ലക്‌നൗ: റെയിൽവേ ട്രാക്കിൽ ഉണ്ടായിരുന്ന ഗ്യാസ് സിലിണ്ടറിൽ ട്രെയിൻ ഇടിച്ചുകയറി. ഉത്തർപ്രദേശിലാണ് സംഭവം നടന്നത്. ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ നിന്ന് ഹരിയാനയിലെ ഭിവാനിയിലേക്ക് പോകുന്ന കാളിന്ദി എക്സ്‌പ്രസാണ് ട്രാക്കിൽ ഉണ്ടായിരുന്ന ഗ്യാസ് സിലിണ്ടറിൽ ഇടിച്ചത്. സംഭവത്തിൽ ആർക്കും പരിക്കില്ല. ഇടിയുടെ ആഘാതത്തിൽ സിലിണ്ടർ 50 മീറ്ററോളം ദൂരത്തേക്ക് തെറിച്ചു വീണതായാണ് റിപ്പോർട്ട്.
കാൺപൂർ - കാസ്‌ഗഞ്ച് റൂട്ടിൽ ബർരാജ്‌പൂരിനും ബിൽഹൗസിനും ഇടയിലുള്ള മുണ്ടേരി ഗ്രാമത്തിലൂടെ പോകുന്ന റെയിൽവേ ട്രാക്കിലാണ് ഗ്യാസ് സിലിണ്ടർ ഉണ്ടായിരുന്നത്. ട്രെയിനിലെ ഉദ്യോഗസ്ഥർ റെയിൽവേ അധികൃതറെ വിവരം അറിയിക്കുകയും അവർ സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്തു. സംഭവത്തിൽ ഭീകരവിരുദ്ധ സ്ക്വാഡ്, ആർപിഎഫ്, ജിആർപി സംഘങ്ങൾ അന്വേഷണം നടത്തുകയാണ്. ആരാണ് ഗ്യാസ് സിലിണ്ടർ ട്രാക്കിൽ വച്ചതെന്ന് വ്യക്തമല്ല.
'ഇന്നലെ രാത്രി 8.30 ഓടെ കാളിന്ദി എക്സ്‌പ്രസ് ട്രെയിനിലെ ലോക്കോ പെെലറ്റ് ട്രാക്കിൽ സിലിണ്ടർ കണ്ടു. ട്രെയിൻ ഉടനെ നിർത്താൻ ശ്രമിച്ചെങ്കിലും സിലിണ്ടറുമായി കൂട്ടിയിടിക്കുകയായിരുന്നു. പിന്നാലെ ട്രെയിൻ നിന്നു. പൊലീസ് പരിസരത്ത് നിന്ന് ഒരു സിലിണ്ടർ കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല സ്ഥലത്ത് നിന്ന് മറ്റ് ചില വസ്തുക്കളും കണ്ടെത്തി. അന്വേഷണം പുരോഗമിക്കുകയാണ്. മറ്റ് ട്രെയിനുകൾക്ക് തടസമില്ല'- കാൺപൂർ എസിപി ഹരീഷ് ചന്ദർ പറഞ്ഞു.
സംഭവം ആശങ്കാജനകമാണെന്ന് റെയിൽവേ മന്ത്രി അശ്വിനി വെെഷ്ണവ് പ്രതികരിച്ചു. ട്രെയിനിന്റെ പാളം തെറ്റിക്കാനാണ് ഇത്തരം ശ്രമങ്ങൾ നടത്തിയതെന്നും പ്രതിയെ പിടികൂടി ശിക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.സംഭവത്തിൽ അട്ടിമറി ശ്രമം ഉണ്ടായോ എന്ന കാര്യത്തിൽ പൊലീസ് അന്വേഷണം നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |