ആറ്റിങ്ങൽ: പരിസ്ഥിതിയിലെ ഒരു അദ്ഭുത സസ്യത്തെക്കുറിച്ചുള്ള ഡോക്യുന്ററി 'ചായമൻസ - അദ്ഭുതങ്ങളുടെ മായൻ"പ്രദർശനത്തിന് ഒരുങ്ങുന്നു. മെക്സിക്കോയിൽ വളരെ പഴയ കാലഘട്ടം മുതൽ ആരാധനാലയങ്ങളുടെ സമീപ പ്രദേശങ്ങളിൽ ചായമൻസ നട്ടുവളർത്തിയിരുന്നു. പരമ്പരാഗത ഔഷധ നിർമ്മാണത്തിനും ഭക്ഷണ പദാർത്ഥമായും മായൻ വംശജർ ഇത് ഉപയോഗിച്ചിരുന്നു. ഇത്തരത്തിൽ ചായമൻസയുടെ പ്രത്യേകതകളെക്കുറിച്ച് പ്രതിപാദിക്കുന്നതാണ് ഈ ഡോക്യുമെന്ററി. കവയിത്രിയും അദ്ധ്യാപികയുമായ ബിന്ദു നന്ദനയാണ് ഡോക്യുമെന്ററിയുടെ സ്ക്രിപ്റ്റ് എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. ചായമൻസയുടെ ഗുണങ്ങൾ സാധാരണക്കാരിലെത്തിക്കുക എന്നതാണ് ഡോക്യുമെന്ററിയുടെ ലക്ഷ്യം. ചായമൻസയുടെ ജന്മദേശം മെക്സിക്കോയാണെന്ന് കരുതപ്പെടുന്നുണ്ടെങ്കിലും അവിടെനിന്നും വിവിധ സ്ഥലങ്ങളിൽ വ്യാപിച്ച ഈ സസ്യമിപ്പോൾ കേരളത്തിലും സുലഭമാണ്. കപ്പയുടെ ഇലകളോട് സാദൃശ്യമുള്ള ഈ ചെടി ആറു മീറ്ററോളം ഉയരത്തിൽ വളരും. ഇലകൾ പറിച്ചെടുക്കാനുള്ള സൗകര്യത്തിന് രണ്ട് മീറ്റർ ഉയരത്തിലും ചെടിയെ മുറിച്ചു നിറുത്താം. തണ്ട് മുറിച്ചു നടുന്നതാണ് നല്ലത്.
ഗുണങ്ങളേറെയാണ്
ഏതു കാലാവസ്ഥയെയും അതിജീവിക്കാനുള്ള കഴിവ് ചായമൻസയ്ക്കുണ്ട്. എളുപ്പത്തിൽ നട്ടു വളർത്താൻ സാധിക്കും. വിറ്റാമിനുകളുടെയും മിനറൽസിന്റെയും വലിയ കലവറയാണിത്. പല ജീവിതശൈലി രോഗങ്ങൾക്കുമുള്ള ഉത്തമ ഔഷധം കൂടിയാണിത്. ഈ ഇല കറിവച്ച് കഴിക്കുന്നത് രക്ത ചംക്രമണം വർദ്ധിപ്പിക്കാൻ സഹായിക്കും. അതുവഴി ഹൃദയാരോഗ്യം നിലനിറുത്താനും നല്ലതാണ്. കാത്സ്യം ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ പല്ലിന്റെയും എല്ലിന്റെയും വളർച്ചയ്ക്ക് സഹായിക്കുന്നു. കാത്സ്യം, ഇരുമ്പ്, പ്രോട്ടീൻ എന്നിവ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ ഗർഭിണികൾ നിത്യേന ചായമൻസ കറിവച്ച് കഴിക്കുന്നത് വളരെ നല്ലതാണ്.
ചായമൻസ ചായയും
പ്രമേഹ രോഗികൾ ഇത് ഉപയോഗിച്ച് ചായ ഉണ്ടാക്കി കുടിക്കുന്നത് രക്തത്തിൽ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു. ചായമൻസയുടെ ഇലകൾ വെള്ളത്തിലിട്ട് ഇരുപത് മിനിറ്റോളം തിളപ്പിച്ച് വെള്ളത്തിൽ അല്പം നാരങ്ങനീരും അല്പം ഉപ്പും ചേർത്ത് കുടിക്കാവുന്നതാണ്. ഇതാണ് ചായമൻസ ചായ. നാരുകൾ ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ ദഹന പ്രക്രിയയെ സുഗമമാക്കുന്നു. പൊണ്ണത്തടി കുറയ്ക്കാനും സഹായിക്കുന്നു. ഇതിൽ ആസിഡിന്റെ അംശം അടങ്ങിയിട്ടുള്ളതിനാൽ ഈ ഇല ഇരുപത് മിനിറ്റോളം മൺപാത്രത്തിൽ വേവിച്ച് മാത്രമേ കഴിക്കാൻ കഴിയൂ. ഇലയിൽ നിന്ന് വരുന്ന ദ്രാവകം നന്നായി കഴുകി വേണം ഉപയോഗിക്കാൻ. അലർജി ഉണ്ടാവാൻ സാദ്ധ്യതയുള്ളതിനാൽ ശരീര ഭാഗങ്ങളിൽ വീഴാതെ ശ്രദ്ധിക്കേണ്ടതുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |