തിരുവനന്തപുരം:രാഷ്‌ട്രീയ കോളിളക്കമുണ്ടാക്കി പി.വി. അൻവർ എം.എൽ.എ ഉന്നയിച്ച ഗുരുതര ആരോപണങ്ങളുടെ മുനയൊടിച്ച്, എ.ഡി.ജി.പി എം.ആർ.അജിത്കുമാറിന് മുഖ്യമന്ത്രിയുടെ ക്ലീൻചിറ്റ്. ഇതോടെ അജിത്കുമാറിനെതിരായ പൊലീസ്, വിജിലൻസ് അന്വേഷണങ്ങൾ പ്രഹസനമായേക്കും.
ആരോപണങ്ങൾ അന്വേഷിക്കുന്ന പൊലീസ്‌മേധാവി ഷേഖ് ദർവേഷ് സാഹിബിനും വിജിലൻസ് മേധാവി യോഗേഷ്‌ഗുപ്തയ്‌ക്കും ഇനി മുഖ്യമന്ത്രിയുടെ നിലപാടിനപ്പുറത്തേക്ക് കടക്കാനാവില്ല. അജിത്കുമാറിനെ ക്രമസമാധാനപാലന ചുമതലയിൽ നിന്ന് മാറ്റാതിരുന്നതോടെ അന്വേഷണങ്ങൾ ഏത് ദിശയിലാവണം എന്ന വ്യക്തമായ സന്ദേശവുമായി.
കരിപ്പൂരിലെ കള്ളക്കടത്ത് സ്വർണം തട്ടിയെടുക്കൽ, ആർ.എസ്.എസ് ബന്ധം, ഓൺലൈൻ ചാനലുടമയിൽ നിന്ന് ഒന്നരക്കോടി കൈക്കൂലി തുടങ്ങി പി.വി.അൻവർ ഉന്നയിച്ച ആരോപണങ്ങളാണ് മുഖ്യമന്ത്രി ഏതാണ്ട് തള്ളിയത്. അജിത്തിന്റെയും അൻവറിന്റെയും മൊഴിയെടുത്തശേഷം വിശദാന്വേഷണത്തിലേക്ക് ഡി.ജി.പിയുടെ സംഘം കടക്കാനിരിക്കയാണ്. കൈക്കൂലി, സ്വർണംപൊട്ടിക്കൽ എന്നിവയിൽ വിജിലൻസന്വേഷണം തിങ്കളാഴ്ച തുടങ്ങേണ്ടതാണ്. അജിത്തിനെതിരേ തെളിവുകൾ കണ്ടെത്തിയാലും സർക്കാർ അനുമതിയില്ലാതെ വിജിലൻസിന് കേസെടുക്കാനാവില്ലെന്ന് മുൻകൂട്ടി അറിയിക്കുന്നതായി മുഖ്യമന്ത്രിയുടെ നിലപാട് .
കരിപ്പൂരിൽ കള്ളക്കടത്ത് സ്വർണം അടിച്ചുമാറ്റുന്നെന്ന ആരോപണം സ്വർണക്കടത്തുകാർ ഉയർത്തുന്നതാണെന്നും പൊലീസിന്റെ മനോവീര്യം തകർക്കാനാണെന്നും പറഞ്ഞാണ് മുഖ്യമന്ത്രി തള്ളിയത്. കള്ളക്കടത്തുകാർക്ക് വേണ്ടിയാണ് ആരോപണമെന്ന വ്യംഗ്യവും നൽകി.
ആർ.എസ്.എസ് നേതാക്കളുമായുള്ള അജിത്തിന്റെ കൂടിക്കാഴ്ച ഔദ്യോഗിക കൃത്യനിർവഹണത്തെ ബാധിക്കുന്നതാണെങ്കിൽ ചട്ടപ്രകാരം നടപടിയുണ്ടാവുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഒരു രാഷ്ട്രീയ ചർച്ചയ്ക്കും പൊലീസുദ്യോഗസ്ഥരെ നിയോഗിച്ചിട്ടില്ലെന്നും പറഞ്ഞു. എന്നാൽ താൻ നടത്തിയത് സ്വകാര്യ, സൗഹൃദസന്ദർശനം മാത്രമാണെന്നും പദവി ദുരുപയോഗിച്ചല്ല സന്ദർശനമെന്നും ഔദ്യോഗിക കൃത്യങ്ങളെ ബാധിച്ചില്ലെന്നും വ്യാഖ്യാനിച്ച് നടപടിയൊഴിവാക്കാൻ അജിത്തിന് ഇതോടെ വഴിയൊരുങ്ങി. അതേസമയം, ആരോപണങ്ങളുടെ പേരിൽ ആരെയും മാറ്റില്ലെന്നും അന്വേഷണറിപ്പോർട്ടിന്റെ പേരിൽ യുക്തമായ നടപടിയുണ്ടാവുമെന്നും മുഖ്യമന്ത്രി ആവർത്തിക്കുന്നുണ്ട്.
അന്വേഷണത്തിന്റെ വഴിമാറും
1)ആരോപണങ്ങൾക്ക് പിന്നിൽ സ്വർണക്കടത്ത്-കുഴൽപ്പണ- മയക്കുമരുന്ന് മാഫിയകളും നിരോധിത സംഘടനകളുമാണെന്ന അജിത്തിന്റെ വാദത്തിന് ന്യായീകരണമായി.
2)പി.വി.അൻവറിന് പിന്നിൽ ബാഹ്യശക്തികളുണ്ടെന്ന എ.ഡി.ജി.പിയുടെ നിലപാട് ശരിവച്ചാണ് സ്വർണക്കടത്ത് പിടിക്കുന്നതിൽ ആർക്കാണ് വിഷമമെന്ന് ചോദിച്ചത്.
3)ഉന്നതരുടെ ഫോൺ ചോർത്തിയെന്ന് പരസ്യമായി പറഞ്ഞ അൻവറിനെതിരേ കേസെടുക്കാനുമിടയുണ്ട്. ഗവർണറും നടപടി ആവശ്യപ്പെട്ടിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |