
ഹൈദരാബാദ്: ചികിത്സയുടെ ഭാഗമായി നല്‍കിയ ഗുളികയ്‌ക്കൊപ്പം രാസവസ്തു ഉള്ളില്‍ച്ചെന്ന് യുവാവിന് ദാരുണാന്ത്യം. പനി ബാധിച്ച് ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയതായിരുന്നു ഗണേഷും അമ്മയും. ഗണേഷിനെ പരിശോധിച്ച ശേഷം ഡോക്ടര്‍ ഇയാള്‍ക്ക് കഴിക്കാന്‍ ഗുളിക നല്‍കി. വെള്ളം തേടി പോയ അമ്മ ലബോറട്ടറിക്ക് പുറത്തിരുന്ന പാത്രത്തില്‍ വെള്ളമാണെന്ന് കരുതി അത് കുടിക്കാന്‍ കൊടുത്തു. അമ്മ രാമലിംഗമ്മയ്ക്ക് തെറ്റിദ്ധാരണ കാരണമാണ് അപകടം സംഭവിച്ചത്.
ചിന്ന അനുമൂല ഗ്രാമത്തില്‍ നിന്നുള്ള സത്യപ്രസാദ് രാമലിംഗമ്മ ദമ്പതികളുടെ മകനാണ് ഗണേഷ്. രണ്ട് ദിവസമായി പനി ബാധിച്ച് കിടപ്പിലായ മകനെ ചികിത്സയ്ക്കായി മിരിയാലഗുഡയിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുവന്നതായിരുന്നു ഇവര്‍. മകന് മരുന്ന് നല്‍കാന്‍ ആശുപത്രിക്കുള്ളില്‍ അമ്മ വെള്ളം തേടിയെങ്കിലും ഡിസ്‌പെന്‍സറില്‍ കുടിവെള്ളം ഉണ്ടായിരുന്നില്ല. തൊട്ടടുത്തായി ലാബിന് പുറത്തിരുന്ന ഫോര്‍മാല്‍ഡിഹൈഡ് കെമിക്കല്‍ കണ്ട് കുടിവെള്ളമാണെന്ന് തെറ്റിദ്ധരിച്ച് ഒരു കുപ്പിയില്‍ നിറച്ച് മകന് കൊടുക്കുകയായിരുന്നു.
രണ്ട് കവിള്‍ കുടിച്ചതോടെയാണ് അബദ്ധം മനസിലായത്. നിമിഷങ്ങള്‍ക്കകം യുവാവ് കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു. ഗുരുതരമായ അനാസ്ഥയാണ് ആശുപത്രിയില്‍ നിന്നുണ്ടായതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ലാബിന് പുറത്ത് അപകടകരമായ രാസവസ്തു വച്ചതാണ് മരണത്തിന് കാരണമെന്നും കുടിവെള്ളം ഉറപ്പാക്കാത്തത് ഗുരുതര അനാസ്ഥയാണെന്നും കുടുംബം ആരോപിച്ചു. ആശുപത്രിയുടെ ഭാഗത്ത് നിന്ന് ഗുരുതരമായ വിട്ടുവിഴ്ചയുണ്ടായെന്ന് കാണിച്ച് ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ് പൊലീസ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |