കൊച്ചി: മാതൃവാത്സല്യം നിറയുന്ന ചിരിയും വാക്കുകളും നെറ്റി നിറഞ്ഞ വട്ടപ്പൊട്ടും ഓർമ്മകളിൽ ബാക്കിയാക്കി അമ്മത്താരം കവിയൂർ പൊന്നമ്മ യാത്രയായി. ആലുവ കരുമാല്ലൂരിലെ ശ്രീപീഠം വീട്ടുവളപ്പിൽ ഒരുക്കിയ ചിതയിൽ ഉറ്റവരുടെ പ്രാർത്ഥനയും കണ്ണീരും ഏറ്റുവാങ്ങി മൃതശരീരം എരിഞ്ഞടങ്ങി. ഔദ്യോഗിക ബഹുമതിയോടെയായിരുന്നു സംസ്‌കാരം.
വെള്ളിയാഴ്ച വൈകിട്ട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ നിര്യാതയായ പൊന്നമ്മയ്‌ക്ക് കളമശേരി ടൗൺ ഹാളിലും കരുമാല്ലൂരിലെ വീട്ടിലും ആയിരങ്ങൾ അന്ത്യാഞ്ജലി അർപ്പിച്ചു. വീട്ടിലെ അന്ത്യകർമ്മങ്ങൾ ഇളയസഹോദരൻ മനോജും സഹോദരി പരേതയായ ജഗദംബയുടെ മകൻ ദിനേശും ചേർന്ന് നിർവഹിച്ചു. വെൈകിട്ട് നാലിന് ചിതയിൽ തീപകർന്നു. മറ്റു സഹോരങ്ങളായ ഗണേശൻ, സുരേഷ് എന്നിവരും കുടുംബാംഗങ്ങളും പങ്കെടുത്തു. അമേരിക്കയിലുള്ള മകൾ ബിന്ദുവിന് സംസ്‌കാരച്ചടങ്ങിൽ എത്തിച്ചേരാൻ കഴിഞ്ഞില്ല.
കേന്ദ്രസഹമന്ത്രിയും നടനുമായ സുരേഷ് ഗോപി, സംസ്ഥാന വ്യവസായമന്ത്രി പി. രാജീവ്, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ, മുൻമന്ത്രിമാരായ പി.കെ. ശ്രീമതി, എസ്. ശർമ്മ, മുൻ എം.പി പി.കെ. ബിജു, അൻവർ സാദത്ത് എം.എൽ.എ, ചലച്ചിത്ര അക്കാഡമി ജനറൽ കൗൺസിൽ അംഗം എൻ. അരുൺ തുടങ്ങിയവർ വീട്ടിലെത്തി അന്ത്യാഞ്ജലി അർപ്പിച്ചു.
കളമശേരി ടൗൺ ഹാളിൽ താരങ്ങളായ മമ്മൂട്ടി, മോഹൻലാൽ, നിഖില വിമൽ, ടിനി ടോം, ഷാജോൺ, വിനീത്, സിദ്ദിഖ്, വിനുമോഹൻ, അനന്യ, സരയു, സംവിധായകരായ ജോഷി, ബി. ഉണ്ണികൃഷ്‌ണൻ, ബാലചന്ദ്രമേനോൻ, സത്യൻ അന്തിക്കാട്, കമൽ, മന്ത്രി പി.എ. മുഹമ്മദ് റിയാസ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, എം.എൽ.എമാരായ അൻവർ സാദത്ത്, കെ.ജെ. മാക്സി, ചലച്ചിത്ര അക്കാഡമി ചെയർമാൻ പ്രേംകുമാർ, സെക്രട്ടറി എസ്. അജോയ് ചന്ദ്രൻ തുടങ്ങിയവർ അന്ത്യോപചാരം അർപ്പിച്ചു. കവിയൂരിൽ നിന്നുൾപ്പെടെ എത്തിയ കുടുംബാംഗങ്ങൾ അന്ത്യാഞ്ജലി അർപ്പിച്ചശേഷം പൊലീസ് ഗാർഡ് ഒഫ് ഓണർ നൽകി. ഐവർമഠം കൃഷ്ണപ്രസാദ് വാര്യരുടെ നേതൃത്വത്തിലായിരുന്നു സംസ്കാര ചടങ്ങുകൾ.
1962ൽ സിനിമയിലെത്തിയ കവിയൂർ പൊന്നമ്മ പി. സുബ്രഹ്മണ്യം നിർമ്മിച്ച ശ്രീരാമപട്ടാഭിഷേകത്തിലാണ് ആദ്യമായി അഭിനയിച്ചത്. 1965ൽ 22-ാം വയസിൽ തൊമ്മന്റെ മക്കൾ സിനിമയിൽ സത്യൻ, മധു എന്നിവരുടെ അമ്മയായി. മോഹൻലാലിന്റെ അമ്മയായി 50 ലേറെ സിനിമകളിൽ തിളങ്ങി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |