മലയാള സിനിമയുടെ അമ്മ കവിയൂർ പൊന്നമ്മ ഇനി ഓർമ മാത്രം. ഔദ്യോഗിക ബഹുമതികളോടെ ആലുവയിലെ വീട്ടുവളപ്പിൽ സംസ്‌കാരം നടന്നു. താരത്തിന്റെ സഹോദരനാണ് ചിതയ്ക്ക് തീകൊളുത്തിയത്.അന്ത്യാഞ്ജലി അർപ്പിക്കാൻ നിരവധിയാളുകളാണ് പൊന്നമ്മയുടെ വീട്ടിൽ എത്തിച്ചേർന്നത്.
ക്യാൻസർ ബാധിതയായി ലിസി ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ കഴിഞ്ഞ ദിവസം വൈകിട്ട് 5.33 നായിരുന്നു അന്ത്യം.അറുപത്തിയഞ്ച് വർഷം നീണ്ട അഭിനയ ജീവിതത്തിനാണ് തിരശ്ശീല വീണത്. അറുന്നൂറിലേറെ സിനിമകളിൽ അഭിനയിച്ചു. ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് രണ്ടുവർഷമായി സിനിമയിൽനിന്ന് പൂർണമായും വിട്ടുനിൽക്കുകയായിരുന്നു. കഴിഞ്ഞ മേയിൽ ക്യാൻസർ സ്ഥിരീകരിക്കുമ്പോൾ സ്റ്റേജ് 4 എന്ന ഗുരുതര നിലയിലായിരുന്നു. ഈ മാസം മൂന്നിനാണ് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആലുവയിലെ വസതിയായ ശ്രീപാദത്തിൽ സഹോദരൻ മനോജിനൊപ്പമായിരുന്നു താമസം.
പത്തനംതിട്ട തിരുവല്ലയ്ക്ക് സമീപം കവിയൂരിൽ ടി.പി. ദാമോദരന്റെയും ഗൗരി ദാമോദരന്റെയും മകളായി 1945 സെപ്തംബർ 10 നാണ് ജനനം. സിനിമാ നിർമ്മാതാവ് പരേതനായ എം.കെ. മണിസ്വാമിയാണ് ഭർത്താവ്. മകൾ ബിന്ദു മിഷിഗൺ സർവകലാശാലയിൽ പ്രൊഫസറായ ഭർത്താവ് വെങ്കട്ടറാമിനൊപ്പം അമേരിക്കയിലാണ്. പരേതയായ നടി കവിയൂർ രേണുക സഹോദരിയാണ്.സഹനടിക്കുള്ള സംസ്ഥാന പുരസ്‌കാരം 1971, 1972, 1973, 1994 വർഷങ്ങളിൽ നേടി. ഭരത് മുരളി പുരസ്‌കാരം, പി.കെ. റോസി, കലാരത്നം പുരസ്‌കാരം, സംസ്കാരിക വകുപ്പിന്റെ പ്രത്യേക അവാർഡ് എന്നിവയും നേടിയിട്ടുണ്ട്. നിരവധി ടെലിവിഷൻ പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്.
മുൻനിരതാരങ്ങളുടെ അമ്മയായും പൃഥ്വിരാജിന്റെ ഉൾപ്പെടെ മുത്തശിയായും വേഷമിട്ടു.നാടകാചാര്യൻ തോപ്പിൽ ഭാസിയാണ് കെ.പി.എ.സിയുടെ 'മൂലധനം' നാടകത്തിൽ പതിനാലാംവയസിൽ പൊന്നമ്മയ്ക്ക് വേഷം നൽകിയത്. ഒ. മാധവന്റെ കാളിദാസ കലാകേന്ദ്രത്തിന്റെ 'ഡോക്ടർ' നാടകത്തിലും അഭിനയിച്ചു. 1962ൽ ആദ്യമായി സിനിമയിലെത്തി. മെരിലാൻഡ് സുബ്രഹ്മണ്യം സ്വാമി നിർമ്മിച്ച ശ്രീരാമപട്ടാഭിഷേകത്തിൽ മണ്ഡോദരിയുടെ ചെറുവേഷമാണ് അവതരിപ്പിച്ചത്. 1964ൽ കുടുംബിനിയിലെ അമ്മ വേഷം ശ്രദ്ധിക്കപ്പെട്ടു. 1965ൽ 22-ാം വയസിൽ തൊമ്മനും മക്കളും സിനിമയിൽ സത്യൻ, മധു എന്നിവരുടെ അമ്മയായി. മോഹൻലാലിന്റെ അമ്മയായി 50 ലേറെ സിനിമകളിൽ തിളങ്ങി. ഇരുവരും ചേർന്നുള്ള അഭിനയമാണ് ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ടത്.
റോസി സിനിമയിൽ നായികയായി. റോസിയുടെ നിർമ്മാതാവ് മണിസ്വാമിയെ 1965ൽ വിവാഹം ചെയ്‌തു. പെരിയാർ സിനിമയിൽ മകനായി അഭിനയിച്ച തിലകന്റെ ഭാര്യയായി ചെങ്കോൽ, കിരീടം എന്നിവയുൾപ്പെടെ നിരവധി സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചു. നെടുമുടി വേണു, മുരളി, ജഗതി ശ്രീകുമാർ, ബാലചന്ദ്രമേനോൻ തുടങ്ങിയവർക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. മേഘതീർത്ഥം എന്ന സിനിമ നിർമ്മിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |