ന്യൂഡൽഹി: അരവിന്ദ് കേജ്‌രിവാൾ ഡൽഹി മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. രാജ്ഭവനിലെത്തി ലഫ്റ്റനന്റ് ഗവർണർക്ക് രാജിക്കത്ത് നൽകുകയായിരുന്നു. മാദ്ധ്യമങ്ങളോട് പ്രതികരിക്കാതെയാണ് അദ്ദേഹം മടങ്ങിപ്പോയത്. രണ്ട് ദിവസത്തിനുള്ളിൽ ഡൽഹി മുഖ്യമന്ത്രി പദവിയിൽ നിന്ന് രാജിവയ്ക്കുമെന്ന് ഞായറാഴ്ച കേജ്‌രിവാൾ പ്രഖ്യാപിച്ചിരുന്നു. മദ്യനയ അഴിമതി കേസിൽ ജയിലിൽ കഴിഞ്ഞിരുന്നപ്പോൾ പോലും രാജിവയ്‌ക്കാത്ത അദ്ദേഹം എന്തുകൊണ്ട് ജാമ്യം ലഭിച്ചതിന് ശേഷം ഇങ്ങനെയൊരു പ്രഖ്യാപനം നടത്തി എന്ന ചോദ്യമാണ് രാജ്യമാകെ ഉയരുന്നത്.
താൻ സത്യസന്ധനാണെന്ന് ജനങ്ങളെ മാത്രം ബോധിപ്പിച്ചാൽ മതിയെന്ന് പറഞ്ഞ് കേജ്‌രിവാൾ മദ്യനയക്കേസിലെ മറ്റൊരു പ്രതിയും ഡൽഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയുടെ രാജി കൂടി പ്രഖ്യാപിച്ചു. തങ്ങൾ സത്യസന്ധരാണെന്ന് ജനങ്ങൾ വിധിയെഴുതിയ ശേഷം അതത് സ്ഥാനങ്ങളിൽ തിരിച്ചെത്തുമെന്നും കേജ്‌രിവാൾ മുൻപ് വ്യക്തമാക്കിയിരുന്നു.
അരവിന്ദ് കേജ്‌രിവാളിന്റെ പിൻഗാമിയായി അതിഷി മർലേന ചുമതലയേൽക്കും. ഇന്ന് നടന്ന നിയമസഭാ കക്ഷി യോഗത്തിന് ശേഷമാണ് അന്തിമ പ്രഖ്യാപനം ഉണ്ടായത്. സുഷമ സ്വരാജിനും ഷീല ദീക്ഷിതിനും ശേഷം ഡൽഹി മുഖ്യമന്ത്രിയാകുന്ന വനിതയാണ് അതിഷി. അരവിന്ദ് കേജ്‌രിവാളിന് പുറമെ മുതിർന്ന നേതാവ് മനീഷ് സിസോദിയ അടക്കമുള്ള നേതാക്കൾ അതിഷിയെയാണ് പിന്തുണച്ചത്.
2013ല്‍ ആംആദ്മി പാര്‍ട്ടിയില്‍ അംഗമായ അതിഷി പാര്‍ട്ടിയുടെ നയരൂപീകരണത്തിലും പങ്കാളിയായി. 2015ല്‍ ആംആദ്മി പാര്‍ട്ടി ഡല്‍ഹിയില്‍ അധികാരത്തില്‍ ഏറിയപ്പോള്‍ വിദ്യാഭ്യാസ വകുപ്പ് കയ്യാളിയ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ഉപദേശക ആയി എത്തിയതോടെ അതിഷി കൂടുതല്‍ ശ്രദ്ധേയായി.
ആംആദ്മി സര്‍ക്കാരിന് കീഴില്‍ ഡല്‍ഹി വിദ്യാഭ്യാസ മേഖലയില്‍ ഉണ്ടായ സമഗ്ര പുരോഗതിക്കും മികച്ച മുന്നേറ്റത്തിനും വലിയ പങ്ക് വഹിച്ചത് അതിഷിയായിരുന്നു. വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ അടിസ്ഥാനത്തില്‍ സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റികള്‍ക്ക് രൂപം നല്‍കി. സര്‍ക്കാര്‍ സ്‌കൂളുകളിലെ അടിസ്ഥാനസൗകര്യം വികസിപ്പിച്ചു. അദ്ധ്യാപകരുടെ നിലവാരം ഉയര്‍ത്തുന്നതിന് നടപടികള്‍ സ്വീകരിച്ചു. ഓണ്‍ട്രപിണര്‍ഷിപ്പ് കരിക്കുലത്തിനും ഹാപ്പിനസ് കരിക്കുലത്തിനും തുടക്കം കുറിച്ചു.
സംരംഭകത്വ മനോഭാവം വളര്‍ത്തുന്നതിനും സന്തോഷത്തോടെ ജീവിക്കുന്നതിനുള്ള മാനസികാവസ്ഥ വികസിപ്പിക്കുന്നതിനുമുള്ള വിഷയങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തി. തോന്നിയപോലെ ഫീസ് വര്‍ദ്ധിപ്പിക്കുന്നതില്‍ നിന്നും സ്വകാര്യ സ്‌കൂളുകളെ തടയുന്നതിന് നിയമം കര്‍ക്കശമാക്കിയതും ശ്രദ്ധേയമായ നീക്കമായിരുന്നു. 2018ല്‍ മര്‍ലേന എന്ന കുടംബപ്പേര് ഉപേക്ഷിച്ച് തന്റെ പേര് അതിഷി എന്നായി തിരുത്തി എന്ന് അവര്‍ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |