മലപ്പുറം: ഭർത്താവ് വിദേശത്താണെന്ന് വിശ്വസിപ്പിച്ച് യുവാവിൽ നിന്ന് ഹണിട്രാപ്പിലൂടെ പണം തട്ടിയ യുവതിയും ബന്ധുവും പിടിയിലായി. മലപ്പുറം കാവനൂർ സ്വദേശി അൻസീന (29), ഭർതൃസഹോദരൻ ഷഹബാബ് (29) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ മറ്റ് പ്രതികളായ അൻസീനയുടെ ഭർത്താവ് ശുഹൈബ്, സുഹൃത്തായ മൻസൂർ എന്നിവർക്കായുളള തിരച്ചിൽ പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സംഭവം.
സോഷ്യൽമീഡിയയിലൂടെ അൻസീന യുവാവുമായി പരിചയത്തിലായി. പിന്നാലെ ഹണിട്രാപ്പിലൂടെ കൂടുക്കുകയായിരുന്നു. ഭർത്താവ് വിദേശത്താണെന്ന് പറഞ്ഞ് യുവതി പരാതിക്കാരനെ വീട്ടിലേക്ക് ക്ഷണിച്ചു. ഇയാൾ വീടിന് സമീപം എത്തിയപ്പോൾ അൻസീനയുടെ ഭർത്താവും മറ്റ് പ്രതികളും ചേർന്ന് യുവാവിനെ പിടികൂടുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു. തുടർന്ന് യുവാവിനെ മർദ്ദിച്ച് കൈയിലുണ്ടായിരുന്ന 17,000 രൂപയും മൊബൈൽഫോണും പിടിച്ചെടുത്തു.
ഇതിനുപിന്നാലെ അൻസീന വീണ്ടും യുവാവിനെ ഫോണിൽ വിളിച്ച് വിദേശത്തുള്ള ഭർത്താവ് സംഭവമറിഞ്ഞാൽ പ്രശ്‌നമാകുമെന്നും അതിനാൽ പ്രതികൾ ആവശ്യപ്പെടുന്ന പണം നൽകണമെന്നും അറിയിച്ചു. പ്രതികൾ യുവാവിനോട് രണ്ട് ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. സുഹൃത്തുക്കൾ മുഖേന യുവാവ് പ്രതികൾക്ക് 25,000 രൂപ കൂടി സംഘടിപ്പിച്ച് കൊടുത്തു. പിന്നാലെ ഇയാളുടെ പേരിൽ വായ്പ സംഘടിപ്പിക്കാനും ഇതുവഴി അരീക്കോട്ടെ വ്യാപാര സ്ഥാപനത്തിൽ നിന്ന് രണ്ട് മൊബൈൽ ഫോണുകൾ വാങ്ങിക്കാനും ശ്രമിച്ചു. വിവരമറിഞ്ഞ പരാതിക്കാരന്റെ സുഹൃത്തുക്കളാണ് പൊലീസിൽ വിവരമറിയിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |