കാസർകോട്: ദേശീയപാത നിർമ്മാണം നടക്കുന്ന സ്ഥലത്ത് നിന്നും കരാർ കമ്പനിയുടെ സാധനങ്ങൾ കവർന്ന കേസിൽ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കർണ്ണാടക സ്വദേശികളെയാണ് മോഷണം നടന്ന് 24 മണിക്കൂറിനകം മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തത്. ഉള്ളാളിലെ അമീർ ബാഷ (28), ബംഗളൂരു ദസ്റഹള്ളിയിലെ പുനീത് കുമാർ (32) എന്നിവരാണ് അറസ്റ്റിലായത്. ദേശീയപാതയുടെ നിർമ്മാണം നടക്കുന്ന ഉപ്പളയിൽ നിന്ന് വാർക്കുന്നതിനുള്ള ഇരുമ്പ് അച്ചായ അഞ്ച് ക്രാഷ് ബാരിയർ മോൾഡുകളാണ് സംഘം കടത്തിക്കൊണ്ടു പോയത്.
ശനിയാഴ്ച രാത്രിയിലാണ് മോഷ്ടാക്കൾ വണ്ടിയുമായെത്തി കവർച്ച നടത്തിയത്. നിർമ്മാണച്ചുമതലയുള്ള ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സഹകരണ സംഘത്തിന്റെ (യു.എൽ.സി.സി.എസ്) പരാതിയെ തുടർന്ന് മഞ്ചേശ്വരം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കർണാടകയിൽ വെച്ച് അറസ്റ്റുചെയ്തത്. മോഷ്ടിച്ച മോൾഡുകൾ ആക്രിക്കടയിൽ വിൽക്കാനുള്ള ശ്രമത്തിനിടെയാണ് ഇവർ പിടിയിലായത്. അന്വേഷണ സംഘത്തിൽ മഞ്ചേശ്വരം ഗ്രേഡ് എസ്.ഐ. ഇസ്മായിൽ, സിവിൽ പൊലീസ് ഓഫീസർമാരായ പ്രശോഭ്, നിതിൻ, വിനേഷ്, രഞ്ജിത്ത് എന്നിവരാണുണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |