
അബുദാബി: യുഎഇയിലേക്കെത്തുന്ന ഭൂരിഭാഗം പ്രവാസികളും മുൻഗണന കൊടുക്കുന്ന കാര്യമാണ് ഡ്രൈവിംഗ് ലൈസൻസ് എടുക്കുക എന്നത്. ഇന്ത്യ ഉൾപ്പെടെയുള്ള മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് കുറച്ച് സങ്കീർണമാണ് യുഎഇയിൽ ലൈസൻസ് നേടാനുള്ള പ്രക്രിയ. എന്നാൽ, രാജ്യത്തെ ലൈസൻസുമായി ബന്ധപ്പെട്ട നിയമങ്ങളിൽ നേരത്തേ രാജ്യം ഇളവുകൾ വരുത്തിയിരുന്നു. ഇതുപ്രകാരം, യുഎഇയിൽ എത്തുന്ന ചില രാജ്യക്കാർക്ക് പുതുതായി ലൈസൻസ് എടുക്കേണ്ടതില്ല. ലളിതമായ മാർഗങ്ങളിലൂടെ യുഎഇ ലൈസൻസ് സ്വന്തമാക്കാനാകും.
യോഗ്യരായ താമസക്കാർക്ക് അവരുടെ സ്വന്തം രാജ്യത്തെ ഡ്രൈവിംഗ് ലൈസൻസ് യുഎഇ ലൈസൻസാക്കി മാറ്റാൻ സാധിക്കുമെന്ന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചിരുന്നു. ഇത് പണവും സമയവും ലാഭിക്കാൻ സഹായിക്കുന്നു. 2025ൽ 58,082 വിദേശ ലൈസൻസുകളാണ് യുഎഇ ലൈസൻസുകളാക്കി മാറ്റിയതെന്നാണ് ആർടിഎ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്. ഔദ്യോഗികമായി അംഗീകരിക്കപ്പെട്ട അമ്പതിലധികം രാജ്യങ്ങളുടെ ലൈസൻസ് ഉള്ളവർക്ക് ഇങ്ങനെ മാറ്റാവുന്നതാണ്.
അഞ്ച് ജിസിസി രാജ്യങ്ങൾ, 38 യൂറോപ്യൻ രാജ്യങ്ങൾ, 13 ഏഷ്യൻ, ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾ, ഒരു ആഫ്രിക്കൻ രാജ്യം എന്നിവയാണ് ഡ്രൈവിംഗ് ലൈസൻസിന് അർഹതയുള്ള രാജ്യങ്ങൾ. നിങ്ങളുടെ ലൈസൻസ് ഇതിൽ ഉൾപ്പെടുന്നുണ്ടെങ്കിൽ ഒരു ഡ്രൈവിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ പോകാതെ തന്നെ നേരിട്ട് ദുബായ് ലൈസൻസിന് അപേക്ഷിക്കാവുന്നതാണ്.
അപേക്ഷിക്കുന്നതിന് മുമ്പ് ആർടിഎയുടെ വെബ്‌സൈറ്റ് വിശദമായി പരിശോധിക്കുക. ഓരോ രാജ്യക്കാരും നൽകേണ്ട രേഖകൾ വ്യത്യസ്‌തമാണ്. അംഗീകൃത രാജ്യങ്ങളുടെ പട്ടികയിൽ നിങ്ങളുടെ രാജ്യം ഇല്ലായെങ്കിൽ ആർടിഎ അംഗീകൃത ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്ന് നിർബന്ധിത പരിശീലനവും പരിശോധനകളും പൂർത്തിയാക്കി ഡ്രൈവിംഗ് ലൈസൻസ് നേടാവുന്നതാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |