പത്തനംതിട്ട: ചരിത്രപ്രസിദ്ധമായ ആറൻമുള വള്ളംകളി ഇന്ന് പമ്പാനദിയിൽ നടക്കും. രാവിലെ 9.30ന് ആറൻമുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്ന് സത്രക്കടവിലേക്ക് ഘോഷയാത്രയോടെ ചടങ്ങുകൾക്ക് തുടക്കമാകും. ജില്ലാകളക്ടർ എസ്. പ്രേംകൃഷ്ണൻ പതാക ഉയർത്തും.
ഉച്ചയ്ക്ക് ഒന്നിന് എ ബാച്ച് പള്ളിയോടങ്ങളുടെയും തുടർന്ന് ബി ബാച്ച് പള്ളിയോടങ്ങളുടെയും മത്സര വള്ളംകളി നടക്കും. പരപ്പുഴ കടവ് മുതൽ സത്രക്കടവ് വരെയാണ് മത്സരം. രണ്ട് പതിറ്റാണ്ടിന് ശേഷം 52 പള്ളിയോടങ്ങൾ പങ്കെടുക്കുന്ന ജലഘോഷയാത്രയാണ് ഇക്കുറി നടക്കുന്നത്. കേന്ദ്രമന്ത്രിമാരായ ജോർജ് കുര്യൻ, ഗിരിരാജ് സിംഗ്, സംസ്ഥാന മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, വീണാജോർജ്, സജി ചെറിയാൻ, പി.പ്രസാദ്, വി.എൻ വാസവൻ, എം.പിമാരായ ആന്റോ ആന്റണി, കൊടിക്കുന്നിൽ സുരേഷ്, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ തുടങ്ങിയവർ ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുക്കും.
ഒഴിവുകൾ റിപ്പോർട്ട് ചെയ്യുമ്പോൾ മാനദണ്ഡം പാലിക്കണം
തിരുവനന്തപുരം: നിലവിലുള്ള മാനദണ്ഡങ്ങൾ പാലിച്ചാണ് പി.എസ്.സിക്ക് ഒഴിവ് റിപ്പോർട്ടുചെയ്യുന്നതെന്ന് വകുപ്പുമേധാവികൾ ഉറപ്പുവരുത്തണമെന്ന് ഉദ്യോഗസ്ഥ-ഭരണ പരിഷ്കാര വകുപ്പിന്റെ നിർദ്ദേശം. മാനദണ്ഡങ്ങൾ പാലിക്കാതെ റിപ്പോർട്ട് ചെയ്യുന്ന ഒഴിവുകൾ പിന്നീട് റദ്ദാക്കുന്നത് കേസുകൾക്കും തർക്കങ്ങൾക്കും വഴിവച്ച് ഉദ്യോഗാർത്ഥികളെ സർക്കാരിനെതിരെ തിരിയുന്നതിന് കാരണമാകും. ഓഗസ്റ്റ് 22-നാണ് ഇതുസംബന്ധിച്ച് സർക്കുലർ പുറത്തിറക്കിയത്.
കോടതികളിലും ട്രിബ്യൂണലുകളിലും സർക്കാരിന്റെ ഭാഗത്തുനിന്ന് സത്യവാങ്മൂലം ഫയൽചെയ്യുമ്പോൾ യഥാർത്ഥ വസ്തുതകൾ ഉൾക്കൊള്ളിക്കുന്നതിൽ അതീവശ്രദ്ധ പുലർത്തണം.
സർക്കാർ കക്ഷിയാകുന്ന കേസുകളിൽ വസ്തുതകൾ പൂർണമായി ഉൾപ്പെടുത്തുന്നതിൽ വീഴ്ച വരുത്തുന്നതിനാൽ വിധിന്യായങ്ങൾ ചട്ടങ്ങൾക്കും വ്യവസ്ഥകൾക്കും എതിരാകുന്നു. അത് വ്യവസ്ഥകളും ചട്ടങ്ങളും മറികടന്ന് ഹർജിക്കാരുടെ ആവശ്യങ്ങൾ അനുവദിക്കുന്നതിലേക്ക് സർക്കാരിനെ നയിക്കും. വ്യക്തിതാത്പര്യങ്ങൾക്കായി പൊതുചട്ടങ്ങളിലും വ്യവസ്ഥകളിലും ഇളവുകളനുവദിക്കുന്ന സാഹചര്യം സർക്കാർ ഗൗരവമായിട്ടാണ് കാണുന്നതെന്നും സർക്കുലറിലുണ്ട്.
വിജിലൻസ് സംഘത്തെ
ഇന്ന് നിശ്ചയിച്ചേക്കും
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനം, കൈക്കൂലിയടക്കം എ.ഡി.ജി.പി എം.ആർ അജിത്കുമാറിനെതിരെ എറണാകുളം സ്വദേശി നൽകിയ പരാതിയിൽ പ്രാഥമിക അന്വേഷണത്തിനുള്ള വിജിലൻസ് സംഘത്തെ ഇന്ന് നിശ്ചയിച്ചേക്കും.
വിജിലൻസ് മേധാവി യോഗേഷ് ഗുപ്ത അവധി കഴിഞ്ഞ് ഇന്ന് ഓഫീസിലെത്തും. വിജിലൻസിന്റെ പ്രത്യേക യൂണിറ്റിന് അന്വേഷണം കൈമാറാനാണ് സാദ്ധ്യത. എറണാകുളം സ്വദേശി ഇ-മെയിലായി നൽകിയ പരാതി വിജിലൻസ് ഡയറക്ടർ സർക്കാരിന് കൈമാറിയിരുന്നു. പ്രാഥമികാന്വേഷണത്തിന് സർക്കാരിന്റെ അനുമതി ലഭിച്ചതോടെയാണ് തുടർ നടപടികൾ. വിജിലൻസിന് ലഭിക്കുന്ന പരാതികളിൽ പ്രാഥമികാന്വേഷണം നിർബന്ധമാണെന്ന് ലളിതകുമാരി കേസിൽ സുപ്രീംകോടതി ഉത്തരവുള്ളതിനാൽ പ്രാഥമികാന്വേഷണം സർക്കാരിന് തടയാനാവില്ല. അതിൽ കുറ്റം കണ്ടെത്തിയാൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാം. പെരുമാറ്റച്ചട്ട ലംഘനം മാത്രമാണ് കണ്ടെത്തുന്നതെങ്കിൽ അച്ചടക്ക നടപടിക്ക് സർക്കാരിനോട് ശുപാർശ ചെയ്യാം. എ.ഡി.ജി.പിക്കെതിരെ പി.വി.അൻവർ ഉന്നയിച്ച ആരോപണങ്ങളിലെ സാമ്പത്തിക ഇടപാടുകൾ വിജിലൻസ് അന്വേഷിക്കണമെന്ന് ഡി.ജി.പി ഷേഖ് ദർവേഷ് സാഹിബും സർക്കാരിന് ശുപാർശ നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |