കൊച്ചി: നിവിൻ പോളിക്കെതിരെ ആരോപണം ഉന്നയിച്ച് മറ്റ് പരാതികളെല്ലാം വ്യാജം എന്ന് വരുത്തി തീർക്കാൻ ചിലർ ശ്രമിക്കുന്നതായി സംവിധായകൻ ബെെജു കൊട്ടാരക്കര. തനിക്കെതിരായ ലൈംഗികാരോപണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന സംശയവുമായി നടൻ നിവിൻ പോളി രംഗത്തെത്തിയിരുന്നു. സിനിമയിൽ നിന്നുള്ളവർ തന്നെയാണ് ഇതിന് പിന്നിലെന്ന് സംശയമുണ്ടെന്നും ക്രൈം ബ്രാഞ്ച് എഡിജിപിക്ക് നൽകിയ പരാതിയിൽ നിവിൻ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ബെെജു കൊട്ടാരക്കരയുടെ പ്രതികരണം.
'പരാതികളെല്ലാം വ്യാജമാണെന്ന് വരുത്തി തീർക്കാനും ആരോപണം ഉന്നയിക്കുന്നവരുടെ വിശ്വാസ്യത തകർക്കാനുമാണ് ഈ ശ്രമമെന്നാണ് എന്റെ നിഗമനം. കാരണം പരാതിക്കാരിയ്‌ക്കെതിരെ കഞ്ചാവ് കേസുകൾ അടക്കമുണ്ട്. ഈ പരാതിക്കാരിയുടേത് മാത്രമല്ല, മറ്റ് ചിലരുടെയും ഉദ്ദേശശുദ്ധിയിൽ സംശയമുണ്ട്. നിവിൻ ഇപ്പോൾ വലിയ പ്രൊജക്ടുകൾ ഭാഗമാണ്. ഇത് മുടക്കാനുള്ള ചില വ്യക്തികളുടെ ശ്രമമാണോ ഈ പരാതിയെന്ന് അറിയില്ല. സിനിമാ മേഖലകളിൽ ഇത്തരം ശ്രമങ്ങൾ പതിവാണല്ലോ. അതെക്കുറിച്ചും അന്വേഷണം വേണം',- ബെെജു കൊട്ടാരക്കര പറഞ്ഞു.
ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നടിമാരുൾപ്പെടെ നിരവധിപേർ നടന്മാർക്കും സംവിധായകർക്കുമെതിരെ ലൈംഗികാരോപണവുമായി രംഗത്തെത്തിയിരുന്നു. അതിനൊപ്പമാണ് നിവിൻ പോളിയുടെ പേരും ഉയർന്നത്. അവസരം വാഗ്ദാനം ചെയ്‌ത് ദുബായിലെ ഹോട്ടൽ മുറിയിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ചു എന്നായിരുന്നു ആരോപണം. എന്നാൽ, ആരോപണം ഉയർന്ന അന്നുതന്നെ ഇക്കാര്യം നിഷേധിച്ച് നിവിൻ പരാതിക്കാരിക്കെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് അറിയിച്ചു.
പിന്നാലെ പരാതിയിലെ വാദങ്ങൾ തെറ്റാണെന്ന് പറഞ്ഞ് വിനീത് ശ്രീനിവാസൻ, നിർമാതാവ് വിശാഖ് സുബ്രഹ്മണ്യം, നടി പാർവതി കൃഷ്‌ണ, നടൻ ഭഗത് മാനുവൽ തുടങ്ങിയവർ തെളിവുമായി രംഗത്തെത്തി. ഇതിന് പിന്നാലെയാണ് നിവിൻ ഇന്ന് എഡിജിപിക്ക് നേരിട്ട് പരാതി നൽകിയത്. തനിക്കെതിരെയുള്ള പീഡന പരാതി ചതിയാണെന്നും സംഭവത്തിൽ താൻ നിരപരാധിയാണെന്നും നിവിൻ പോളി ക്രൈം ബ്രാഞ്ച് എഡിജിപിക്ക് നൽകിയ പരാതിയിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |