
പാട്ന: ഇന്ത്യൻ റെയിൽവെയുടെ വിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കമിട്ട ഒന്നായിരുന്നു വന്ദേഭാരത് എക്സ്പ്രസുകൾ. പ്രീമിയം സൗകര്യങ്ങളും വേഗതയുമാണ് വന്ദേഭാരതിനെ കൂടുതൽ ആകർഷണീയമാക്കിയത്. എന്നാൽ ഇത്തരം ട്രെയിനുകൾക്ക് പോലും ഇടയ്‌ക്കൊക്കെ നമ്മുടെ രാജ്യത്ത് ചില പ്രതിസന്ധികൾ നേരിടേണ്ടി വരാറുണ്ട്. അത്തരത്തിലൊരു പ്രതിസന്ധിയാണ് ഉദ്ഘാടന ദിനം തന്നെ ബീഹാറിലെ വന്ദേഭാരത് ട്രെയിനിൽ സംഭവിച്ചത്.
ഒരു സാധാരണ ട്രെയിനിലെന്നപോലെ, ടിക്കറ്റില്ലാത്ത വലിയൊരു സംഘം ആളുകൾ വന്ദേ ഭാരതിലേക്ക് ഇരച്ചുകയറുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്. ട്രെയിനിന്റെ ഓട്ടോമാറ്റിക് വാതിലുകൾ അടയുന്നതിന് മുൻപ് യാത്രക്കാരോട് ഇറങ്ങാൻ മറ്റു യാത്രക്കാരും പുറത്തുനിന്നവരും ആവശ്യപ്പെടുന്നതും വീഡിയോയിൽ വ്യക്തമാണ്.
ട്രെയിനിന്റെ ഉൾവശം കാണാനുള്ള കൗതുകമാണോ അതോ സൗജന്യ യാത്രയ്ക്കുള്ള ശ്രമമാണോ ഇതിന് പിന്നിലെന്ന് വ്യക്തമല്ല. 'ബിഹാർ തുടക്കക്കാർക്കുള്ളതല്ല' എന്ന കുറിപ്പോടെയാണ് പലരും ഈ ദൃശ്യങ്ങൾ പങ്കുവച്ചിരിക്കുന്നത്.
ബീഹാറിൽ ഇത്തരം കാര്യങ്ങൾ സ്വാഭാവികമാണെന്നാണ് മിക്ക ആളുകളുടെയും പരിഹാസം. സമ്പന്നർക്ക് വന്ദേ ഭാരത് ഉണ്ടെങ്കിൽ പാവപ്പെട്ടവർക്ക് അന്തസോടെ യാത്ര ചെയ്യാൻ കഴിയുന്ന ട്രെയിനുകൾ എവിടെയെന്നാണ് മറ്റൊരു വിഭാഗത്തിന്റെ ചോദ്യം. കേരളത്തിലും ബംഗളൂരു റെയിൽവെ സ്റ്റേഷനുകളിലെ പ്ലാറ്റ്‌ഫോമുകളിൽ ടിക്കറ്റില്ലാതെ ആരെയും പ്രവേശിപ്പിക്കാറില്ലെന്നും അവിടത്തെ നിയമങ്ങൾ പോലെ ഇവിടെയും നിയമം കർശനമാക്കണമെന്നും ചിലർ ചൂണ്ടിക്കാട്ടി.
റെയിൽവെയുടെ വീഴ്ചയാണ് ടിക്കറ്റില്ലാത്ത യാത്രക്കാർക്ക് ട്രെയിനിൽ കയറാൻ അവസരമൊരുക്കുന്നതെന്ന് മദ്ധ്യപ്രദേശ് ഹൈക്കോടതി അടുത്തിടെ നിരീക്ഷിച്ചിരുന്നു. ടിക്കറ്റില്ലാത്ത യാത്രക്കാർ ഉണ്ടാക്കുന്ന തിരക്ക് മൂലം ടിക്കറ്റുള്ള യാത്രക്കാരന് പരിക്കേൽക്കുകയോ അപകടം സംഭവിക്കുകയോ ചെയ്താൽ റെയിൽവെ നഷ്ടപരിഹാരം നൽകാൻ ബാദ്ധ്യസ്ഥരാണെന്നും കോടതി പറഞ്ഞിരുന്നു.
ഉദ്യോഗസ്ഥരുടെ ശരിയായ മേൽനോട്ടമില്ലാത്തതും സുരക്ഷാ വീഴ്ചയുമാണ് ടിക്കറ്റില്ലാതെ യാത്രക്കാർ ട്രെയിനിൽ കയറാൻ കാരണം. ഇത് റെയിൽവെയുടെ ഭാഗത്തുനിന്നുള്ള അശ്രദ്ധയായി കണക്കാക്കപ്പെടുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |