ന്യൂഡൽി: പ്രതിരോധ വകുപ്പുമായി ബന്ധപ്പെട്ട 1.45 ലക്ഷം കോടി രൂപയുടെ 10 ഇടപാടുകൾക്ക് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അദ്ധ്യക്ഷനായ ഡിഫൻസ് അക്വിസിഷൻ കൗൺസിൽ (ഡി.എ.സി) അംഗീകാരം നൽകി. തദ്ദേശീയമായി നിർമ്മിച്ച യുദ്ധവാഹനങ്ങൾ, എയർ ഡിഫൻസ് ഫയർ കൺട്രോൾ റഡാറുകൾ, വിമാനങ്ങൾ, ഓഫ്‌ഷോർ പട്രോളിംഗ് ബോട്ടുകൾ അടക്കമാണിത്. 60,000 കോടി രൂപ ചെലവിൽ അത്യാധുനിക 1,770 കവചിത ടാങ്കുകൾ വാങ്ങാനുള്ള ഇടപാടാണ് പ്രധാനം. എല്ലാ ഭൂപ്രദേശങ്ങളിലും ഉപയോഗിക്കാവുന്നതും ബഹുനിര സുരക്ഷയും മാരകപ്രഹര ശേഷിയുമുള്ള അത്യാധുനിക യുദ്ധ ടാങ്കാണിത്,
ആകാശ ലക്ഷ്യങ്ങൾ കണ്ടെത്താനും ട്രാക്ക് ചെയ്യാനും എയർ ഡിഫൻസ് ഫയർ കൺട്രോൾ റഡാറുകൾ, ഇൻഫൻട്രി യൂണിറ്റിനായി അറ്റകുറ്റപ്പണികൾക്കായുള്ള ഉപകരണം,
തീരദേശ സേനയ്ക്കായി ഡോർണിയർ-228 വിമാനങ്ങൾ, പരുക്കൻ കാലാവസ്ഥയിൽ പ്രവർത്തിക്കുന്ന നെക്സ്റ്റ് ജനറേഷൻ ഫാസ്റ്റ് പട്രോൾ ബോട്ടുകൾ, നൂതന സാങ്കേതിക വിദ്യയുള്ള ദീർഘദൂര ഓഫ്‌ഷോർ പട്രോൾ ബോട്ടുകൾ തുടങ്ങിയവയ്ക്കുള്ള ഇടപാടുകളും അംഗീകരിച്ചു. യോഗത്തിൽ അന്തരിച്ച ഡി.എ.സി അംഗവും തീരദേശ സേന ഡിജിയുമായ രാകേഷ് പാലിന് ആദരാഞ്ജലി അർപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |