ഭുവനേശ്വർ: ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ വസതിയിൽ നടന്ന ഗണപതി പൂജയിൽ പങ്കെടുത്തതിനെ ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒഡീഷയിലെ ഭുവനേശ്വറിൽ നടന്ന ഉദ്ഘാടന ചടങ്ങിനിടെയാണ് മോദി സംഭവത്തിൽ പ്രതികരിച്ചത്. ചന്ദ്രചൂഡിന്റെ വസതിയിൽ നടന്ന ഗണപതി പൂജയിൽ മോദി പങ്കെടുത്തതിനെ കോൺഗ്രസ് വലിയ രീതിയിൽ വിമർശിച്ചിരുന്നു. പിന്നാലെയാണ് മോദി അതിനെ ന്യായീകരിച്ച് രംഗത്തെത്തിയത്.
'ഞാൻ ഗണപതി പൂജയിൽ പങ്കെടുത്തതിൽ കോൺഗ്രസ് അസ്വസ്ഥരാണ്. കോൺഗ്രസ് ഭരിക്കുന്ന കർണാടകയിൽ ഗണപതിവിഗ്രഹത്തെ അഴിക്കുള്ളിലാക്കി. അധികാരത്തോട് ആർത്തിയുള്ളവർക്കാണ് ഗണേശ പൂജ പ്രശ്നമാകുന്നത്. ഗണേശ ഉത്സവം വെറും ഒരു വിശ്വാസത്തിന്റെ ഭാഗമല്ല. സ്വാതന്ത്ര്യസമര കാലത്ത് ലോക്മാന്യ തിലക് ഗണേശ പൂജയിലൂടെയാണ് രാജ്യത്തെ ജനങ്ങളെ ഒന്നിപ്പിച്ചത്. ഇന്നും ഗണേശ പൂജയിൽ എല്ലാ വിഭാഗങ്ങളും പങ്കെടുക്കുന്നു. ബ്രിട്ടീഷുകാരുടെ കാലത്ത് ഗണേശോത്സവത്തിനെതിരെ പ്രശ്നമുണ്ടായിരുന്നു. ഇപ്പോൾ അതേ കാര്യത്തിന് സാക്ഷികളാകുകയാണ്. ഇന്നും സമൂഹത്തെ വിഭജിക്കേണ്ടവർക്ക് ഗണേശോത്സവത്തോട് പ്രശ്നമുണ്ട്. ഊ വിദ്വേഷം രാജ്യത്തിന് ഭീഷണിയാണ്',- മോദി വിശദീകരിച്ചു.
സെപ്തംബർ 11നാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും ഭാര്യ കൽപന ദാസും സ്വന്തം വസതിയിലെ ഗണപതി പൂജയ്ക്ക് മോദിയെ സ്വീകരിച്ചത്. ഇത് സംബന്ധിച്ച് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വെെറലായതിന് പിന്നാലെ വലിയ രീതിയിൽ വിമർശനങ്ങൾ നേരിട്ടിരുന്നു. ഭരണഘടനയുടെ സംരക്ഷകൻ രാഷ്ട്രീയക്കാരെ കാണുന്നത് ജനങ്ങളുടെ മനസ്സിൽ സംശയം ജനിപ്പിക്കുമെന്ന് രാജ്യസഭാ എംപിയും ശിവസേന നേതാവുമായ സഞ്ജയ് റാവൂട്ട് വിമർശിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |