ന്യൂഡൽഹി: മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നു എന്ന കേജ്‌രിവാളിന്റെ പ്രഖ്യാപനം ഏറെ അപ്രതീക്ഷിതമായിരുന്നു. മദ്യനയ അഴിമതി കേസിൽ ജയിലിൽ കഴിഞ്ഞിരുന്നപ്പോൾ പോലും രാജിവയ്‌ക്കാത്ത അദ്ദേഹം എന്തുകൊണ്ട് ജാമ്യം ലഭിച്ചതിന് ശേഷം ഇങ്ങനെയൊരു പ്രഖ്യാപനം നടത്തി എന്ന ചോദ്യമാണ് രാജ്യമാകെ ഉയർന്നത്.
താൻ സത്യസന്ധനാണെന്ന് ജനങ്ങളെ മാത്രം ബോധിപ്പിച്ചാൽ മതിയെന്ന് പറഞ്ഞ് കേജ്‌രിവാൾ മദ്യനയക്കേസിലെ മറ്റൊരു പ്രതിയും ഡൽഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയുടെ രാജി കൂടി പ്രഖ്യാപിച്ചു. തങ്ങൾ സത്യസന്ധരാണെന്ന് ജനങ്ങൾ വിധിയെഴുതിയ ശേഷം അതത് സ്ഥാനങ്ങളിൽ തിരിച്ചെത്തുമെന്നും കേജ്‌രിവാൾ വ്യക്തമാക്കി.
48 മണിക്കൂറിന് ശേഷം രാജി വയ്‌ക്കുമെന്നാണ് കേജ്‌രിവാൾ കഴിഞ്ഞ ദിവസം പറഞ്ഞത്. ഡൽഹി മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഇനി ആര് എന്ന ചോദ്യമാണ് ഇപ്പോൾ മുഴങ്ങിക്കൊണ്ടിരിക്കുന്നത്. ഇതിനായി നിയമസഭ ഉടൻ ചേരും. കേജ്‌രിവാളിന്റെ രാജിക്ക് ശേഷം മുഖ്യമന്ത്രിക്കസേരയിൽ ഇരിക്കാൻ സാദ്ധ്യത ഏറെയുള്ള ചിലർ ഇതാ.
അതിഷി
ഡൽഹി മദ്യനയ കേസിൽ മാർച്ച് 21ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) അരവിന്ദ് കേജ്‌രിവാളിനെ അറസ്റ്റ് ചെയ്‌ത ശേഷം ആം ആദ്‌മിയെ (എഎപി) പ്രതിനിധീകരിച്ചുകൊണ്ട് മാദ്ധ്യമങ്ങൾക്ക് മുന്നിലും പല വിഷയങ്ങളിലും മുന്നിൽ നിന്ന നേതാവാണ് അതിഷി. കേജ്‌രിവാളിനെ ജയിലിലടച്ചപ്പോൾ സർക്കാരിന്റെ പ്രവർത്തനങ്ങളിൽ നിർണായക പങ്കാണ് അവർ വഹിച്ചത്. 14 വകുപ്പുകളുടെ ചുമതലയും അതിഷിയാണ് നോക്കിയത്. ഡൽഹി നിയമസഭയുടെ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സനായും അതിഷി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ശക്തമായ പ്രസംഗ പാടവവും അവരെ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള മുൻനിരക്കാരിലൊരാളാക്കി മാറ്റുന്നു.
ഗോപാൽ റായ്
വിദ്യാർത്ഥി രാഷ്‌ട്രീയത്തിന്റെ പശ്ചാത്തലമുള്ള പരിചയ സമ്പന്നനായ നേതാവാണ് ഗോപാൽ റായ് (49). പരിസ്ഥിതി, വനം, വന്യജീവി, വികസനം, പൊതുഭരണ വകുപ്പ് എന്നിവയുടെ മന്ത്രിയാണ് അദ്ദേഹം. ഒരിക്കൽ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കൈയ്‌ക്ക് വെടിയേറ്റ അദ്ദേഹം ഭാഗികമായി തളർന്നിരുന്നു. മലിനീകരണ നിയന്ത്രണം മുതൽ തൊഴിലാളി ക്ഷേമം പോലെ നഗരത്തിൽ ബുദ്ധിമുട്ടേറിയ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ അദ്ദേഹത്തിന്റെ അനുഭവപരിചയം ഏറെയാണ്.
കൈലാഷ് ഗെഹ്ലോത്
ഗതാഗത മന്ത്രിയെന്ന നിലയിൽ പ്രവർത്തനങ്ങൾക്ക് പേരുകേട്ട വ്യക്തിയാണ് ഗെഹ്ലോത് (50). ബസ് സർവീസുകളുടെ വിപുലീകരണം, ഇലക്ട്രിക് ബസുകൾ, റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ തുടങ്ങി ഗതാഗതത്തിന് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലും പുരോഗതി വരുത്തുന്നതിലും അദ്ദേഹം വലിയ പങ്ക് വഹിച്ചിട്ടുണ്ട്. പാർട്ടിയിലെ ഏറ്റവും മുതിർന്ന നേതാക്കളിൽ ഒരാളായതിനാൽ അദ്ദേഹം മുഖ്യമന്ത്രിയാകാനുള്ള സാദ്ധ്യത ഏറെയാണ്.
സുനിത കേജ്‌രിവാൾ
ഭർത്താവ് അരവിന്ദ് കേജ്‌രിവാളിനെ പോലെ തന്നെ രണ്ട് പതിറ്റാണ്ടിലേറെ ഇന്ത്യൻ റവന്യു വകുപ്പിൽ ഉദ്യോഗസ്ഥയായിരുന്നു സുനിത കേജ്‌രിവാൾ. ഡൽഹി, ഹരിയാന, ഗുജറാത്ത് എന്നിവിടങ്ങളിലെ ആം ആദ്മി പാർട്ടിയുടെ ലോക്‌സഭാ പ്രചാരണങ്ങളിൽ അവർ നിറസാന്നിദ്ധ്യമായിരുന്നു. പതിവായി പത്രസമ്മേളനങ്ങളിലും അവർ പങ്കെടുക്കാറുണ്ടായിരുന്നു. ഡൽഹിയിലും റാഞ്ചിയിലും നടന്ന 'ഇന്ത്യാ' സഖ്യത്തിന്റെ റാലിയിൽ പങ്കെടുക്കുകയും ബിജെപിക്കെതിരെ പ്രസംഗം നടത്തുകയും ചെയ്‌തിരുന്നു. രാഷ്ട്രീയേതര പശ്ചാത്തലവും ഭരണഘടനാ പരിമിതികളും അവർ മുഖ്യമന്ത്രിയാകുന്നതിന് ചിലപ്പോൾ തടസം സൃഷ്ടിച്ചേക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |