കൊല്ലം: നിലമേൽ സ്വദേശി കല്ലടയാറ്റിൽ മുങ്ങിമരിച്ച സംഭവം കൊലപാതകം. നിലമേൽ വലിയവഴി ഊട്ടിമുകളിൽ വീട്ടിൽ മുജീബിനെ (35) ആറ്റിൽ തള്ളിയിട്ട് കൊന്ന കുളത്തൂപ്പുഴ ഇ.എസ്.എം കോളനി സ്വദേശി മനോജിനെ (40)പൊലീസ് അറസ്റ്റ് ചെയ്തു.
പൊലീസ് പറയുന്നത്: ഞായറാഴ്ച രാവിലെ ഒമ്പതോടെ കല്ലടയാറിന്റെ കുളത്തൂപ്പുഴ നെടുവണ്ണൂർ കടവിൽ രണ്ട് സംഘങ്ങളായി സുഹൃത്തുക്കൾക്കൊപ്പം ഇരിക്കുകയായിരുന്നു മുജീബും മനോജും. മദ്യപിക്കാൻ വെള്ളം തീർന്നതോടെ മുജീബ് തൊട്ടടുത്തിരുന്ന സംഘത്തിന്റെ കുപ്പിവെള്ളം അനുവാദമില്ലാതെ എടുത്തു. ഇത് മനോജ് ചോദ്യംചെയ്തതോടെ ഇരുവരും തമ്മിൽ സംഘർഷമായി. ഇതിനിടെ മുജീബിനെ മനോജ് കല്ലടയാറ്റിലേക്ക് തള്ളിയിടുകയായിരുന്നു. സംഘത്തിലുണ്ടായിരുന്നവർ വിവരം അറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സും പൊലീസും നടത്തിയ തെരച്ചിലിൽ നാല് മണിക്കൂറിനുശേഷം മുജീബിന്റെ മൃതദേഹം കണ്ടെത്തി.
കുളത്തൂപ്പുഴ എസ്.എച്ച്.ഒ അനീഷിന്റെ നേതൃത്വത്തിലെ ചോദ്യം ചെയ്യലിലാണ് കൊലപാതകവിവരം പുറത്തുവന്നത്. മനോജിനെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |