കാസർകോട്:കേരളത്തിലേക്ക് കർണ്ണാടകയിൽ നിന്നും തമിഴ്‍നാട്ടിൽ നിന്നും അതിർത്തി കടന്നെത്തുന്ന പാലിന്റെ ഗുണനിലവാരം സംബന്ധിച്ച് ആശങ്ക. അതിർത്തിയിൽ പാൽ ഗുണനിലവാരം പരിശോധനാ സംവിധാനം നിലവിൽ കൊല്ലം ആര്യങ്കാവ്, പാലക്കാട് മീനാക്ഷിപുരം ചെക്ക്‌പോസ്റ്റുകളിൽ മാത്രമാണ് 24 മണിക്കൂറും പരിശോധന നടക്കുന്നത്. ബാക്കി ജില്ലകളിൽ ജില്ല ഗുണനിയന്ത്രണ ലാബുകളിൽ പാൽ പരിശോധിക്കണമെന്ന ചട്ടം എവിടെയും പാലിക്കപ്പെടുന്നുമില്ല.
ഗുണനിലവാരത്തിൽ സംശയമുള്ള പാലിന്റെ 200 മില്ലിഗ്രാം സാമ്പിളുമായി ഡെപ്യുട്ടി ഡയറക്ടർ ഓഫീസുകളിൽ പ്രവർത്തിക്കുന്ന ജില്ലാതല ലാബുകളിൽ എത്തി പരിശോധിക്കണം. മാർക്കറ്റിൽ പാൽ മുഴുവൻ വിറ്റഴിച്ച ശേഷമാണ് സംശയം തോന്നുന്നവർ പരിശോധനയ്ക്ക് സാമ്പിളുമായി എത്തുന്നത്. പതിനയ്യായിരവും ഇരുപതിനായിരവും ലിറ്റർ പാൽ നിറച്ച ടാങ്കർ ലോറികൾ നിർബാധമാണ് അതിർത്തി കടന്നെത്തുന്നത്. സംസ്ഥാനത്തെ വിവിധ പാൽ വിതരണകമ്പനികളും അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള പാൽ ഉപയോഗിക്കുന്നുണ്ട്. കൊഴുപ്പ് കൂടിയതാണെന്നതാണ് കമ്പനികളെ ഇതിന് പ്രേരിപ്പിക്കുന്നത്. ഓണക്കാലത്തെ സാധാരണ ഉപഭോഗത്തിന്റെ അഞ്ചും ആറും ഇരട്ടി പാലാണ് അതിർത്തി കടന്നെത്തുന്നത്.
രേഖയിൽ മുറക്ക് പരിശോധന
മാർക്കറ്റിൽ ലഭ്യമായ പാലിന്റെ സാമ്പിളുകൾ ഭക്ഷ്യസുരക്ഷ ഉദ്യോഗസ്ഥർ ശേഖരിച്ച് അനലറ്റിക്കൽ ലാബുകളിൽ പരിശോധിക്കുന്നുണ്ടെന്നാണ് ക്ഷീരവികസന വകുപ്പ് പറയുന്നത്. മൊബൈൽ ഫുഡ് ടെസ്റ്റിംഗ് ലാബുകൾ സജീവാമാണെന്നും ഇവർ പറയുന്നു. എന്നാൽ ഇത്തരം നാമമാത്ര പരിശോധന പാൽ മാർക്കറ്റിൽ എത്തിയ ശേഷം മാത്രമാണ് നടക്കുന്നത്. ക്ഷീരവികസന വകുപ്പും ഭക്ഷ്യസുരക്ഷ വകുപ്പും സംയുക്തമായി അതിർത്തി ചെക്ക് പോസ്റ്റുകളിൽ താൽക്കാലിക ലാബ് സജ്ജീകരിച്ചിട്ടുണ്ട്. എന്നാൽ 12 ജില്ലകളിലും ഇതിനായി സ്ഥിരം സംവിധാനമില്ല.
ഞെട്ടിക്കും മുന്നനുഭവം
2022 ൽ ഇടുക്കിയിൽ നടത്തിയ പരിശോധനയിൽ തമിഴ്‍നാട്ടിൽ നിന്ന് കൊണ്ടുവന്ന 12750 ലിറ്റർ പാലിൽ യൂറിയ കണ്ടെത്തി
കൊഴുപ്പിക്കാൻ പൊടിക്കൈ
കൊഴുപ്പ് വർദ്ധിപ്പിക്കാനാണ് പാലിൽ സാധാരണ നിലയിൽ മായം കലർത്തുന്നത്. പാംഓയിൽ ആണ് മായത്തിൽ കൂടുതലും. പാമോയിലിൽ പാലിലെ കൊഴുപ്പുമായി വളരെ സാമ്യമുള്ള ഫാറ്റി ആസിഡ് പ്രൊഫൈൽ ഉണ്ടെന്നതാണ് ഇതിന് കാരണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |