ഇന്ന് ചെറുപ്പക്കാരിൽ കൂടുതലായി കണ്ടുവരുന്ന പ്രവണതയാണ് വളരെ വൈകി ഉറങ്ങുകയെന്നത്. ഫോൺ ഉപയോഗമാണ് ഇതിന്റെ പ്രധാന കാരണങ്ങളിലൊന്ന്. രാത്രി വൈകിയും സമൂഹമാദ്ധ്യമങ്ങളിൽ സമയം ചെലവഴിക്കുന്നതും ഫോണിൽ സംസാരിക്കുന്നതും സിനിമ കാണുന്നതുമെല്ലാം ഉറക്കത്തെ ബാധിക്കുന്നു. മാനസിക സമ്മർദ്ദംമൂലം ഉറക്കം വൈകിയെത്തുന്നവരും ഉണ്ട്. എന്നാൽ വൈകി ഉറങ്ങുന്നവരെ പിടികൂടാൻ ഒരു രോഗമെത്തുന്നുവെന്ന പഠനമാണ് പുറത്തുവരുന്നത്.
നേരത്തെ ഉറങ്ങുന്നവരെ അപേക്ഷിച്ച് വൈകി ഉറങ്ങുന്നവർക്ക് ടൈപ്പ് 2 ഡയബറ്റീസ് (പ്രമേഹം) വരാനുള്ള സാദ്ധ്യത 50 ശതമാനം കൂടുതലാണെന്നാണ് പഠനം വ്യക്തമാക്കുന്നത്. പ്രമേഹത്തെ കൂടാതെ ഇത്തരക്കാർക്ക് ബോഡി മാസ് ഇൻഡക്‌സ് (ബിഎംഐ) കൂടുതലായിരിക്കും. ഒരു വ്യക്തിയുടെ ഭാരവും ഉയരവും കണക്കാക്കിയുള്ള മൂല്യമാണ് ബിഎംഐ.
മാത്രമല്ല ഇടുപ്പളവ് വർദ്ധിക്കും, വിസറൽ, കരൾ കൊഴുപ്പ് പോലുള്ള ശരീരത്തിൽ ഒളിഞ്ഞിരിക്കുന്ന കൊഴുപ്പ് കൂടുമെന്നും പഠനത്തിൽ പറയുന്നു. സ്‌പെയിനിലെ മാഡ്രിഡിൽ നടക്കുന്ന യൂറോപ്യൻ അസോസിയേഷൻ ഫോർ ദി സ്റ്റഡി ഒഫ് ഡയബറ്റീസിന്റെ വാർഷിക യോഗത്തിൽ പഠനം അവതരിപ്പിക്കും. പഠനം നിലവിൽ പ്രസിദ്ധീകരിച്ചിട്ടില്ല.
നെതർലൻഡ്‌സിലെ ലീഡൻ യൂണിവേഴ്‌സിറ്റി മെഡിക്കൽ സെന്ററിലെ ഡോക്ടർ ജെറോൺ വാൻ ഡെർ വെൽഡെയുടെ നേതൃത്വത്തിലാണ് പഠനം നടത്തിയത്. ഉറക്കത്തിന്റെ സമയം, ശരീരത്തിലെ കൊഴുപ്പ്, പ്രമേഹ സാദ്ധ്യത എന്നിവയുമായുള്ള ബന്ധമാണ് പഠനത്തിൽ മുഖ്യമായും കേന്ദ്രീകരിച്ചത്.
ഇന്ത്യയിൽ ഏറ്റവും സാധാരണമായ സാംക്രമികേതര രോഗങ്ങളിൽ ഒന്നാണ് ടൈപ്പ് 2 പ്രമേഹം. രാജ്യത്ത് 100 ദശലക്ഷത്തിലധികം പ്രമേഹ രോഗികളാണുള്ളത്. അമിതവണ്ണം, വ്യായാമക്കുറവ്, ക്രമംതെറ്റിയ ആഹാര രീതികൾ എന്നിവമൂലവും പ്രമേഹം പിടിപെടാമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.
നെതർലൻഡ്‌സ് എപ്പിഡെമിയോളജി ഓഫ് ഒബിസിറ്റി പഠനത്തിന്റെ ഭാഗമായി 5000ത്തിലധികം വ്യക്തികളിൽ നിന്നുള്ള വിവരങ്ങളാണ് വിശകലനം ചെയ്തത്. 56 വയസുവരെ പ്രായപരിധി നിശ്ചയിച്ചായിരുന്നു പഠനം നടത്തിയത്. ഇവരിൽ നിന്ന് ഉറക്കത്തിന്റെ ശീലങ്ങൾ ചോദിച്ചറിഞ്ഞായിരുന്നു വിശകലനം. ശേഷം ഇവരെ മൂന്നായി തരംതിരിച്ചു.
ശേഷം പഠനത്തിനായി തിരഞ്ഞെടുത്തവരുടെ ബിഎംഐ, ഇടുപ്പളവ്, ശരീരത്തിലെ കൊഴുപ്പിന്റെ അളവ് എന്നിവ അളക്കും. വിസറൽ, ലിവർ ഫാറ്റ് എന്നിവ എം ആർ ഐ സ്‌കാനിലൂടെയായിരിക്കും കണ്ടെത്തുക. ആറുവർഷത്തോളം നടത്തിയ പഠനത്തിൽ പഠിതാക്കളിൽ വൈകിയുറങ്ങുന്ന ശീലമുള്ള 225 പേർക്ക് ടൈപ്പ് 2 പ്രമേഹം ബാധിച്ചതായി കണ്ടെത്തി.
പൊതുവിൽ പിന്തുടർന്ന് പോകുന്ന ഉറക്ക ശീലങ്ങളുമായി സമന്വയമില്ലാത്തതാണ് ലേറ്റ് ക്രോണോടൈപ്പുകളുടെ ബോഡി ക്ളോക്ക് അഥവാ സർക്കാഡിയം റിഥം എന്നാണ് പഠനത്തിൽ വ്യക്തമായതെന്ന് ഡോക്‌ടർ ജെറോൺ വാൻ പറഞ്ഞു. ഇത് സർക്കാഡിയന്റെ തെറ്റായ ക്രമീകരണത്തിലേക്ക് നയിക്കുമെന്നും ഇത് ഉപാപചയ അസ്വസ്ഥതകളിലേയ്ക്കും ആത്യന്തികമായി ടൈപ്പ് 2 പ്രമേഹത്തിലേക്കും നയിച്ചേക്കാമെന്നും ഡോക്‌ടർ വ്യക്തമാക്കി.
പ്രായം, ശാരീരിക പ്രവർത്തനങ്ങൾ, ഉറക്കത്തിന്റെ ഗുണനിലവാരം തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ചാലും മറ്റ് രണ്ട് ഗ്രൂപ്പുകളെ അപേക്ഷിച്ച് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാദ്ധ്യത ലേറ്റ് ക്രോണോടൈപ്പുകളിൽ 46 ശതമാനം കൂടുതലാണെന്ന് കണ്ടെത്തി. ഇവർക്ക് ഉയർന്ന ബിഎംഐ, വലിയ അരക്കെട്ടുകൾ, കൂടുതൽ വിസറൽ, കരൾ കൊഴുപ്പ് എന്നിവയും രൂപപ്പെട്ടതായി പഠനത്തിൽ കണ്ടെത്തി. രാത്രി വൈകിയുള്ള ആഹാര ശീലങ്ങളും ഫോൺ ഉപയോഗവും മറ്റും ഒഴിവാക്കുകയെന്നതാണ് ഇതിനുള്ള പ്രധാന മാർഗങ്ങളിലൊന്നെന്നും ഡോക്‌ടർ നിർദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |