ഹനോയ്: ഡിഎൻഎ പരിശോധനയിലൂടെ സംഘർഷത്തിലായ രണ്ട് കുടുംബങ്ങളുടെ അവസ്ഥയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വലിയ ചർച്ചയ്ക്ക് വഴിയൊരുക്കിയിരിക്കുന്നത്. മകൾക്ക് താനുമായോ ഭാര്യയുമായോ യാതൊരു രൂപസാദൃശ്യവുമില്ലെന്ന തോന്നിയ ഒരു പിതാവ് ഡിഎൻഎ പരിശോധന നടത്തിയതിലൂടെയാണ് വർഷങ്ങൾക്ക് മുൻപ് നടന്ന സത്യം പുറത്തുവന്നത്. വിയറ്റ്നാം സ്വദേശിയായ യുവാവും മകളായ ലാനുമാണ് പരിശോധനയ്ക്ക് വിധേയമായത്.
സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തനുസരിച്ച് ഡിഎൻഎ ഫലം ഇയാളെ ഞെട്ടിപ്പിച്ചു. ഇതിലൂടെ പെൺകുട്ടി സ്വന്തം മകളല്ലെന്ന ഫലമാണ് പിതാവിന് ലഭിച്ചത്. ഇതോടെ യുവാവ് ഭാര്യയെ കുറ്റപ്പെടുത്താൻ ആരംഭിച്ചു. എന്നാൽ ഭാര്യ ഡിഎൻഎ ഫലത്തിൽ തെറ്റ് സംഭവിച്ചതാണെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയായിരുന്നു. ഇരുവർക്കുമിടയിൽ തർക്കങ്ങൾ ഉണ്ടാകാനും തുടങ്ങി. കടുത്ത മദ്യപാനിയായി മാറിയ യുവാവ് കുടുംബത്തിൽ നിന്നും മാറി താമസിക്കാൻ തുടങ്ങി.
ഇതോടെ ലാനും മാതാവും താമസിച്ചിരുന്ന വീട്ടിൽ നിന്നും ഹാനോയിലേക്ക് മാറി. പിന്നാലെ മാതാവ് പെൺകുട്ടിയെ മറ്റൊരു സ്‌കൂളിൽ ചേർത്തു. അവിടെ വച്ച് ലാൻ മറ്റൊരു കുട്ടിയുമായി അടുത്ത സൗഹൃദത്തിലായി. പിന്നാലെയാണ് ലാനും സുഹൃത്തും ജനിച്ച ദിവസവും സ്ഥലവും ഒന്നാണെന്ന് മനസിലായത്. ഇതോടെ ഇരുവരുടെയും കുടംബം പിറന്നാൾ ഒരുമിച്ച് ആഘോഷിക്കാൻ തീരുമാനിക്കുകയായിരുന്നു. ആഘോഷത്തിനിടയിൽ വച്ചാണ് ലാനിനെ സുഹൃത്തിന്റെ അമ്മ ആദ്യമായി കണ്ടത്. അവിടെ വച്ച് ലാനും താനും രൂപത്തിൽ ഒരുപോലെയാണെന്ന് സുഹൃത്തിന്റെ അമ്മയ്ക്ക് തോന്നിയത്. ഒടുവിൽ ആ സംശയവും ഡിഎൻഎ പരിശോധനയിലാണ് കലാശിച്ചത്.
ഫലം വന്നതോടെ രണ്ട് കുട്ടികളുടെ കുടുംബവും അതിശയിച്ചു. ജനനസമയത്ത് കുഞ്ഞുങ്ങൾ തമ്മിൽ മാറിപോയതാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. പുറത്തുവന്ന റിപ്പോർട്ടനുസരിച്ച് രണ്ട് കുടുംബത്തിനും ഇത് വിശ്വസിക്കാൻ സാധിച്ചിട്ടില്ല. അവർ കുട്ടികളെ പറഞ്ഞുമനസിലാക്കാൻ ശ്രമിക്കുകയാണ്. ഇരുവരും തമ്മിൽ വലിയ സൗഹൃദത്തിലാണ്. അതേസമയം, കുഞ്ഞുങ്ങളെ മാറിപോയതിൽ ആശുപത്രിക്കെതിരെ കുടുംബങ്ങൾ നിയമനടപടികൾ സ്വീകരിക്കുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. ഇത് സോഷ്യൽമീഡിയയിലും ചർച്ചയായി. സംഭവം അതിശയിപ്പിക്കുന്നവെന്നും കൊറിയൻ ടിവി ഡ്രാമയായ 'ഓട്ടം ഇൻ മൈ ഹാർട്ടിലെ' കഥയുമായി സാമ്യമുണ്ടെന്നും ഒരാൾ പ്രതികരിച്ചു.
അടുത്തിടെ ഇതുമായി ബന്ധപ്പെട്ട കഥ പറയുന്ന 1000 ബേബീസ് എന്ന സീരീസ് മലയാളത്തിലും റിലീസ് ചെയ്തിരുന്നു. പ്രസവസമയത്ത് കുഞ്ഞുങ്ങളെ പരസ്പരം മാറ്റുന്ന ഒരു മുതിർന്ന നഴ്സിന്റെ കഥയാണ് 1000 ബേബീസിൽ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |