ഹാലുൻബിയുർ (ചൈന) : ഏഷ്യൻസ് ചാമ്പ്യൻസ് ട്രോഫി ഹോക്കിയിൽ നിലവിലെ ചാമ്പ്യൻമാരായ ഇന്ത്യ വിജയക്കുതിപ്പ് തുടരുന്നു. ഇന്നലെ നടന്ന മത്സരത്തിൽ കൊറിയയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് കീഴടക്കിഇന്ത്യ തുടർച്ചയായ നാലാം ജയം സ്വന്തമാക്കി. ഇന്ത്യ നേരത്തേ തന്നെ സെമി ഉറപ്പിച്ചിരുന്നു. ഇരട്ടഗോളുകളുമായി തിളങ്ങിയ ക്യാപ്ടൻ ഹർമ്മൻ പ്രീത് സിംഗാണ്
കൊറിയക്കെതിരെ ഇന്ത്യൻ വിജയത്തിൽ നിർണായക പങ്കുവഹിച്ചത്. എട്ടാം മിനിട്ടിൽ തന്നെ യുവതാരം അരെയ്‌ജിത്ത് സിംഗ് ഹുണ്ടാൽ ഇന്ത്യയെ മുന്നിലെത്തിച്ചു. തൊട്ടടുത്ത നിമിഷം ഹർമ്മൻപ്രീത് ലീഡുയർത്തി.എന്നാൽ രണ്ടാം ക്വാർട്ടറിൽ 30-ാം മിനിട്ടിൽ യംഗിലൂടെ കൊറിയ ഒരുഗോൾ മടക്കി. എന്നാൽ 43-ാം മിനിട്ടിൽ ഹർമ്മൻപ്രീത് ഇന്ത്യയുടെ മൂന്നാം ഗോൾ നേടി വിജയമുറപ്പിച്ചു.
ഗ്രൂപ്പിലെ തങ്ങളുടെ അവസാന മത്സരത്തിൽ ഇന്ത്യ നാളെ പാകിസ്ഥാനെ നേരിടും. പാകിസ്ഥാനും സെമി ഉറപ്പിച്ചു കഴിഞ്ഞു. 4 മത്സരങ്ങളും ജയിച്ച് ഒന്നാം സ്ഥാനത്തുള്ള ഇന്ത്യയ്ക്ക് 12 പോയിന്റും 2 വീതം ജയവും സമനിലയുമായി രണ്ടാം സ്ഥാനത്തുള്ള പാകിസ്ഥാന് 8 പോയിന്റുമാണുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |