പാലാ : ഓസ്‌ട്രേലിയയിൽ മന്ത്രിയാകുന്ന ആദ്യ ഇന്ത്യക്കാരനായി പാലാ മൂന്നിലവ് സ്വദേശി ജിൻസൺ ആന്റോ ചാൾസ്. ആന്റോ ആന്റണി എം.പിയുടെ സഹോദരൻ ചാൾസിന്റെ മൂത്തമകനാണ്.
നോർത്തേൺ ടെറിട്ടറി സ്റ്റേറ്റിലെ സാൻഡേഴ്‌സൺ മണ്ഡലത്തിൽ നിന്ന് ലിബറൽ പാർട്ടി ടിക്കറ്റിലാണ് വിജയിച്ചത്. ലേബർ പാർട്ടി പ്രതിനിധിയും മുൻ ആഭ്യന്തര മന്ത്രിയുമായ കെയ്‌റ്റ് വേർഡനെയാണ് പരാജയപ്പെടുത്തിയത്. കായികം, കല, സംസ്കാരം, യുവജനക്ഷേമം വകുപ്പുകളാണ് ലഭിച്ചത്.
2011ൽ നഴ്സായാണ് ജിൻസൺ ഓസ്‌ട്രേലിയയിൽ എത്തിയത്. നോർത്ത് ടെറിട്ടറി സർക്കാരിന്റെ ടോപ് എൻഡ് മെന്റൽ ഹെൽത്തിലെ ഡയറക്ടറായും ചാൾസ് ഡാർവിൻ യൂണിവേഴ്‌സിറ്റിയിൽ ലക്ചററായും സേവനം അനുഷ്ഠിക്കുകയായിരുന്നു. മലയാളി അസോസിയേഷൻ മുൻ പ്രസിഡന്റാണ്.
ടോപ് എൻഡ് മെന്റൽ ഹെൽത്തിൽ ക്ലിനിക്കൽ കൺസൾട്ടന്റായ ചാലക്കുടി സ്വദേശി അനുപ്രിയയാണ് ഭാര്യ. എയ്മി കേയ്‌റ്റിലിൻ ജിൻസൺ, അന്നാ ഇസബെൽ ജിൻസൺ എന്നിവരാണ് മക്കൾ.
ജിൻസന്റെ മൂന്നിലവിലെ പുന്നത്താനിയിൽ വീട്ടിലെത്തിയ ആന്റോ ആന്റണി എം.പി ഫോണിൽ വിളിച്ച് ആശംസകൾ നേർന്നു. ബന്ധുക്കൾ ചേർന്ന് കേക്ക് മുറിച്ചു.
സന്തോഷം പങ്കിടാൻ
മാതാപിതാക്കളും
ജിൻസണിന്റെ മന്ത്രിസഭാ പ്രവേശം അച്ഛൻ ചാൾസ് ആന്റണിക്കും അമ്മ ഡെയ്സി ചാൾസിനും ഇരട്ടിമധുരമായി. കഴിഞ്ഞ മൂന്ന് മാസമായി ഇരുവരും ഓസ്ട്രേലിയയിലുണ്ട്. കഴിഞ്ഞ വർഷം അരുവിത്തുറ പള്ളിയിൽ മകളുടെ ആദ്യ കുർബാനയ്ക്ക് ജിൻസൺ നാട്ടിലെത്തിയിരുന്നു. ദന്ത ഡോക്ടറായ ഡോ. ജിയോ ടോം ചാൾസ്, പാലാ മാർസ്ലീവാ മെഡിസിറ്റിയിലെ ഡോ. അനിറ്റ് കാതറിൻ ചാൾസ് എന്നിവരാണ് സഹോദരങ്ങൾ.
എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാകണം. നാളെ ഇന്ത്യൻ സമയം രാവിലെ 7നാണ് സത്യപ്രതിജ്ഞ
- ജിൻസൺ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |