ശ്രീനഗർ: രണ്ട് വില്ലേജ് ഡിഫൻസ് ഗാർഡുകളെ കൊലപ്പെടുത്തിയ തീവ്രവാദികളെ വളഞ്ഞ് സൈന്യം. കിഷ്‌ത്വാറിലെ ഭർത് വരമ്പിലായാണ് കനത്ത ഏറ്റുമുട്ടൽ നടക്കുന്നത്. നാല് തീവ്രവാദികൾ ഉണ്ടെന്നാണ് വിവരം. തീവ്രവാദികളുമായുള്ള വെടിവയ്പ്പിൽ പാരട്രൂപ്പിലെ മൂന്ന് ജവാന്മാർക്ക് പരിക്കേറ്റതായി സൈന്യം അറിയിച്ചു.
നവംബർ എട്ടിനാണ് ക്വിഷ്‌ത്വാറിൽ നിന്നുള്ള രണ്ട് ഗ്രാമവാസികളെ തീവ്രവാദികൾ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയത്. വില്ലേജ് ഡിഫൻസ് ഗ്രൂപ്പിലെ (വിഡിജി) അംഗങ്ങളായിരുന്നു ഇവർ. ജെയ്‌ഷെ മുഹമ്മദ് ഭീകരസംഘടനയുടെ ഒരു വിഭാഗം ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു.
ഇതേ തീവ്രവാദികളുമായാണ് ഏറ്റുമുട്ടൽ നടക്കുന്നതെന്ന് കിഷ്‌ത്വാർ പൊലീസും സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ജമ്മു കാശ്‌മീരിൽ നടക്കുന്ന മൂന്നാമത്തെ ഏറ്റുമുട്ടലാണിത്. ഇന്നുരാവിലെ ശ്രീനഗറിലെ സബർവാൻ വനമേഖലയിൽ സുരക്ഷാസേനയും തീവ്രവാദികളുമായി ഏറ്റുമുട്ടൽ നടന്നിരുന്നു. ഇന്നലെ ബാരമുള്ളയിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു ഭീകരനെ സൈന്യം വധിച്ചു.
നവംബർ രണ്ടിന് കാശ്മീരിൽ രണ്ട് വ്യത്യസ്ത തീവ്രവാദ വിരുദ്ധ ഓപ്പറേഷനുകളിൽ ലഷ്‌കർ-ഇ-തൊയ്ബ (എൽഇടി) കമാൻഡർ ഉസ്മാൻ ലഷ്കരി ഉൾപ്പെടെ മൂന്ന് ഭീകരെ സുരക്ഷാ സേന വധിച്ചിരുന്നു. രണ്ട് പൊലീസുകാർക്കും രണ്ട് സിആർപിഎഫ് ജവാൻമാർക്കും ഏറ്റുമുട്ടലിൽ പരിക്കേറ്റു. പ്രദേശത്ത് തീവ്രവാദ പ്രവർത്തനങ്ങൾ വർദ്ധിച്ചുവരുന്നത് കണക്കിലെടുത്ത് കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി കത്വ ജില്ലയിലെ നിലവിലുള്ള സുരക്ഷാ സ്ഥിതിഗതികൾ അവലോകനം ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |