
തിരുവനന്തപുരം: തദ്ദേശതിരഞ്ഞെടുപ്പിൽ യുഡിഎഫിനുണ്ടായ വിജയം ജനങ്ങൾ സമ്മാനിച്ചതാണെന്ന് കെപിസിസി അദ്ധ്യക്ഷൻ സണ്ണി ജോസഫ് എംഎൽഎ. ശബരിമലയിലെ സ്വർണക്കൊള്ള യുഡിഎഫാണ് ജനങ്ങളിലേക്കെത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു. നിലമ്പൂർ മുൻ എംഎൽഎ പിവി അൻവറിന്റെ കോൺഗ്രസ് പ്രവേശം അധികം വൈകാതെ നടത്തുമെന്നും സണ്ണി ജോസഫ് പറഞ്ഞു. ഇന്ന് ഡൽഹിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
'യുഡിഎഫിലേക്ക് മടങ്ങിവരണോയെന്ന് കേരള കോൺഗ്രസ് തീരുമാനിക്കണം. ഏറെക്കാലമായി നീട്ടിക്കൊണ്ടുപോകുന്ന മുൻ എംഎൽഎ പിവി അൻവറിന്റെ യുഡിഎഫ് പ്രവേശം നീളില്ല. അദ്ദേഹം യുഡിഎഫിന് പിന്തുണ അറിയിച്ചിട്ടുണ്ട്. ചർച്ച നടത്തിയിട്ടുണ്ട്. അടിത്തറ വികസിപ്പിക്കണം. തദ്ദേശതിരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങൾ വളരെ നേരത്തെ ആരംഭിച്ചിരുന്നു. 2024ലെ പാർലമെന്റ് തിരഞ്ഞെടുപ്പിലെ വിജയത്തിനുശേഷം അന്നത്തെ കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരന്റെ നേതൃത്വത്തിൽ ബത്തേരിയിൽവച്ച് യോഗങ്ങൾ നടത്തിയിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ മിഷൻ 2025 പ്രഖ്യാപിച്ചു.
തുടർന്ന് വാർഡ് കമ്മിറ്റികളെ ശാക്തീകരിച്ചു. മഹാത്മ കുടുംബ സംഗമങ്ങൾ നടത്തി. എല്ലാ ജില്ലകളിലും സർക്കാരിന്റെ ജനദ്രോഹനിലപാടുകൾക്കെതിരെയുള്ള സംഗമങ്ങൾ നടത്തി. വിലക്കയറ്റം, തൊഴിലില്ലായ്മ, ആശാവർക്കർമാരുടെ പ്രശ്നങ്ങൾ, തീരദേശങ്ങളിലെ പ്രശ്നങ്ങൾ, വന്യജീവി ആക്രമണങ്ങൾ എന്നിവയെക്കുറിച്ച് ചർച്ചകൾ നടത്തി. വാർഡുകൾക്ക് തന്നെ സ്ഥാനാർത്ഥികളെ നിർണയിക്കാനുള്ള അവസരം നൽകി. എല്ലാവരുടെയും കൂട്ടായ്മയിൽ നിന്നാണ് ഈ വിജയം ഉണ്ടായത്. അഖിലേന്ത്യ കോൺഗ്രസ് കമ്മിറ്റി കേരളത്തിനോട് കാണിച്ച പ്രത്യേക താൽപര്യങ്ങൾക്കും പിന്തുണയ്ക്കും നന്ദി അറിയിക്കുന്നുണ്ട്.
ഇന്ന് ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെ നേരിട്ട് കണ്ട് നന്ദി അറിയിക്കും. ഇത് ജനങ്ങൾ നേടി തന്ന വിജയമാണ്. വാർഡുകളെ സർക്കാർ വികൃതമാക്കിയാണ് വെട്ടിമുറിച്ചത്. അനർഹരെ വോട്ടർപട്ടികയിൽ ചേർത്തു. ഇതെല്ലാം യുഡിഎഫ് ചൂണ്ടിക്കാട്ടിയിട്ടും ഒന്നുമുണ്ടായില്ല. ശബരിമലയിലെ സ്വർണക്കൊള്ള ചരിത്രത്തിൽ ഇതുവരെ ഉണ്ടായിട്ടില്ല. കള്ളൻമാർ കപ്പലിൽ തന്നെയെന്ന് ഞാനാണ് ആദ്യം പറഞ്ഞത്. അത് വ്യക്തമായിട്ടുണ്ട്. പക്ഷെ കപ്പിത്താൻമാരെ ഇതുവരെ കണ്ടെത്തിയിട്ടില്ല. ഹൈക്കോടതി തന്നെ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. ഈ വിഷയത്തിൽ ഞങ്ങൾ നന്നായി ഇടപെട്ടിട്ടുണ്ട്'-സണ്ണി ജോസഫ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |