ആലപ്പുഴ: മാരാരിക്കുളത്ത് കോർത്തുശേരി ക്ഷേത്രത്തോട് ചേർന്നുള്ള വീടിന്റെ പരിസരത്ത് കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ മൃതദേഹം കടവന്ത്രയിൽ നിന്നും കാണാതായ സുഭദ്രയുടേത്(73) തന്നെയെന്ന് തെളിഞ്ഞു. സുഭദ്രയുടെ മകൻ രാധാകൃഷ്ണൻ മൃതദേഹം തിരിച്ചറിഞ്ഞു. പറമ്പിലെ വീട്ടിൽ വാടകയ്‌ക്ക് താമസിച്ചിരുന്ന കാട്ടൂർ സ്വദേശി മാത്യൂസ്, ഭാര്യ ശർമ്മിള എന്നിവരെ കാണാനില്ല. സുഭദ്ര സ്ഥിരമായി ഇവരെ കാണാൻ വരാറുണ്ടായിരുന്നു.
ദൂരെസ്ഥലങ്ങളിലെ ക്ഷേത്ര സന്ദർശനം നടത്തിയിരുന്ന സുഭദ്രയെ ഓഗസ്‌റ്റ് നാലാം തിയതി മുതലാണ് കാണാതായത്. തുടർന്ന് മകൻ രാധാകൃഷ്‌ണൻ നൽകിയ പരാതിയിലെ അന്വേഷണത്തിലാണ് പൊലീസ് മൃതദേഹം കണ്ടെത്തിയത്. നാലാം തീയതി രാത്രി 8.30ന് ശേഷമാണ് സുഭദ്രയെക്കുറിച്ച് വിവരമൊന്നും ലഭിക്കാതായത്. മൊബൈൽഫോൺ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിൽ അവസാനമായി കലവൂരാണ് സുഭദ്ര എത്തിയതെന്ന് വിവരം കിട്ടി.
സുഭദ്രയുടെ മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റും. ആന്തരിക അവയവങ്ങളുടെ സാമ്പിളുകളും ശേഖരിക്കും. പൊലീസ് നായയെ കൊണ്ടുവന്ന് നടത്തിയ അന്വേഷണത്തിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. കാണാതായ ദമ്പതികളുമായി ഒരുമിച്ച് സുഭദ്ര യാത്ര ചെയ്‌തെന്നും വിവരമുണ്ട്. ഇവർ സുഭദ്രയുടെ സ്വർണം മോഷ്ടിച്ചെന്നും ഇതിന് ശേഷം തമ്മിൽ തെറ്റിയെന്നുമാണ് വിവരം. നാളുകൾക്ക് ശേഷം ഇവർ തമ്മിൽ വീണ്ടും അടുപ്പത്തിലായി. ശേഷം സുഭദ്രയെ കലവൂരിലെ വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്തി ബാക്കി സ്വർണവും കവർന്നതായാണ് സൂചന. സുഭദ്ര കോർത്തുശേരിയിലെ വീട്ടിലെത്തിയിട്ടുണ്ടെന്ന് അടുത്തുള്ള വീട്ടിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നും വ്യക്തമായിട്ടുണ്ട്. ഓഗസ്‌റ്റ് ഏഴിന് കോർത്തുേശേരിയിലെ ഒരു കൂലിപ്പണിക്കാരനെക്കൊണ്ട് ഇവിടെ കുഴിയെടുത്തിരുന്നു. ഇയാൾ മൊഴി നൽകിയ അടിസ്ഥാനത്തിലാണ് വീട്ടുപരിസരത്ത് പരിശോധന നടന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |