ന്യൂഡൽഹി: ജമ്മു കാശ്മീരിൽ സംസ്ഥാന പദവി പുനഃസ്ഥാപിക്കുമെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ജമ്മു കാശ്മീരിന് സമാധാനവും ഐക്യവും ആവശ്യമാണെന്നും കോൺഗ്രസ് നേതൃത്വത്തിലുള്ള 'ഇന്ത്യ' സർക്കാർ എന്ത് വിലകൊടുത്തും അതുറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ജമ്മുകാശ്മീരിലെ റംബാനിലും അനന്ത്നാഗിലും പൊതു റാലികളിൽ സംസാരിക്കുകയായിരുന്നു രാഹുൽ.
ജമ്മു കാശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കാൻ 'ഇന്ത്യ' മുന്നണി എൻ.ഡി.എ സർക്കാരിൽ സമ്മർദ്ദം ചെലുത്തും. അവർ ചെയ്തില്ലെങ്കിൽ 'ഇന്ത്യ' സർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ വരുമ്പോൾ ആദ്യമെടുക്കുന്ന തീരുമാനം അതാകും. രാജ്യത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു സംസ്ഥാനത്തെ കേന്ദ്ര ഭരണ പ്രദേശമായി തരംതാഴ്ത്തുന്നത്. ബി.ജെ.പി നിയമസഭാ തിരഞ്ഞെടുപ്പിൽ ജയിച്ചാൽ ജമ്മു കാശ്മീരിലെ വിഭവങ്ങൾ പിടിച്ചെടുക്കുമെന്നും എല്ലായിടത്തും ആർ.എസ്.എസുകാരെ കുടിയിരുത്തുമെന്നും ആരോപിച്ചു. ജനത ഒന്നിച്ചു നിന്ന് അവരെ എതിർക്കണം. സംസ്ഥാനത്ത് മികച്ച സർക്കാർ വരണം. ലഫ്റ്റനന്റ് ഗവർണർ രാജാവിനെപ്പോലെയാണ്. ഉത്തരവാദിത്വമില്ലാതെ പ്രവർത്തിക്കുന്നു. ഇവിടെ സമാധാനവും പുരോഗതിയും സമൃദ്ധിയും ആവശ്യമാണ്. ഞങ്ങൾ അതുറപ്പാക്കും. സംസ്ഥാനത്തെ എല്ലാ ഒഴിവുകളും നികത്തുമെന്നും പ്രാദേശിക വ്യവസായത്തെ പ്രോത്സാഹിപ്പിക്കുമെന്നും രാഹുൽ ഉറപ്പു നൽകി. കേന്ദ്രസർക്കാരിന് മേൽ സമ്മർദ്ദം ചെലുത്തി തീരുമാനങ്ങൾ മാറ്റാൻ മുന്നണിക്ക് കഴിയുന്നുണ്ടെന്നും രാഹുൽ ചൂണ്ടിക്കാട്ടി.സിവിൽ സർവീസിലെ ലാറ്ററൽ എൻട്രി തീരുമാനം പിൻവലിച്ചതും ആർ.എസ്.എസ് ജാതി സെൻസസിനെ അനുകൂലിച്ചതും ഉദാഹരണമായി രാഹുൽ പറഞ്ഞു.
പൊതുതിരഞ്ഞെടുപ്പിന് ശേഷം ആത്മവിശ്വാസം ചോർന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇപ്പോൾ പഴയ 56 ഇഞ്ച് നെഞ്ച് വിരിവ് ഇല്ലെന്ന് രാഹുൽ പരിഹസിച്ചു. മോദി ഇപ്പോൾ ഭരണഘടനയെ നമിക്കാൻ തുടങ്ങി. മോദിയും അമിത് ഷായും അദാനിക്കും അംബാനിക്കു വേണ്ടി നാം രണ്ട് നമുക്ക് രണ്ട് എന്ന രീതിയിലാണ് പ്രവർത്തിക്കുന്നത്. ക്രിക്കറ്റ് ബാറ്റ് പിടിക്കാതെയാണ് അമിത് ഷായുടെ മകൻ ജയ്ഷാ ഐ.സി.സി മേധാവിയായതെന്നും രാഹുൽ പരിഹസിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |