നെയ്യാറ്റിൻകര: തെരുവുനായ്ക്കൾക്ക് ബിസ്കറ്റ് നൽകുന്നത് വിലക്കിയ വൃദ്ധൻ മർദ്ദനമേറ്റതിനെ തുടർന്ന് മരിച്ചു.തലയ്ക്ക് സാരമായി പരിക്കേറ്റ് ചികിത്സയിലിരുന്ന മാരായമുട്ടം പറക്കോട്ടുകോണം കാവിൻപുറം ബ്ലസി ഭവനിൽ ഗിൽബർട്ട് (63) ആണ് മരിച്ചത്. സംഭവം ഇങ്ങനെ: ഇക്കഴിഞ്ഞ ആഗസ്റ്റ് 16ന് വൈകിട്ട് 7ഓടെ വീടിന് സമീപം ചെമ്മണ്ണുവിളയിലെ ചായക്കടയിൽ ചെന്ന ഗിൽബർട്ട് കാണുന്നത് ചെമ്മണ്ണുവിള സ്വദേശിയായ അപ്പു തെരുവുനായ്ക്കൾക്ക് ബിസ്കറ്റ് നൽകുന്നതാണ്. തെരുവുനായ്ക്കൾക്ക് ബിസ്കറ്റ് നൽകരുതെന്നും, നൽകിയാൽ പ്രദേശത്ത് അവയുടെ എണ്ണം കൂടുമെന്നും ഗിൽബർട്ട് അപ്പുവിനെ വിലക്കി. ഇതിൽ പ്രകോപിതനായ അപ്പു ഗിൽബർട്ടിന്റെ നെഞ്ചിൽ ഇടിച്ചു. ഇടിയേറ്റ ഗിൽബർട്ട് റോഡിൽ തലയടിച്ച് വീണ് പരിക്കേറ്റു. മുൻപും അപ്പു നായ്ക്കൾക്ക് ബിസ്കറ്റ് നൽകുന്നത് ഗിൽബർട്ട് വിലക്കിയിട്ടുണ്ട്.
സംഭവം പ്രദേശവാസികൾ ഗിൽബർട്ടിന്റെ മകൻ ജയലാലിനെ ഫോണിൽ അറിയിച്ചു. മകനെത്തി ഗിൽബർട്ടിനെ മാരായമുട്ടത്തെ സ്വകാര്യ ക്ലിനിക്കിലെത്തിച്ച് ചികിത്സ നൽകി വീട്ടിലേക്ക് മടങ്ങി. എന്നാൽ പിറ്റേ ദിവസം ഭക്ഷണം കഴിക്കുന്നതിനിടെ ഗിൽബർട്ട് ഛർദ്ദിക്കുകയും ബോധം നഷ്ടമാവുകയും ചെയ്തു. തുടർന്ന് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെ പരിശോധനയിൽ തലയിൽ ആഴത്തിലുള്ള മുറിവാണെന്നും ഞരമ്പ് അറ്റുപോയെന്നും മെഡിക്കൽ കോളേജിലെത്തിച്ച് ശസ്ത്രക്രിയ നടത്തണമെന്നും ഡോക്ടർമാർ നിർദ്ദേശിച്ചു. ശസ്ത്രക്രിയയും പതിന്നാല് ദിവസത്തെ ചികിത്സക്കും ശേഷം ഗിൽബർട്ടിനെ നെയ്യാറ്റിൻകര ആശുപത്രിലേക്കയച്ചു.എന്നാൽ വ്യാഴാഴ്ച്ചയോടെ അന്ത്യം സംഭവിക്കുകയായിരുന്നു. മാരായമുട്ടം പൊലീസ് അപ്പുവിനെതിരെ കേസെടുത്തു. ഭാര്യ: സെലിൻഗ്ലോറി.ആർ, മക്കൾ: ശ്യാംലാൽ.ജി.എസ്, ജയലാൽ.ജി.എസ്, മരുമക്കൾ: സുജിത.എസ്.ജെ, ദീപ.ജെ.ആർ. പ്രാർത്ഥന തിങ്കൾ വൈകുന്നേരം 3 ന്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |