കാസർകോട്: സംസ്ഥാനത്തേക്ക് അനധികൃതപണം കടത്തുന്നതിനും കൈമാറുന്നതിനും വിദ്യാർത്ഥികളെ ഉപയോഗിച്ച് കുഴൽപ്പണ മാഫിയ. അയ്യായിരം മുതൽ പതിനായിരം രൂപ വരെ പ്രതിഫലം നൽകി വിദ്യാർത്ഥികളെ കൊണ്ട് അക്കൗണ്ട് തുടങ്ങിയ ശേഷം എ.ടി.എം കാർഡ് കൈവശപ്പെടുത്തി ഇടപാട് നിയമവിധേയമാക്കുന്ന തന്ത്രമാണ് ഇവർ പയറ്രുന്നത്.
നിയമത്തെ തോൽപ്പിക്കാൻ പതിനെട്ടാം അടവ്
1. പതിനെട്ട് വയസ് പൂർത്തിയായവരെ കൊണ്ട് പുതിയ സിം കാർഡ് എടുപ്പിച്ച് ആധാർകാർഡ് നൽകി നിയമപ്രകാരമുള്ള അക്കൗണ്ട് തുടങ്ങും
2.പ്രതിഫലമായി അയ്യായിരം തൊട്ട് പതിനായിരം വരെ നൽകും
3.ബാങ്ക് അക്കൗണ്ട് ആരംഭിക്കാൻ ഉപയോഗിച്ച സിംകാർഡും എ.ടി.എം പിൻ നമ്പറും തിരിച്ചു വാങ്ങിക്കും
4.അക്കൗണ്ടിലേക്ക് വിവിധ കേന്ദ്രങ്ങളിൽ നിന്ന് അയക്കുന്ന കള്ളപ്പണം എ.ടി.എം വഴി പിൻവലിക്കും
കണ്ടെത്തിയത് മൈസൂർ പൊലീസ്
ഇത്തരം നിരവധി അക്കൗണ്ടുകൾ കൈവശപ്പെടുത്തി ലക്ഷങ്ങളുടെ ഇടപാട് നടത്താൻ കള്ളപ്പണ റാക്കറ്റുകൾക്ക് കഴിയുന്നുവെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ഏതാനും ദിവസം മുമ്പ് ഇത്തരത്തിലുള്ള തട്ടിപ്പുമായി ബന്ധപ്പെട്ട് ഒരാൾ മൈസൂർ പൊലീസിന്റെ പിടിയിലായിരുന്നു. ഇയാളിൽ നിന്നാണ് പുതിയ തട്ടിപ്പിനെ കുറിച്ച് വ്യക്തത ലഭിച്ചത്. തുടർ അന്വേഷണത്തിനായി മൈസൂർ പൊലീസ് കഴിഞ്ഞ ദിവസം കോഴിക്കോട്ടും കാസർകോട്ടും എത്തിയിരുന്നു.ചില അക്കൗണ്ടുടമകളുടെ വീടുകൾ പൊലീസ് പരിശോധിച്ചിരുന്നു. ഇടപാട് നടത്തിയ എട്ടുപേരെ കസ്റ്റഡിയിലെടുത്തതായും സൂചനയുണ്ട്. പിടിയിലായവരിൽ ഒരാൾ കാസർകോട് ജില്ലക്കാരനാണ്. തട്ടിപ്പ് സംഘത്തിന്റെ കെണിയിൽ വീഴാതിരിക്കുന്നതിന് കുട്ടികൾക്കിടയിൽ ബോധവൽക്കരണം വേണമെന്നാണ് പൊലീസ് നിലപാട്.
കുഴൽപ്പണക്കാരെ പിന്തുടർന്ന് ഓൺലൈൻ തട്ടിപ്പുകാരും
പുതിയ ബാങ്ക് അക്കൗണ്ടുകൾ കൈവശപ്പെടുത്തിയുള്ള കുഴൽപ്പണക്കാരുടെ തട്ടിപ്പ് രീതി ഓൺലൈൻ തട്ടിപ്പ് സംഘങ്ങളും പിന്തുടരുന്നതായി സൂചനയുണ്ട്. പണം നിക്ഷേപിക്കുന്നവർക്ക് സാധാരണ ഓൺലൈൻ തട്ടിപ്പ് സംഘത്തെ കുറിച്ച് വിവരങ്ങൾ ലഭിക്കാറില്ല. സമീപകാലത്തായി ഇത്തരക്കാർ പിടിയിലാകുന്ന സാഹചര്യത്തിലാണ് മറ്റുള്ളവരുടെ പേരിലുള്ള ബാങ്ക് അക്കൗണ്ട് വഴിയുള്ള ഇടപാട് ഈ സംഘങ്ങളും പിന്തുടരുന്നത്.
കുഴൽപ്പണ റാക്കറ്റ് സംഘം ബാങ്ക് അക്കൗണ്ട് തുടങ്ങി പണത്തിന് രേഖ ഉണ്ടാക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അനധികൃത പണം ബാങ്കുകളിൽ എത്തിച്ചു രേഖകൾ ഉണ്ടാക്കുന്ന സംഘങ്ങളും പുതുതായി തുടങ്ങുന്ന ഇത്തരം അക്കൗണ്ടുകളും നിരീക്ഷണത്തിലാണ്.
സിബി തോമസ് (സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്. പി കാസർകോട് )
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |