
മാന്നാർ : വിദേശത്തുനിന്ന് നാട്ടിലെത്തിയ ശേഷം കാണാതായ യുവാവിനെ അവശനിലയിൽ കണ്ടെത്തി. ബുധനൂർ പടിഞ്ഞാറ് കൈലാസം വീട്ടിൽ രമണൻ നായരുടെ മകൻ വിഷ്ണു നായരെയാണ് (34) എണ്ണയ്ക്കാട് ഗ്രാമം പൂക്കൈതച്ചിറ ഭാഗത്ത് ചതുപ്പ് നിലത്തിൽ അവശനിലയിൽ കണ്ടെത്തിയത്. വിഷ്ണുവിനെ കാണാനില്ലെന്ന വിവരം കൗമുദി ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു. ദുബായിൽ നിന്ന് ഞായറാഴ്ച വൈകിട്ട് 7 മണിയോടെ ബുധനൂരിലെ വീട്ടിലെത്തിയ വിഷ്ണു 7.30 ഓടെ ചെട്ടികുളങ്ങരയിലുള്ള പ്രതിശ്രുത വധുവിനെ കാണാൻ പുറപ്പെട്ടിരുന്നു. തിരികെ എത്താൻ വൈകിയതിനെ തുടർന്ന് ബന്ധുക്കൾ വിഷ്ണുവിനെ മൊബൈൽ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫ് ആയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ചെട്ടികുളങ്ങരയിൽ എത്തിയിട്ടില്ലെന്ന് മനസ്സിലാക്കിയ കുടുംബം കഴിഞ്ഞദിവസം മാന്നാർ പൊലീസിൽ പരാതി നൽകുകയായിരുന്നു.
രക്ഷകനായത് ബുധനൂർ
ഗ്രാമ പഞ്ചായത്തംഗം
പൊലീസ് അന്വേഷണം നടത്തുന്നതിനിടയിൽ ബുധനൂർ ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് ജനപ്രതിനിധിയായ രാജേഷ് ഗ്രാമത്തിന് വിഷ്ണുവിന്റെ ബന്ധുക്കൾ നൽകിയ സി.സി.ടി.വി ദൃശ്യം പരിശോധിച്ചതിൽ വിഷ്ണു ബൈക്കിൽ മാവേലിക്കര കരയമട്ടം ഭാഗത്ത് നിന്ന് തിരിയുന്നതായി മനസ്സിലാക്കി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പൂക്കൈതച്ചിറ ഭാഗത്ത് ചതുപ്പ് നിലത്തിൽ ബൈക്കും തൊട്ടടുത്തായി അവശ നിലയിൽ വിഷ്ണുവിനെയും കണ്ടെത്തുകയായിരുന്നു. ഉടൻതന്നെ രാജേഷ് തന്റെ വാഹനത്തിൽ വിഷ്ണുവിനെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചതിനാൽ ജീവൻ രക്ഷിക്കാൻ കഴിഞ്ഞു. ചെട്ടികുളങ്ങരയിലേക്കുള്ള യാത്ര മധ്യേ വിഷ്ണു സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം തെറ്റി പാടത്തേക്ക് മറിഞ്ഞതാകാം എന്നാണ് നിഗമനം.
രണ്ടു ദിവസമായി ഭക്ഷണവും വെള്ളവുമില്ലാതെ കിടന്ന വിഷ്ണു കടുത്ത വെയിലേറ്റ് ഏറെ അവശനായിരുന്നെന്നും ഇപ്പോഴെങ്കിലും കണ്ടെത്താൻ കഴിഞ്ഞത് ഭാഗ്യമായെന്നും ഗ്രാമ പഞ്ചായത്തംഗം രാജേഷ് ഗ്രാമം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |