പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ വസ്തുതകൾ പുറത്തുവരണമെന്ന് കേരള പൊലീസ് അസോസിയേഷൻ. വർത്തമാനകാലത്ത് പൊലീസ് സംവിധാനത്തിനെതിരെയും ചില പൊലീസ് ഉദ്യോഗസ്ഥന്മാർക്കെതിരെയും പല രൂപത്തിലുള്ള ആക്ഷേപങ്ങൾ ഉയരുകയും അതിൽ വലിയ ചർച്ചകളും അന്വേഷണങ്ങളും നടപടികളും എല്ലാം ഉണ്ടാകുന്നുണ്ട്. അന്വേഷണം നടക്കട്ടെ, വസ്തുതകൾ പുറത്തു വരട്ടെ എന്നതാണ് ഈ വിഷയത്തിൽ കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്റെ നിലപാട് എന്ന് ഫേസ്ബുക്ക് കുറിപ്പിൽ അസോസിയേഷൻ ഭാരവാഹികൾ വ്യക്തമാക്കി.
കേരള പൊലീസ് അസോസിയേഷന്റെ ഫേസ്ബുക്ക് കുറിപ്പ്-
''കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ
സംസ്ഥാന കമ്മറ്റി
പ്രിയപ്പെട്ടവരെ,
വർത്തമാനകാലത്ത് പൊലീസ് സംവിധാനത്തിനെതിരെയും ചില പൊലീസ് ഉദ്യോഗസ്ഥന്മാർക്കെതിരെയും പല രൂപത്തിലുള്ള ആക്ഷേപങ്ങൾ ഉയരുകയും അതിൽ വലിയ ചർച്ചകളും അന്വേഷണങ്ങളും നടപടികളും എല്ലാം ഉണ്ടാകുന്നുണ്ട്. അന്വേഷണം നടക്കട്ടെ, വസ്തുതകൾ പുറത്തു വരട്ടെ എന്നതാണ് ഈ വിഷയത്തിൽ കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്റെ നിലപാട്.
എന്നാൽ ഇന്ന് ( 6/09/2024) മുതൽ ഒരു വാർത്താ ചാനൽ "പൊലീസ് ഓഫീസർമാരുടെ ബലാത്സംഗപരമ്പര" എന്ന വാർത്ത നൽകുന്നത് കാണാനിടയായി. ഇത്തരം വാർത്തകൾ നൽകുന്നതിന് മുമ്പ് ഒരു പ്രാഥമികാന്വേഷണം നടത്തുന്ന രീതി ഉണ്ടാകേണ്ടതുണ്ട്.
ഒരു പരാതിയുമായി പൊലീസ് സ്റ്റേഷനിൽ ചെന്ന സ്ത്രീയെ പരാതി അന്വേഷിച്ച IP പീഡിപ്പിച്ചു എന്നും, IP പീഡിപ്പിച്ചു എന്ന പരാതിയുമായി Dysp യുടെ അടുത്ത് ചെന്നപ്പോൾ Dysp പീഡിപ്പിച്ചു എന്നും, DYSP പീഡിപ്പിച്ചു എന്ന പരാതിയുമായി SP യെ കണ്ടപ്പോൾ SP പീഡിപ്പിച്ചു എന്നും പരാതി പറയുമ്പോൾ അത് കേൾക്കുന്ന ആർക്കും അസ്വാഭാവികത ബോധ്യപ്പെടും. എന്നിട്ടും അത് വാർത്തയാക്കി എന്നത് അത്യന്തം ഖേദകരമാണ്.
നിക്ഷിപ്ത താൽപര്യങ്ങൾക്ക് വേണ്ടി നൽകുന്ന ഒരു വ്യാജവാർത്ത മാത്രമാണ് ഇതെങ്കിൽ, ഈ വാർത്ത മൂലം സമൂഹത്തിൽ ഒറ്റപ്പെടുന്ന, ഇതിൽ കുറ്റം ആരോപിക്കപ്പെടുന്ന ഉദ്യോഗസ്ഥർക്കും കുടുംബത്തിനും ഉണ്ടാകുന്ന മനോവ്യഥക്കും, മാനഹാനിക്കും ആര് ഉത്തരവാദിയാകും?
ഇങ്ങനെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ നേരിടുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് കൃത്യമായ നിയമ നടപടികളുമായി മുന്നോട്ടുപോകാം. അങ്ങനെ മുന്നോട്ടു പോകുന്നവർക്കൊപ്പം കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ഉണ്ടാകും എന്ന് കൂടി അറിയിക്കട്ടെ''.
CR.ബിജു
ജനറൽ സെക്രട്ടറി
KPOA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |