മടി മിക്ക മനുഷ്യർക്കുമുള്ള ഒരു പ്രശ്‌നമാണ്. ചെയ്യേണ്ട വിഷയത്തോടുള്ള താൽപര്യമില്ലായ്‌മ, അറിവില്ലായ്‌മ, ഭയം ഇവയെല്ലാമാണ് പലരും മടിപിടിക്കുന്നതിന് കാരണം. അദ്ധ്വാനശീലത്തിന് പേരുകേട്ട ജപ്പാനിൽ ഈ പ്രശ്‌നം മറികടക്കാൻ ചില ലഘുവായ മുറകളുണ്ട്. അവ ക്രമേണ പരിശീലിച്ചാൽ ഏത് മടിയനും മിടുക്കനാകും എന്നാണ് ജാപ്പനീസ് വിശ്വാസം.
കൈസൻ എന്നതാണ് ആദ്യത്തെ പരിശീലന മുറ. കെയ് എന്നാൽ മാറ്റമെന്നും സെൻ എന്നാൽ ജ്ഞാനം അഥവാ അറിവെന്നുമാണ് അർത്ഥം. ചെയ്യാൻ പ്രയാസമുള്ള കാര്യം വളരെ കുറച്ച് സമയം ഒന്ന് ചെയ്യുക. ശേഷം ഇഷ്‌ടമുള്ളത് ചെയ്യുക. ഒരുമിനിട്ട് ഇങ്ങനെ ചെയ്‌താൽ മതി. ക്രമേണ ഇത് സമയം വർദ്ധിപ്പിച്ച് കാര്യങ്ങൾ ചെയ്യാൻ നിങ്ങളെ പ്രാപ്‌തരാക്കും. അതോടെ ഏത് വിഷയമാണോ മടിപിടിച്ചിരുന്നത് അത് നന്നായിതന്നെ പൂർത്തിയാക്കാനും കഴിയും.
ഷോഷിൻ എന്നൊരു മുറയുണ്ട്. ചെയ്യേണ്ട കാര്യങ്ങളെ നിസാരമായി കാണാതെ അതൊരു വെല്ലുവിളിയായി എടുത്ത് ചെയ്യുകയാണ് ഈ ടെക്‌നിക്. ഈ മുറ സ്വീകരിക്കുന്നതോടെ ജോലി ആസ്വാദ്യകരമായി മാറുകയും അവ സമയബന്ധിതമായി തീർക്കാനും സാധിക്കും ഒപ്പം ഉത്തരവാദിത്വബോധവും ലഭിക്കും.
പോമോഡോറോ:25 മിനിട്ട് ഇടവേളകളിലായി ചെയ്യേണ്ട ജോലിയെ വിഭജിക്കുന്ന ടാസ്‌ക് ആണ് പോമോഡോറോ. ഒരു കാര്യം ചെയ്യാൻ അത്യാവശ്യമായി വേണ്ടതാണ് ലക്ഷ്യബോധം. ഈ ടെക്‌നിക് ലക്ഷ്യബോധത്തെ നഷ്‌ടപ്പെടുത്താതിരിക്കുകയും ഒരു കാര്യത്തിലും താൽര്യമില്ലാത്ത അവസ്ഥയെ പരിഹരിക്കുകയും ചെയ്യും.
സ്ഥിരോത്സാഹം എന്ന അവസ്ഥയെ കുറിക്കുന്ന പദമാണ് ഗാമൻ. കുട്ടികളെയടക്കം ഈ വിദ്യകൾ പരിശീലിപ്പിക്കുന്നുണ്ട്. ഭൂചലനം,മറ്റ് പ്രതിസന്ധികൾ ഇവയെ തരണം ചെയ്യാൻ ജപ്പാൻകാരെ സഹായിക്കുന്ന വിദ്യയാണിത്.
പൂർണതയില്ലാത്ത ജോലിയായാലും അതിൽ സന്തോഷം കണ്ടെത്തുന്നതാണ് വാബി സാബി ടെക്‌നിക്. ഇത് എത്ര ചെറിയ ജോലിയെയും ആസ്വാദ്യകരമാക്കുന്നുണ്ട്. ഹരഹച്ചി ബു എന്നതാണ് അടുത്ത വിദ്യ. ഇത് ഒരു ജാപ്പനീസ് ഭക്ഷണക്രമമാണ്. വയറുനിറയെ കഴിക്കുന്നതിന് പകരം ഒരാൾ 80 ശതമാനം ഭക്ഷണം മാത്രം കഴിക്കുന്ന രീതിയാണിത്. അമിതമായി ഭക്ഷണം കഴിച്ചതിന്റെയോ തീരെ കുറച്ച് കഴിച്ചതിന്റയോ ആയ മന്ദത ബാധിക്കാതെ അവനവൻ ചെയ്യേണ്ട കാര്യങ്ങൾ ചെയ്യാൻ ഈ വിദ്യ പരിശീലിപ്പിക്കുന്നു. ഇത്തരം കാര്യങ്ങൾ ശ്രമിച്ചുനോക്കൂ മടി മാറി സ്ഥിരോത്സാഹിയായി മാറുന്നതിന് സഹായിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |