തിരുവനന്തപുരം: ആർ.എസ്.എസ് ഉന്നത നേതാവ് റാം മാധവുമായി എ.ഡി.ജി.പി എം.ആർ. അജിത്കുമാർ കോവളത്ത് നടത്തിയ കൂടിക്കാഴ്ചയിൽ ഒപ്പം കൂട്ടിയത് മുഖ്യമന്ത്രിയുടെ
'ഉറ്റബന്ധു"വിനെ! തലസ്ഥാനത്തെ ആർ.എസ്.എസ് നേതാവും മറ്റൊരാളും ഒപ്പമുണ്ടായിരുന്നു. ഗുരുതരമായ ആരോപണങ്ങൾ നേരിടുന്ന അജിത്കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റാനാവാതെ സർക്കാർ സമ്മർദ്ദത്തിലായതിനു കാരണം ഇതാണെന്നാണ് സൂചന.
മുഖ്യമന്ത്രിയുടെ 'ബന്ധു"വിനെ ഒപ്പം കൂട്ടി പോകേണ്ട യാതൊരു കാര്യവും എ.ഡി.ജി.പിക്കുണ്ടായിരുന്നില്ലെന്നും ആർ.എസ്.എസ് നേതാവുമായുള്ള കൂടിക്കാഴ്ച ദുരൂഹമാണെന്നും ഇന്റലിജൻസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. റാം മാധവ് ഒരു ഇംഗ്ലീഷ് മാദ്ധ്യമത്തിന്റെ കോൺക്ലേവിനെത്തിയപ്പോഴായിരുന്നു കൂടിക്കാഴ്ച. മുഖ്യമന്ത്രിയെയും കടുത്ത പ്രതിരോധത്തിലാക്കുന്നതാണ് ബന്ധുവിനെയും കൂട്ടിയുള്ള എ.ഡി.ജി.പിയുടെ ദുരൂഹ സന്ദർശനം.
2023 മേയ് 23ന് തൃശൂരിൽ ആർ.എസ്.എസ് നേതൃത്വത്തിലെ രണ്ടാമനായ ജനറൽസെക്രട്ടറി ദത്താത്രേയ ഹൊസബളെയെ കണ്ടതിനു പിന്നാലെ, ജൂൺ രണ്ടിനായിരുന്നു കോവളത്ത് റാം മാധവുമായുള്ള കൂടിക്കാഴ്ച. ഇന്നലെ സെക്രട്ടേറിയറ്റിലെ ഓഫീസിൽ മുഖ്യമന്ത്രിയെ കണ്ട പൊലീസ് മേധാവി ഷേഖ് ദർവേഷ് സാഹിബും ഇന്റലിജൻസ് മേധാവി മനോജ് എബ്രഹാമും ഈ ദുരൂഹ കൂടിക്കാഴ്ചയുടെ വിവരങ്ങൾ മുഖ്യമന്ത്രിയെ ധരിപ്പിച്ചു. ആർ.എസ്.എസ് കൂടിക്കാഴ്ചയെക്കുറിച്ച് അന്വേഷിക്കാൻ ഡി.ജി.പിയോട് മുഖ്യമന്ത്രി നിർദ്ദേശിച്ചിരുന്നതായി അറിയുന്നു. ഇതുസംബന്ധിച്ച ഇന്റലിജൻസ് റിപ്പോർട്ടുകൾ ഡി.ജി.പി ശേഖരിച്ചു.
തൃശൂർ പൂരം അലങ്കോലപ്പെടുത്തിയതിനെക്കുറിച്ച് ഡി.ജി.പി വിശദമായി അന്വേഷിക്കുന്നുണ്ട്. 14 മുതൽ നാലുദിവസത്തേക്ക് അജിത്ത് അവധിയിലാണ്. ഇതു നീട്ടാൻ സർക്കാർ ആവശ്യപ്പെടാനിടയുണ്ട്. എ.ഡി.ജി.പി എച്ച്.വെങ്കടേശിനാവും പകരം ചുമതല.
സർക്കാർ നേരിടുന്ന പ്രതിസന്ധി
1. അജിത് കുമാറിനെ ഉടൻ മാറ്റിയാൽ ആരോപണങ്ങൾ ശരിവയ്ക്കുന്നതിന് തുല്യമാവും
2. മുഖ്യമന്ത്രിയുടെ ഓഫീസിലേക്കടക്കം ആരോപണം നീളുമെന്നും ആശങ്ക
3. കൂടുതൽപേർ പരാതിയുമായി രംഗത്തെത്താനിടയുണ്ടെന്ന് വിലയിരുത്തൽ
4. അജിതിനെ ഒഴിവാക്കണമെന്ന് ഡി.ജി.പി നാലുവട്ടം ശുപാർശചെയ്തിരുന്നു, മുഖ്യമന്ത്രി സ്വീകരിച്ചില്ല
5. അന്വേഷണ വിധേയമായി മാറ്റിനിറുത്തണമെന്ന ശുപാർശയും തള്ളി.
6. അന്വേഷണറിപ്പോർട്ടുകൾ കണ്ടശേഷം തീരുമാനമെടുക്കാമെന്നാണ് സർക്കാർ നിലപാട്
എൽ.ഡി.എഫിൽ അതൃപ്തി
അജിത്തിനെ സർക്കാർ സംരക്ഷിക്കുന്നതായി ആരോപിച്ച് പ്രതിപക്ഷം സമരം കടുപ്പിക്കുകയാണ്.
മാറ്റാത്തതിൽ സി.പി.എമ്മിലും ഇടതുമുന്നണിയിലും അതൃപ്തി പടരുന്നുണ്ട്.
ആർ.എസ്.എസ് നേതാവ് റാം മാധവുമായുള്ള എ.ഡി.ജി.പി അജിത് കുമാറിന്റെ കൂടിക്കാഴ്ചയുടെ വിവരം പുറത്തുവരുമ്പോൾ കേരളം ഞെട്ടും
-വി.ഡി. സതീശൻ, പ്രതിപക്ഷ നേതാവ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |