്നു പെട്ടിക്കടകളിൽ നിന്നായാണ് ഏഴ് ചാക്കോളം പിടികൂടിയത്. രാസവസ്തുക്കൾ അടങ്ങിയ ലഹരി പദാർത്ഥങ്ങളും പിടിച്ചെടുത്തവയിൽ ഉൾപ്പെടും. ഒരു അനുമതിയും ഇല്ലാതെയായിരുന്നു പെട്ടിക്കടകൾ പ്രവർത്തിച്ചിരുന്നത്. വിദ്യാർത്ഥികളെ അടക്കം ലക്ഷ്യമിട്ടായിരുന്നു പ്രവർത്തനം. മൂന്നു കടകളും പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഇവിടെ നിന്ന് നീക്കം ചെയ്തു. കടകൾ നടത്തിയിരുന്നവർക്കെതിരെ കേസെടുക്കുന്നതിനൊപ്പം പിഴ ചുമത്തുകയും ചെയ്യുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു. ഗ്രാമപ്രദേശങ്ങളിലേക്ക് കൂടി വരും ദിവസങ്ങളിൽ പരിശോധന വ്യാപിപ്പിക്കും.
ചിറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് സി.ആർ ശ്രീകുമാർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ആന്റണി മാർട്ടിൻ, എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പഞ്ചായത്തംഗങ്ങളായ കെ.എ എബ്രാഹം, അഭിലാഷ് എസ്. ബാബു, അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ റജി കൃഷ്ണൻ, ഹെൽത്ത് ഇൻസ്‌പെക്ടർ ഷാജി മാത്യു, എസ്.ഐ. സുനിൽ കുമാർ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |