മിക്കവാറും വീടുകളിലും അത്താഴത്തിന് കഴിക്കുന്നത് ചപ്പാത്തിയാകും. പ്രത്യേകിച്ച് തടി കുറയ്‌ക്കാൻ നോക്കുന്നവർ ആണെങ്കിൽ. രുചിയും ആരോഗ്യ ഗുണങ്ങളും ഏറിയ ചപ്പാത്തി ഉണ്ടാക്കുക എന്നത് കുറച്ച് സമയം വേണ്ടി വരുന്ന കാര്യമാണ്. മാവ് ശരിയായി കുഴച്ചില്ലെങ്കിൽ ചപ്പാത്തിയുടെ രുചിയിൽ വ്യത്യാസമുണ്ടാകും. ശരിയായി പരത്തിയില്ലെങ്കിൽ കാണാനും ഭംഗിയുണ്ടാവില്ല.
ഈ പ്രശ്‌നങ്ങൾക്കെല്ലാം പരിഹാരമുണ്ട്. മാവ് കുഴയ്‌ക്കാതെ, പരത്താതെ എങ്ങനെ എളുപ്പത്തിൽ ചപ്പാത്തി ഉണ്ടാക്കാം എന്ന് നോക്കാം. വ്യത്യസ്‌തവും എളുപ്പവുമായി ഈ രീതി കൊച്ച് കുട്ടികൾക്ക് പോലും ചെയ്‌ത് നോക്കാവുന്നതാണ്. സാധാരണ ചപ്പാത്തി കഴിക്കുന്ന അതേ രുചിയിൽ തന്നെ ഇത് ലഭിക്കുന്നതാണ്.
ആവശ്യമായ സാധനങ്ങൾ
ആട്ട /ഗോതമ്പ് മാവ് - ഒരു കപ്പ്
ഉപ്പ് - ആവശ്യത്തിന്
വെള്ളം - ഒന്നര കപ്പ്
എണ്ണ - 1 ടീസ്‌പൂൺ
തയ്യാറാക്കുന്ന വിധം
മാവിലേക്ക് വെള്ളവും ഉപ്പും എണ്ണയും ചേർത്ത് കട്ടയില്ലാതെ നന്നായി യോജിപ്പിച്ചെടുക്കുക. കാണുമ്പോൾ ദോശമാവിന്റെ രൂപത്തിലാകും ഇത് ഉണ്ടാവുക. ശേഷം, ദോശക്കല്ല് അല്ലെങ്കിൽ പാൻ ചൂടാക്കി അതിലേക്ക് മാവൊഴിക്കുക. ഫ്ലെയിം കുറച്ച് വയ്‌ക്കണം. ശേഷം തിരിച്ചിട്ട് ചട്ടുകം ഉപയോഗിച്ച് ചുറ്റും അമർത്തിക്കൊടുക്കുക. അപ്പോൾ ചപ്പാത്തി നന്നായി പൊള്ളിവരുന്നത് കാണാം. ഇതിന് നിങ്ങൾ മാവ് കുഴച്ചുണ്ടാക്കുന്ന ചപ്പാത്തിയുടെ അതേ രുചി തന്നെ ലഭിക്കുന്നതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |