ബ്രസൽസ്: ഡയമണ്ട് ലീഗ് ജാവലിൻ ത്രോ മത്സരത്തിൽ ഇന്ത്യൻ താരം നീരജ് ചോപ്രയ്‌ക്ക് രണ്ടാം സ്ഥാനം മാത്രം. നേരിയ വ്യത്യാസത്തിൽ മുൻ ലോക ചാമ്പ്യനും ഗ്രനഡയുടെ താരവുമായ ആൻഡേഴ്‌സൺ പീറ്റേഴ്‌സ് ഒന്നാമതെത്തി. 87.86 മീറ്ററാണ് നീരജിന്റെ മികച്ച പ്രകടനം. അതേസമയം ആൻഡേഴ്‌സൺ പീറ്റേഴ്‌സ് എറിഞ്ഞതാകട്ടെ 87.87ഉം. ഇത് തുടർച്ചയായി രണ്ടാം വർഷമാണ് 26കാരനായ നീരജ് ഡയമണ്ട് ലീഗിൽ രണ്ടാം സ്ഥാനം നേടുന്നത്. 2022ലെ ഡയമണ്ട് ലീഗിലെ വിജയി നീരജ് ചോപ്ര ആയിരുന്നു. ജർമ്മൻ താരം ജൂലിയൻ വെബ്ബറാണ് മൂന്നാമത്. 85.87 അണ് വെബ്ബർ എറിഞ്ഞ ദൂരം.
നീരജിന്റെ മൂന്നാമത് ഏറാണ് 87.86 മീറ്റർ എത്തിയത്. അതേസമയം ആൻഡേഴ്‌സൺ പീറ്റേഴ്‌സ് ആദ്യ ഏറിൽ തന്നെ 87.87 മീറ്റർ എത്തി. ടോക്യോ ഒളിമ്പിക്‌സിൽ ജാവലിൻ ത്രോയിൽ സ്വർണം നേടിയ നീരജിന് ഇത്തവണ പാരീസ് ഒളിമ്പിക്‌സിന് വെള്ളിമെഡലാണ് നേടാനായത്. ഇന്ന് ആൻഡേഴ്‌സൺ പീറ്റേഴ്‌സ് ആദ്യ ത്രോയിൽ തന്നെ മികച്ച ദൂരം കണ്ടെത്തിയപ്പോൾ നീരജ് ആദ്യ ത്രോയിൽ 86.82 മീറ്ററാണ് നേടിയത്. പീറ്റേഴ്‌സ് അവസാന ത്രോയിലും ആദ്യ ത്രോയിലെ അത്രതന്നെ ദൂരം നേടി തന്റെ ഒന്നാം സ്ഥാനം ഉറപ്പിച്ചു. ഓഗസ്‌റ്റ് മാസത്തിൽ ലോസാനിൽ നടന്ന മത്സരത്തിൽ ഇതിലും മികച്ച പ്രകടനമാണ് നീരജ് പുറത്തെടുത്തത്. അന്ന് 89.49 മീറ്ററാണ് എറിഞ്ഞത്. അദ്ദേഹത്തിന്റെ കരിയറിലെ രണ്ടാമത് മികച്ച പ്രകടനമായിരുന്നു അത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |