കൊൽക്കത്ത: രാജ്യത്തിന്റെ സ്വന്തം ഫുട്ബാൾ ലീഗായ ഇന്ത്യൻ സൂപ്പർ ലീഗിന്റെ പതിനൊന്നാം പതിപ്പിന് ഇന്ന് രാത്രി കിക്കോഫ്. നിലവിലെ ചാമ്പ്യൻമാരായ മുംബയ് സിറ്റി എഫ്സിയും ഐ.എസ്. എൽ ഷീൽഡ് ജേതാക്കളായ മോഹൻ ബഗാൻ സൂപ്പർ ജയ്ന്റ്സുമാണ് ഉദ്ഘാടന മത്സരത്തിൽ ഏറ്റുമുട്ടുന്നത്. ബഗാന്റെ തട്ടകമായ സാൾട്ട് ലേക്കിൽ രാത്രി 7.30 മുതാലാണ് പോരാട്ടം.
13 ടീമുകൾ
ഇത്തണ പതിമ്മൂന്ന് ടീമുകളാണ് കളത്തിലിറങ്ങുന്നത്. മുഹമ്മദൻസ് സ്പോർട്ടിംഗാണ് പുതുമുഖം. കഴിഞ്ഞ സീസണിലെ ഐ ലീഗ് ചാമ്പ്യൻമാരായ മുഹമ്മദൻസിന് ഐ.എസ്. എല്ലിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുകയായിരുന്നു. ഐലീഗ് ചാമ്പ്യന്മാരായതിനെ തുടർന്ന് ഐ.എസ്. എല്ലിലേക്ക് പ്രമോഷൻ ലഭിക്കുന്ന രണ്ടാമത്തെ ടീമാണ് മുഹമ്മദൻസ്. കഴിഞ്ഞ സീസണിൽ പഞ്ചാബ് എഫ് സിയും ഇങ്ങനെ സ്ഥാനക്കയറ്റം കിട്ടി ഐ.എസ് എല്ലിൽ എത്തിയിരുന്നു.
ഷീൽഡും കിരീടവും
ലീഗ് ഘട്ടത്തിൽ ഒന്നാം സ്ഥാനത്ത് വരുന്ന ടീമിനാണ് ഐ.എസ്.എൽ ഷീൽഡ് ലഭിക്കുന്നത്. അവർക്ക് എ.എഫ്.സി ചാമ്പ്യൻസ് ലീഗിലേക്കും യോഗ്യത ലഭിക്കും. ലീഗ് ഘട്ടത്തിലെ ആദ്യ ആറ് സ്ഥാനക്കാരാണ് ഐ.എസ്.എൽ കപ്പിനായി മത്സരിക്കുന്നത്. ആദ്യ രണ്ട് സ്ഥാനങ്ങളിലുള്ള ടീമുകൾ നേരിട്ട് സെമിയിൽ എത്തും.
പുതിയ
നിയമങ്ങൾ
തലയ്ക്ക് പരിക്കേറ്റാൽ കൺകഷൻ സബ്സ്റ്റിറ്റ്യൂട്ട് നിയമം നടപ്പാക്കും. എല്ലാ ക്ലബുകൾക്കും ഇന്ത്യക്കാരനായ സഹപരിശീലകൻ ഉണ്ടായിരിക്കണം. പ്രധാന പരിശീലകന്റെ അഭാവത്തിൽ ടീമിന്റെ ചുമതല ഇന്ത്യൻ സഹപരിശീലകന് ആയിരിക്കും.
ചുവപ്പ് കാർഡിനെതിരെ ടീമിന് അപ്പീൽ നൽകാനാകും എന്ന സുപ്രധാന നിയമവും ഇത്തവണ മുതലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |