തിരുവനന്തപുരം: രാജ്യത്ത് ഏറ്റവും മാതൃകാപരമായ വിപണി ഇടപെടൽ നടക്കുന്നത് കേരളത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അവകാശപ്പെട്ടു. രാജ്യത്ത് വിലക്കയറ്റം ഏറ്റവും കുറവുള്ള സംസ്ഥാനമാണ് കേരളമെന്നും സപ്ലൈകോ ഓണച്ചന്തയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി പറഞ്ഞു.
ജൂണിൽ പുറത്തുവന്ന കണക്കിൽ രാജ്യത്ത് പണപ്പെരുപ്പം അഞ്ചു ശതമാനമാണ് വർദ്ധിച്ചത്. വിലക്കയറ്റം 9.4 ശതമാനമാണ്. തുടർച്ചയായ എട്ടാം മാസവും ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റം എട്ടു ശതമാനത്തിൽ കൂടുതലാണ്.പച്ചക്കറി വിലക്കയറ്റം 30 ശതമാനവും. വിലക്കയറ്റം ഗൗരവമായി കണ്ടുള്ള ഒരു നടപടിയും ദേശീയതലത്തിൽ പ്രഖ്യാപിച്ചിട്ടില്ല. പൊതുവിതരണ അടങ്കലിൽ 9000 കോടി വെട്ടിക്കുറച്ചു.
ഈ സാഹചര്യത്തിലാണ് കേരളം ഫലപ്രദമായ വിപണി ഇടപെടൽ നടത്തുന്നത്. ഇതിന്റെ തുടർച്ചയാണ് ഓണക്കാലത്ത് സപ്ലൈകോ വഴിയുള്ള ഇടപെടൽ.
വയനാട്ടിലെ ദുരന്ത സാഹചര്യത്തിൽ സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഓണാഘോഷമാണ് മാറ്റിവച്ചത്. മറ്റ് ആഘോഷങ്ങൾക്കൊന്നും വിലക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം ഇ.കെ. നായനാർ പാർക്കിലെ ഓണച്ചന്തയിൽ നടന്ന പരിപാടിയിൽ മന്ത്രി ജി.ആർ. അനിൽ അദ്ധ്യക്ഷത വഹിച്ചു. മന്ത്രി വി. ശിവൻകുട്ടി ആദ്യവില്പന നിർവഹിച്ചു. മേയർ ആര്യ രാജേന്ദ്രൻ, ആന്റണിരാജു എം.എൽ.എ, ഡെപ്യൂട്ടി മേയർ പി.കെ. രാജു, മാങ്കോട് രാധാകൃഷ്ണൻ, സപ്ലൈകോ സി.എം.ഡി പി ബി നൂഹ് എന്നിവർ പങ്കെടുത്തു.
ശബരിയുടെ 40 ഉത്പനങ്ങൾ
സബ്സിഡി ഉത്പന്നങ്ങൾക്കു പുറമെ ശബരിയുടെ നാൽപ്പതോളം ഉത്പന്നങ്ങളും സപ്ലൈകോ ഓണവിപണിയിലുണ്ട്. 13 ഇനം സബ്സിഡി സാധനങ്ങൾക്കു പുറമേ ശബരി ഉത്പന്നങ്ങളും എഫ്.എം.സി.ജി, മിൽമ, കൈത്തറി എന്നിവയുടെ ഉത്പന്നങ്ങളും പഴം, ജൈവ പച്ചക്കറികൾ എന്നിവയും മേളയിൽ 10 മുതൽ 50 ശതമാനം വരെ വിലക്കുറവിൽ ലഭിക്കും. 255 രൂപയുടെ ആറ് ശബരി ഉത്പന്നങ്ങൾ 189 രൂപയ്ക്ക് നൽകുന്ന ശബരി സിഗ്‌നേച്ചർ കിറ്റുമുണ്ട്. നിലവിൽ നൽകുന്നതിനു പുറമേ 10 ശതമാനം വരെ അധിക വിലക്കുറവ് നൽകുന്ന ഡീപ് ഡിസ്‌കൗണ്ട് അവേഴ്സ്, പ്രമുഖ ബ്രാൻഡഡ് ഉത്പന്നങ്ങൾക്ക് ആകർഷകമായ കോംബോ,ബൈ വൺ ഗെറ്റ് വൺ ഓഫറും ലഭിക്കും.
സബ്സിഡി വിലയും പൊതുവിപണി വിലയും കിലോഗ്രാമിന്
ചെറുപയർ - 94.00 - 115.60
ഉഴുന്ന് - 97 .00 - 137.54
കടല- 71 .00 - 103.96
വൻപയർ- 77. 00 - 112.44
തുവരപ്പരിപ്പ് -113.00 - 185.84
പഞ്ചസാര - 36.76 - 46.10
ജയ അരി -29.00 - 42.50
മാവേലിപച്ചരി -26.00 - പൊതുവിപണയിലില്ല
മട്ട അരി- 33 .00 - 51.00
ശബരി വെളിച്ചെണ്ണ -142.80 ( ഒരു പായ്ക്കറ്റ് ) 171. 98
മുളക് - 80.60 (500 ഗ്രാം )- 93.80
മല്ലി-43.04 ( 500 ഗ്രാം ) - 54.60
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |