ക്വാലാലംപൂർ: ക്ഷേത്ര പൂജാരിക്കെതിരെ ലൈംഗികാതിക്രമ ആരോപണവുമായി നടിയും ടെലിവിഷൻ അവതാരകയുമായ ഇന്ത്യൻ വംശജ. മലേഷ്യയിലെ ഒരു ക്ഷേത്രത്തിലെ പൂജാരിക്കെതിരെയാണ് നടി ലിഷാല്ലിനി കണാരൻ രംഗത്തെത്തിയത്. അനുഗ്രഹം നൽകാനെന്ന വ്യാജേന ഇന്ത്യക്കാരനായ പൂജാരി തനിക്കെതിരെ അതിക്രമം നടത്തിയെന്ന് ഇൻസ്റ്റഗ്രാമിലൂടെയാണ് നടി വെളിപ്പെടുത്തിയത്.
ജൂൺ 21ന് സെപാംഗിലെ മാരിയമ്മൻ ക്ഷേത്രത്തിൽ വച്ചായിരുന്നു സംഭവം ഉണ്ടായത്. തനിച്ചാണ് നടി ക്ഷേത്രത്തിലേക്ക് പോയത്. ക്ഷേത്രത്തിൽ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് പൂജാരിയാണ് നിർദേശങ്ങൾ നൽകുന്നത്. താൻ പ്രാർത്ഥിച്ചുകൊണ്ടിരുന്ന സമയത്ത് പൂജാരി സമീപത്തെത്തി 'ദിവ്യജലം' തളിക്കുകയും പൂജിച്ച ചരട് നല്‍കുകയും ചെയ്തു. പ്രാർത്ഥനയ്‌ക്ക് ശേഷം ചെന്നുകാണാൻ ആവശ്യപ്പെട്ടു. കാണാനെത്തിയപ്പോൾ ശരീരത്തിലേക്ക് ഇന്ത്യയിൽ നിന്ന് കൊണ്ടുവന്ന ദിവ്യജലം എന്ന വ്യാജേന രൂക്ഷ ഗന്ധമുള്ള ഒരു ദ്രാവകം തളിച്ചു.
അത് വീണതോടെ കണ്ണുകൾ നിറഞ്ഞു. ആ അവസരം മുതലെടുത്ത് പൂജാരി മാറിടത്തിൽ സ്‌പർശിക്കുകയും വസ്‌ത്രങ്ങൾ അഴിച്ചുമാറ്റാൻ നിർബന്ധിക്കുകയും ചെയ്‌തു. അതിന് വിസമ്മതിച്ചതോടെ ദേഷ്യപ്പെടുകയും മേൽവസ്‌ത്രത്തിനുള്ളിലേക്ക് കൈകടത്തി ശരീരത്തിൽ ബലമായി പിടിക്കുകയും ചെയ്‌തു. വഴങ്ങിക്കൊടുത്താൽ അനുഗ്രഹം ലഭിക്കുമെന്ന് അയാൾ പറഞ്ഞതായും നടി പുറത്തുവിട്ട കുറിപ്പിൽ പറയുന്നു. സംഭവം നടന്ന ശേഷം പല രാത്രികളും ഭയം കാരണം ഉറങ്ങാൻ സാധിച്ചില്ല. പലയിടത്തും തനിച്ച് സഞ്ചരിച്ചിട്ടും ഇത്തരത്തിൽ ഒരു മോശം അനുഭവം ഉണ്ടായിട്ടില്ലെന്നും അമ്മയുടെ സഹായത്തോടെയാണ് പൊലീസിൽ പരാതിപ്പെട്ടതെന്നും അവർ കുറിച്ചു.
ക്ഷേത്രത്തിൽ താൽക്കാലികമായി എത്തിയ പൂജാരിക്കെതിരെയാണ് നടിയുടെ ആരോപണമെന്ന് സെപാംഗ് പൊലീസ് മേധാവി നോർഹിസാം ബഹാമൻ പറഞ്ഞു. അതേസമയം, അന്വേഷണ ഉദ്യോഗസ്ഥനെതിരെയും ക്ഷേത്ര അധികൃതർക്കെതിരെയും നടി ആരോപണം ഉന്നയിച്ചു. അതിക്രമം നടന്നുവെന്ന വിവരം പുറത്ത് പറയരുതെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |