കോഴിക്കോട്: കോഴിക്കോട് റിയൽ എസ്റ്റേറ്റ് ബിസിനസുകാരൻ മാമി എന്ന മുഹമ്മദ് ആട്ടൂരിന്റെ തിരോധാന കേസ് ക്രൈംബ്രാഞ്ചിന് കൈമാറിയ പശ്ചാത്തലത്തിലാണ് പി.വി അൻവർ എം.എൽ.എ ഇന്നലെ കുടുംബത്തെ സന്ദർശിച്ച് പിന്തുണ അറിയിച്ചത്. എ.ഡി.ജി.പി എം.ആർ.അജിത് കുമാറിനെതിരെ പി.വി അൻവർ എം.എൽ.എ ആരോപണം ഉന്നയിച്ചതോടെയാണ് ഇഴഞ്ഞുനീങ്ങിയ അന്വേഷണം ക്രൈംബ്രാഞ്ചിന് കെെമാറിയത്. ഇന്നലെ രാവിലെ 11 മണിയോടെ വെള്ളിമാട്കുന്നിലെ മാമിയുടെ വീട്ടിലെത്തിയ അൻവർ അന്വേഷണത്തിന്റെ എല്ലാ ഘട്ടത്തിലും കൂടെയുണ്ടാകുമെന്ന് കുടുംബത്തിന് ഉറപ്പ് നൽകി.
കുടുംബം പുതിയ പരാതി നൽകാനുള്ള ഒരുക്കത്തിലാണ്. കുടുംബത്തിന്റെ പരാതികൾ തെറ്റിദ്ധരിക്കപ്പെട്ട സാഹചര്യത്തിലാണ് മൂത്ത മകൾ അദീബ നെെന പുതിയ പരാതി കോഴിക്കോട് ക്രൈംബ്രാഞ്ച് ഐ. ജി പി. പ്രകാശിന് സമർപ്പിക്കുന്നതെന്ന് അൻവർ പറഞ്ഞു. അന്വേഷണത്തിൽ
പൊലീസ് വരുത്തിയ വീഴ്ചകളും ചൂണ്ടിക്കാട്ടും.
തന്റെ തോന്നലുകളും കിട്ടിയ തെളിവുകളും സൂചനാത്തെളിവുകളും മുദ്രവച്ച കവറിൽ ക്രൈംബ്രാഞ്ച് ഐ.ജിക്കും പ്രത്യേക അന്വേഷണസംഘത്തിന്റെ തലവൻ എന്ന നിലയിൽ ഡി.ജി.പിക്കും കൈമാറും.
തത്കാലം സി.ബി.ഐ അന്വേഷണം എന്ന ആവശ്യത്തിൽ മുന്നോട്ടില്ലെന്ന് ഹൈക്കോടതിയിൽ പറയണം. സി.ബി.ഐയെ തള്ളിപ്പറയുകയല്ല. അജിത് കുമാറിനും സംഘത്തിനും സി.ബി.ഐ. അടക്കമുള്ള മേഖലകളിൽ വ്യക്തിപരമായ ബന്ധമുണ്ടെന്ന് അൻവർ കൂട്ടിച്ചേർത്തു. മാമിയുടെ ഭാര്യ റുക്സാന, ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ എന്നിവരുമായി ദീർഘനേരം ആശയവിനിമയം നടത്തി. 2023 ആഗസ്റ്റ് 22 നാണ് അരയിടത്തു പാലത്തെ ഓഫീസിൽ നിന്നിറങ്ങിയ മാമിയെ കാണാതായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |