കൽപ്പറ്റ: മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തം നടന്ന് ഒരുമാസം കഴിഞ്ഞിട്ടും കേന്ദ്രസഹായം ലഭ്യമായില്ല. പ്രധാനമന്ത്രി ദുരന്ത ഭൂമി സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിട്ടും കേരളം ആവശ്യപ്പെട്ട പാക്കേജ് പ്രഖ്യാപിച്ചില്ല. പ്രധാനമന്ത്രി ആവശ്യപ്പെട്ട വിശദമായ മെമ്മോറാണ്ടം ആഗസ്റ്റ് 18ന് സമർപ്പിച്ചിരുന്നു. കേരളം വിശദമായ പദ്ധതി പ്രഖ്യാപിക്കാത്തതാണ് കേന്ദ്രസഹായം വൈകാൻ കാരണമെന്നാണ് വിശദീകരണം.
ആഗസ്റ്റ് 10നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വയനാട്ടിൽ എത്തിയത്.
കേന്ദ്രസഹായം പ്രഖ്യാപിക്കാത്തത് പ്രതിഷേധാർഹമെന്നാണ് യു.ഡി.എഫും എൽ.ഡി.എഫും പറയുന്നത്. വയനാട് ലോക്സഭാ മണ്ഡലത്തിൽ വൈകാതെ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും. ഇതോടെ സഹായ നടപടികൾ നീട്ടിവയ്ക്കേണ്ടിവരും. അതിനാൽ എത്രയും വേഗം സഹായം ലഭ്യമാക്കണം. ആദ്യഘട്ടത്തിൽ 1500 കോടി രൂപയുടെ പദ്ധതിയാണ് കേരളം സമർപ്പിച്ചത്. രണ്ടാംഘട്ടത്തിൽ 2000 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചു. സമ്പൂർണ പുനരധിവാസവും മറ്റ് അടിസ്ഥാന സൗകര്യ വികസനവും കേരളം സമർപ്പിച്ച പദ്ധതിയിൽ ഉൾപ്പെട്ടിരുന്നു. വീടുകൾ, സ്ഥാപനങ്ങൾ, റോഡുകൾ , പാലങ്ങൾ ,സ്‌കൂളുകൾ, ആരാധനാലയങ്ങൾ എന്നിവയെല്ലാം പുനർ നിർമ്മിക്കേണ്ടതുണ്ട്. കേന്ദ്ര സഹായം ലഭ്യമായില്ലെങ്കിൽ വലിയ പദ്ധതികൾ നടപ്പിലാകില്ല. കേന്ദ്ര സഹായം വൈകില്ലെന്നാണ് ബി.ജെ.പി നേതൃത്വം പറയുന്നത്. സംസ്ഥാനം സമർപ്പിച്ച മെമ്മോറാണ്ടത്തിലെ അവ്യക്തതയാണ് സഹായം വൈകാൻ കാരണമെന്ന് ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയൽ പറഞ്ഞു. പുനരധിവസിപ്പിക്കേണ്ട ഭൂമി സംബന്ധിച്ച് വ്യക്തത വരുത്തിയിട്ടില്ല. പുനരധിവാസത്തിന് എത്രകോടി രൂപ ചെലവാകും എന്നതിലും അവ്യക്തതയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |